തേലക്കാട്ടുകരയിൽ മക്കളുടെ എണ്ണത്തിൽ പുല്ലാറ്റുകാരും കൊല്ലപ്പറമ്പുകാരും കഴിഞ്ഞാ മൂന്നാം സ്ഥാനം പുലിയെറമ്പുകാർക്കായിരുന്നു. മാത്തുച്ചേട്ടനും അന്നമ്മച്ചേടത്തീം പിന്നെ ഏഴുമക്കളും ചേർന്നാൽ പുലിയെറമ്പിൽ കുടുംബമായി. മാത്തുച്ചേട്ടന്റെ വെല്യവെല്യച്ചായൻ തൊമ്മിക്കുഞ്ഞായിരുന്നു ആളൊന്നുക്ക് മുറികളുള്ള ആ വലിയവീട് പണികഴിപ്പിച്ചത്. തലമുറ നാലായിട്ടും താൻ പണിയിച്ച ആ വീട്ടിലെ വരാന്തഭിത്തിയിൽ തൂക്കിയിരുന്ന ഒരു പഴകിയ ഫോട്ടോയിൽ ആളെ തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ തൊമ്മിക്കുഞ്ഞ് ഒരു നിശ്ചലസാന്നിദ്ധ്യമായി അടയാളപ്പെട്ടിരുന്നു. വീതം വെക്കലിൽ കിട്ടിയ നാലഞ്ചേക്കറു വരുന്ന സ്ഥലത്ത് റബ്ബറും കാപ്പീം കൊക്കോയും കുരുമൊളകും ചേമ്പും ചേനേം ഇഞ്ചീം മഞ്ഞളും എന്നു വേണ്ട ഒരു മാതിരിപ്പെട്ടതെല്ലാം കൃഷി ചെയ്ത് കാലം കഴിക്കുന്ന ആളാണ് മാത്തുച്ചേട്ടൻ. മുറുക്കിൽ പലതരം പുകയിലകളെ പരീക്ഷിച്ച് അതിൽ ആനന്ദലഹരി കണ്ടെത്തുന്ന മാത്തുച്ചേട്ടൻ ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും മാത്രമേ മുറുക്കാതിരിക്കത്തൊള്ളെന്നും വായിലെപ്പോഴും മുറുക്കാനുണ്ടായിരുന്നതുകൊണ്ട് ലോകത്തൊരാളുടെയും കുറ്റവും കുറവും പറഞ്ഞിട്ടില്ലെന്നും അന്നമ്മച്ചേടത്തി ചോദിക്കാതെ തന്നെ വരുന്നവരോടെല്ലാം പറയും. ഇമ്മിണി ദൂരക്കൂടുതലല്ലേന്ന് സ്വന്തക്കാര് പലരും അഭിപ്രായം പറഞ്ഞെങ്കിലും മോളിയേം സിസിലിയേം അങ്ങ് മലബാറിലോട്ടുതന്നെ കെട്ടിച്ചുവിട്ടു. ഇരട്ടകളായ സിബീം സാബൂം പട്ടാളത്തിലാ. രണ്ടു പേരേം കണ്ടാ നല്ല സിനിമാനടന്മാരെപ്പോലെയിരിക്കും. ഒച്ചയാണെങ്കിലോ നസീറു തോറ്റു പോകും. ഒച്ചകൊണ്ടാണോ ഭംഗികൊണ്ടാണോന്നറിയില്ല പത്തു കഴിഞ്ഞപ്പഴേ രണ്ടു പേർക്കും പട്ടാളത്തി കിട്ടി. അന്നമ്മ ച്ചേടത്തിയുടെ കോന്നിയിലുള്ള അനിയത്തിയുടെ മകള് ജയഭാരതിയെപ്പോലിരിക്കുന്ന ലിസമ്മയുമായി രാരിച്ചനിച്ചരെ പേരുദോഷം കേൾപ്പിച്ചാരുന്നു. വീട്ടുകാരുടേം സ്വന്തക്കാരുടേമൊക്കെ ഉപദേശം സഹിക്കാൻ പറ്റാതെ ഒടുവിൽ ലിസമ്മ മഠത്തിൽ ചേരാൻ തീരുമാനിച്ചു. രാരിച്ചൻ കൊറച്ചു കാലം അടങ്ങിയൊതുങ്ങി കഴിഞ്ഞപ്പോ എല്ലാവരുമൊന്ന് ആശ്വസിച്ചതായിരുന്നു.
‘ഒരുമിച്ചു ജീവിക്കാൻ തയ്യാറാണെങ്കി ളോഹയൂരാമെന്നു’ പറഞ്ഞുവന്ന അച്ചന്മാരുടെ എണ്ണം അനുദിനം കൂടിക്കൂടിവന്നപ്പോ ഒരു സുപ്രഭാതത്തിൽ മഠത്തിന്റെ മതിലുചാടിയ ലിസമ്മ രാരിച്ചനെന്ന പൗരനൊപ്പം നാടുവിട്ടു. മാത്തുച്ചേട്ടന്റെ ഒറ്റവാക്കിൽ കളിക്കൂട്ടുകാരനായ മാമച്ചൻസാറായിരുന്നു രാരിച്ചനെ ഡൽഹിക്കു കടക്കാനുള്ള ചരടുകൾ വലിച്ചത്. മാത്തുച്ചേട്ടൻ പ്രത്യേകിച്ചൊരെതിർപ്പും പ്രകടിപ്പിക്കാതിരുന്നിട്ടും ബാക്കിയുള്ളവരൊക്കെ കുറച്ചു കാലം പൊട്ടലും ചീറ്റലുമൊക്കെയായി നടന്നു. ഡൽഹിയിൽ നല്ല ജോലീം ഒടുക്കം ഒരു കൊച്ചുമൊക്കെയായപ്പോഴേക്കും പിണക്കമൊക്കെ മറന്ന് അവരെ വീട്ടീക്കേറ്റി. അതല്ലെങ്കിലും അങ്ങനെയല്ലേ വരത്തൊള്ളെന്ന് നാട്ടുകാര് പതം പറഞ്ഞെങ്കിലും പിന്നീട് നാട്ടിൽ വരുന്ന സമയങ്ങളിലൊക്കെ ലിസമ്മ അവർക്കൊള്ള ഒരു കെട്ടുകാഴ്ചയായി മാറുകയും ചെയ്തു. പള്ളിക്കവലേവെച്ച് രാരിച്ചന്റെ കൊച്ചിനോട് മാമച്ചൻസാറ് പച്ചവെള്ളംപോലെ ഹിന്ദി പറയുമ്പോ കടത്തിണ്ണേലിരിക്കുന്നവരെല്ലാം അതു കേട്ട് രസിച്ചിരിക്കും. അതല്ലാതെ, തേലക്കാട്ടെ പോസ്റ്റാഫീസിലേക്ക് വല്ലപ്പോഴും കൽക്കട്ടയിൽനിന്നും വരുന്ന ചില ഫോൺവിളികളിൽ മാത്രമേ മാമച്ചൻസാറിന്റെ ഹിന്ദി അവിടുള്ളവർ കേട്ടിരുന്നുള്ളൂ. ബാബൂന് പട്ടക്കടയാ. എന്നു വെച്ചാ ചാരായഷാപ്പ്. വകയിലേതാണ്ട് മുള്ളിത്തെറിച്ച ബന്ധത്തിലുള്ള ചെങ്ങളത്തെ പന്തലുമാട്ടേൽക്കാരുടെ ഒരു പഴയ കെട്ടിടത്തിലാ ഷാപ്പ്. ആ കെട്ടിടം സ്വന്തമാക്കാൻ ബാബു പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നടക്കാതെ വന്നപ്പോ പത്തൊമ്പതാമത്തെ അടവിനു ദക്ഷിണവെച്ചു. ഷാപ്പിലോട്ടുള്ള കപ്പയൊലത്തും മുട്ട പുഴുങ്ങിയതും അച്ചാറും ചേടത്തിയുടെ സ്വന്തംവരുമാനമാർഗ്ഗമായി. പങ്കു കിട്ടാൻ ഏറ്റവും ഇളയവളായ സൂസീം ചേടത്തിയെ സഹായിക്കും. അർത്തുങ്കൽ പള്ളീപ്പോകാൻ ചേടത്തി മുട്ട പുഴുങ്ങിയുണ്ടാക്കിയ പൈസയെല്ലാം ബാബു തന്ത്രപൂർവ്വം കൈക്കലാക്കിയിരുന്നതുകൊണ്ട് ചേടത്തിയുടെ കാലിയായ ഖജനാവ് വീണ്ടും നിറയ്ക്കാൻ എവിടെയൊക്കെയോ ചില മനുഷ്യർ കപ്പ നടുകയും കുറേ കോഴികൾ മുട്ടയിടുകയും ചെയ്തുകൊണ്ടിരുന്നു. അമ്മയെപ്പോലെ പഠിപ്പിലുള്ള സാമർത്ഥ്യം കാരണം പത്താം ക്ലാസ്സ് രണ്ടാമത്തെ കുത്തിന് പാസ്സായപ്പോ ഇനി ഞാനെങ്ങും പഠിക്കുന്നില്ലെന്നും പറഞ്ഞു നിന്ന സൂസിയെ പൊൻകുന്നത്തെ കെ.വി.എം.എസ്. ആശുപത്രീല് നേഴ്സിങ്ങിനു കൊണ്ടുവിട്ടത് രാരിച്ചനാരുന്നു. ഒന്നു പറഞ്ഞു രണ്ടാമത്തേതിനു കൈ വെക്കുന്ന സ്വഭാവമായതുകൊണ്ട് അവനോടൊരെതിർപ്പും പറയാതെ സൂസി മനസില്ലാമനസ്സോടെ ഒരുകൊട്ട മുഖവുമായി എടുത്തു തുള്ളി എട്ടരേടെ നോബിളേ കേറും. സൂസീടെ പ്രാർത്ഥന കൊണ്ടാണോന്നറിയില്ല, നല്ലൊന്നാന്തരം അഞ്ചാം പനി വന്ന് നേഴ്സിങ് പഠിത്തം മൂന്നു മാസത്തിലവസാനിപ്പിച്ചു സൂസി പഠിപ്പിൽനിന്നും സ്വാതന്ത്ര്യം നേടി. ചങ്കിനു കേടാണെന്ന് പറഞ്ഞ് മാത്തുച്ചേട്ടൻ പട്ടയടിക്കത്തില്ല. പറമ്പീന്നെറങ്ങിയാ കുളീം കഴിഞ്ഞ് നേരേ വെങ്ങാനാത്തു കവലേലെ അനിയാപ്പന്റെ കള്ളുഷാപ്പിലോട്ട് പോകും. ഏകദേശം ആ സമയമാകുമ്പോഴേക്കും പെരുമ്പാറേലെ അന്ത്രയോസും ചാക്കോയും ശൗരീം കുട്ടപ്പനും മാത്തനുമൊക്കെ പണി കഴിഞ്ഞ് നേരേ ഷാപ്പിലെത്തിക്കാണും. വീട്ടിൽ പോയിട്ടു വരുമ്പോഴേക്കും നല്ല കള്ളു തീർന്നുപോകുമെന്ന കാരണത്താലാണ് വരുന്ന വഴിക്കുതന്നെ ഷാപ്പിലോട്ട് കയറുന്നത്. മിക്കവാറും ഈ സമയത്തുതന്നെ തേലക്കാട്ടു സ്കൂളിലെ മാമച്ചൻസാറും എത്തും. സാറിന്റെ ജുബ്ബയുടെ പോക്കറ്റിലൊളിച്ചു കിടക്കുന്ന കാലിന്റെ ഒരു കുപ്പി ആരുമറിയാതെ കള്ളിനൊപ്പമൊഴുകിച്ചേരുന്നത് മാത്തുച്ചേട്ടനല്ലാതെ ഒരു കുഞ്ഞിനുമറിയില്ലായിരുന്നു. ഷാപ്പിലെ ഒരേ ബെഞ്ചിലിരുന്നു കള്ളുകുടിക്കുന്ന മാമച്ചൻസാറും മാത്തുച്ചേട്ടനും തമ്മിലുള്ള കൂട്ട് പണ്ട് ഒന്നാം ക്ലാസ്സിലെ ബെഞ്ചുതൊട്ടേ തുടങ്ങിയതായിരുന്നു. ആ കൂട്ടുകെട്ടിന് സ്കൂളവർക്കു ചാർത്തിക്കൊടുത്ത വട്ടപ്പേരായിരുന്നു മല്ലനുംമാതേവനും. രൂപത്തിലും ഭാവത്തിലും പെരുമാറ്റത്തിലും ആ പേരിനോടവർ നീതി പുലർത്തിപ്പോന്നു. സ്കൂളുവിട്ടാ ഇരുട്ടുപരന്നാലേ രണ്ടാളും ഗ്രൗണ്ടീന്നു പോകുമായിരുന്നുള്ളൂ. ശനീം ഞായറും പള്ളിക്കവലേലെ ചെട്ടിയാരുടെ കടേന്ന് അരസൈക്കിളു വാടകയ്ക്കെടുത്ത് തേലക്കാട്ടുകര മൊത്തം കറങ്ങും. വൈകുന്നേരം ചപ്പാത്തിലെ വെള്ളത്തില് ചാടിത്തിമിർക്കും. കുളി കഴിഞ്ഞ് പാറേടെ മണ്ടയ്ക്ക് കയറിയിരുന്ന് മാത്തുക്കുട്ടി ഏതോ ഒരു ചെടിയുടെ വേരും ഇലകളും ചേർത്ത് മുറുക്കിത്തുപ്പും. ആ സമയം മാമച്ചനാകട്ടെ പാറയുടെ നിരപ്പിൽ ഇലകളും കല്ലുകൊണ്ടും ചപ്പാത്തും പരിസരവും നോക്കി നല്ല സീനറിയൊരെണ്ണം വരയ്ക്കും. ആറീ പഠിക്കുമ്പം സ്കൂളിന്റെ ഓപ്പൺ സ്റ്റേജിന്റെ ധനശേഖരണാർത്ഥം വെച്ച നാടകത്തിന്റെ പോസ്റ്റർ അണുവിടവ്യത്യാസമില്ലാതെ വരച്ചതുമുതലാണ് മാമച്ചൻ തേലക്കാട്ടു സ്കൂളിലെ പടം വരക്കാരനായി അറിയപ്പെട്ടുതുടങ്ങിയത്. അക്കൊല്ലത്തെ സംസ്ഥാനതലമത്സരങ്ങളിൽ തേലക്കാട്ടു സ്കൂളീന്നു പങ്കെടുത്ത മാമച്ചൻ വരയ്ക്കും ഓട്ടത്തിന് മാത്തുക്കുട്ടിയും കപ്പടിച്ചു. സ്കൂളിന് പേരും പ്രശസ്തിയുമുണ്ടാക്കുകയെന്ന ഒറ്റ ലക്ഷ്യത്തിൽ നടന്ന അവരാക്കൊല്ലം ഒരുമിച്ചു തോറ്റു. പഠിക്കാതെ വന്നിട്ടോ എഴുതിക്കൊണ്ടു വരാത്തതിനോ കണക്കു തെറ്റിച്ചതിനോ എന്നുവേണ്ട എന്തെങ്കിലും ഒരു കാരണത്തിന് മിക്കപ്പോഴും എല്ലാ പീരിയഡുകളിലും ചൂരലിനടി വാങ്ങുന്ന രണ്ടേ രണ്ടു പേരെന്ന നിലയിലേക്കവർ കൊല്ലം തോറും വളർന്നു. ദീർഘകാലത്തെ ഗവേഷണത്തിനൊടുവിലെന്നപോലെ ഒരു ദിവസം സ്കൂളിലേക്കുള്ള വഴിയിൽവെച്ച് മാമച്ചൻ ഒരു രഹസ്യമെന്നോണം മാത്തുക്കുട്ടിയോടു പറഞ്ഞു:
