പുസ്തകം

Short Story

പുസ്തകം


ഏത് കാര്യം ചെയ്യും മുമ്പ് രണ്ട് മൂന്ന് വട്ടം ആലോചിക്കുന്നതാണ് അമ്മച്ചിയുടെ ശീലം. ഇക്കാര്യത്തിൽ അങ്ങനെയുണ്ടായില്ല. തുണികൾ അവിടെ കൊടുക്കാം. അവർ അലക്കുകയും ഇസ്തിരിയിട്ട് തരികയും ചെയ്യും. എനിക്ക് അത്ഭുതം തോന്നി.എന്തിന് അവിടെ കൊടുക്കണമെന്ന് ഞാൻ ചോദിച്ചു. അമ്മച്ചി എന്നെ കേൾക്കാൻ തയ്യാറായില്ല. കന്യാസ്ത്രീമഠത്തിൽ തുണികൾ വെടിപ്പാക്കി തേച്ചു തരുവാനുള്ള യന്ത്രം വന്നതിനെക്കുറിച്ച് അമ്മച്ചി പറഞ്ഞത് കേൾക്കാൻ ഞാനും തയ്യാറായില്ല.

ആഴ്ചയിലൊരിക്കൽ മുഷിഞ്ഞ വസ്ത്രങ്ങളുമായി കന്യാസ്ത്രീ മഠത്തിൽ പോകേണ്ട ചുമതല എനിക്കായി. അങ്ങനെയൊരു ദിവസം അവിടെ ചെന്നപ്പോൾ ഏതോ മുറിയിൽ നിന്നും പുറത്തിട്ട ഒന്നു രണ്ട് കസേരകളും നാല് തട്ടുകളുള്ള ഒരു ചില്ലലമാരയും മഠത്തിന്റെ മൂലയിൽ കിടക്കുന്നത് കണ്ടു. വസ്ത്രങ്ങൾ തേച്ചു കിട്ടാൻ കുറച്ച് താമസമുണ്ടെന്ന് കേട്ടപ്പോൾ വെറുതെ ആ അലമാരയുടെ അടുത്തേക്ക് ചെന്നു. അടുത്ത് ചെന്നപ്പോൾ മാത്രമാണ് അതൊരു പുസ്തക അലമാരയാണെന്ന് അറിയുന്നത്. ഓരോ തട്ടിലും വെറുതെ നോക്കി. എല്ലാം പ്രാർത്ഥനാ പുസ്തകങ്ങൾ. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിളുകൾ.

ഒരു പുസ്തകം മാത്രം പത്രക്കടലാസുകൊണ്ട് പൊതിഞ്ഞിരുന്നതുകൊണ്ട് അതെന്താണെന്ന് അറിയുവാനായി അലമാര തുറന്നു. ബോദ്ലേറിന്റെ കവിതകളുടെ പഴയൊരു പെൻഗ്വിൻ എഡീഷനായിരുന്നു അത്. സിസ്റ്റർ അർച്ചന എന്നെഴുതിയ വലിയ അക്ഷരങ്ങളിൽ നിന്നും താഴേക്ക് മഷി പടർന്നിരുന്നു.


Related Articles