''കന്മദംന്ന് പറഞ്ഞാ എന്താന്നറിയോ നിങ്ങക്ക്? കല്ലിന്റെ, അതായത്, പാറയുടെ മദം. എന്നു പറഞ്ഞാ കാമം. ഹിമാലയത്തിലെ കൊടുംതണുപ്പിലും പാറക്ക് കാമം വരും. അടക്കി നിർത്താനാവാതെ സംഗതി പുറത്തേക്കൊഴുകും. പിന്നെ ഉറഞ്ഞ് കട്ടിയായങ്ങനെ കിടക്കും. അത് ചുരണ്ടിയെടുക്ക്വാന്ന് പറഞ്ഞാ ഭയങ്കര സാഹസാ. എല്ലാ കൊല്ലവും ജൂൺ ആദ്യം എന്റെടുത്ത് വരുന്ന സൗരഭിനെ അറിയ്വോ. ഹിമാചൽ പ്രദേശിൽനിന്ന് വരുന്ന വിദ്വാനാ. മുപ്പത് കൊല്ലായി മുറതെറ്റാതെ വരുന്നു, വന്നാ ഒരാഴ്ച താമസിക്കും. പോവുമ്പോ കൈനിറച്ച് ഞാൻ കൊടുക്കും. അതിനും മാത്രം എനിക്ക് ഗുണംണ്ട്ന്ന്കൂട്ടിക്കോ. കൊണ്ടുത്തരുന്ന സാധനം അത്ര ജോറല്ലേ. എത്രോരുടെ ജീവിതാ അതുകൊണ്ട് ഞാൻ രക്ഷിച്ചത്.''
ഹരിയും ഞാനും കുഞ്ഞേട്ടന്റെ മുന്നിലിരുന്ന് ഈ വാക്കുകൾ കേട്ടത് മുപ്പത് കൊല്ലം മുമ്പാണ്. അപ്പോഴേക്കും അദ്ദേഹത്തിന് അറുപത് തികഞ്ഞിരുന്നു. അതിനും ഒരു മുപ്പത് കൊല്ലംമുമ്പുതന്നെ കുഞ്ഞേട്ടൻ 'കന്മദം കുഞ്ഞേട്ട'നായി മാറിക്കഴിഞ്ഞിരുന്നു.
കടുത്ത ലൈംഗിക ബലഹീനതയുള്ള പുരുഷന്മാരായിരുന്നു കുഞ്ഞേട്ടന്റെ പ്രധാന കസ്റ്റമേഴ്‌സ്. അവരിൽ പതിനെട്ടു വയസ്സുകാരൻ മുതൽ എഴുപത്തഞ്ചുകഴിഞ്ഞവർ വരെ ഉണ്ടാവും. പയ്യന്മാരോട് കുഞ്ഞേട്ടൻ പറയും: 'എന്തിനാടാ ഇത്ര ചെറുപ്പത്തിലേ ജീവജലം പാഴാക്ക്ന്ന്.' വയസ്സന്മാരോടുള്ള ഡയലോഗ് ഇങ്ങനെയായിരിക്കും: 'ഇതിനെയാണ് ദൈവാനുഗ്രഹംന്ന് പറയ്ന്ന്. കാരണോന്മാര് ചെയ്ത പുണ്യത്തിന്റെ ഫലം ഇങ്ങനെ അനുഭവിക്കാൻ ഓരോരുത്തർക്ക് ഭാഗ്യംണ്ടാവും. എന്നാലും എഴുപത്തഞ്ച് കഴിഞ്ഞ നിലക്ക് ഇനി മരുന്നിന്റെ പ്രയോഗൊന്നും വേണ്ട. ഈയൊരു പ്രാവശ്യംകൂടി ഞാൻ തരും. പിന്നെ എന്റെ സഹായത്തിനു വരരുത്. ആവുമ്പോലെ സ്വന്തം നിലയ്ക്ക് നോക്കിക്കോ.'
