രണ്ടു ചരിത്രകാരന്മാരും ഒരു യുവതിയും

Short Story

രണ്ടു ചരിത്രകാരന്മാരും ഒരു യുവതിയും


അവർ ചരിത്രത്തിലായിരുന്നു; സമയം സന്ധ്യയും. മേശയുടെ കൃത്യം നടുക്ക് തടിച്ചൊരു മെഴുകുതിരിപോലെനിന്ന് വോഡ്കയുടെ ഒഴിഞ്ഞ കുപ്പി അവരുടെ പല ജന്മങ്ങളിലെ ഓർമ്മകളെ വെളിച്ചത്തിലേക്കു നയിച്ചു. അതോടെ മൂത്തചരിത്രകാരൻ ഇല്ലാത്ത കുടുമ അഴിച്ച് കെട്ടി. കുത്താത്ത കാതിലെ ചോന്നകല്ലുവച്ച കടുക്കനിലൊന്ന് തിരുപ്പിടിച്ചു. അദൃശ്യമായ പൂണൂലിൽ ഇടംകൈയിന്റെ തള്ളവിരൽ പായിച്ച് ഒരു നിമിഷം ഗാഢചിന്തയിലമർന്നു. പിന്നെ, കണ്ഠശുദ്ധി വരുത്തി.

''ഈ മുഖം നിനക്കത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ?''

ഇളയചരിത്രകാരൻ ഓർമ്മകളിൽനിന്നു മുഖമുയർത്തിയത് കൊച്ചിരാജ്യത്തിലെ പെരിഞ്ഞനം ക്ഷേത്രത്തിലെ മേൽശാന്തിക്കാരന്റെ നേർക്കാണ്. ഭാര്യയും അഞ്ചു മക്കളുമുണ്ടായിരുന്ന മേൽശാന്തി ഇരുപത്തിരണ്ടുകാരിയായ ഒരന്തർജ്ജനത്തെ വേളി കഴിച്ചു. അകലെയുള്ള ക്ഷേത്രത്തിൽനിന്ന് ആഴ്ചയിലൊരിക്കൽ നമ്പൂതിരി ഇല്ലത്തെത്തി രണ്ടാംവേളിയോടൊത്ത് രതിസുഖസാരം നുണഞ്ഞുപോന്നു. പക്ഷേ, സുന്ദരിയായ ഭാര്യയ്ക്ക് അയാൾ തീരെയും പോരായിരുന്നു. മേൽശാന്തിക്ക് ക്ഷേത്രത്തിൽനിന്ന് നല്ല വരുമാനമുണ്ടായിരുന്നു. ആ പണമെല്ലാം ആരും കാണാതെ ഒരു ചെറിയ ചെമ്പുകുടത്തിലാക്കി രാത്രിയിൽ അമ്പലമുറ്റത്ത് കുഴിച്ചിടുകയാണു പതിവ്. ഇല്ലത്തേക്കു പുറപ്പെടുന്നതിന്റെ തലേരാത്രി ചെമ്പുകുടം മാന്തിയെടുത്ത് പണമെല്ലാം ഒരു തോർത്തുമുണ്ടിൽ മുറുക്കി കെട്ടിവയ്ക്കും. വെളുപ്പിനു പുറപ്പെട്ട് ഇല്ലത്തെത്തി രണ്ടാംവേളിയുടെ കൈയിൽ പണമേല്പിച്ച് പ്രീതിപ്പെടുത്തും. പൂർവ്വാധികം രതിസുഖത്തിൽ മുഴുകിക്കഴിഞ്ഞ ഒരു രാത്രിയിൽ തന്റെ ചെമ്പുകുടത്തിന്റെ രഹസ്യം നമ്പൂതിരി രണ്ടാംവേളിയുടെ കാതിൽ ചൊരിഞ്ഞു. ഈ രഹസ്യം മറ്റാരുമായും പങ്കുവയ്ക്കരുതെന്ന് പ്രത്യേകം ശട്ടംകെട്ടുകയും ചെയ്തു. തുടർന്നും നമ്പൂതിരി ചെമ്പുകുടത്തിലെ പണമെടുത്ത് ഇല്ലത്തേക്കു പുറപ്പെടുകയും വേളിക്ക് കൈമാറുകയും ചെയ്തുപോന്നു. എന്നാൽ ഒരു രാത്രി ചെമ്പുകുടമെടുക്കാൻ ചെന്ന നമ്പൂതിരിക്ക് അത് കണ്ടെത്താനായില്ല. കള്ളൻ ചെമ്പുകുടം മോഷ്ടിച്ചുകൊണ്ടു പോയതോർത്ത് ശേഷിച്ച രാവ് ഉറക്കമില്ലാതെ കഴിച്ചുകൂട്ടിയെങ്കിലും നമ്പൂതിരി ഇല്ലത്തേക്ക് പുറപ്പെടുകതന്നെ ചെയ്തു. വിവരം രണ്ടാംവേളിയോടു പറഞ്ഞപ്പോൾ അവർ നെഞ്ചത്തടിച്ച് നിലവിളിച്ചു. ഏതായാലും നമ്പൂതിരി കൊച്ചിരാജാവായ ശക്തൻതമ്പുരാനോട് പരാതിപ്പെട്ടു. ചെമ്പുകുടത്തിന്റെ വിവരം ആരോടെങ്കിലും പറഞ്ഞുവോ എന്നാണ് തമ്പുരാൻ ആദ്യംതന്നെ ആരാഞ്ഞത്. രണ്ടാം വേളിയോടല്ലാതെ മറ്റാരോടും വെളിപ്പെടുത്തിയിട്ടില്ലെന്ന് നമ്പൂതിരി മറുപടി പറയുകയും ചെയ്തു. കുറഞ്ഞൊന്ന് ആലോചിച്ചിരുന്ന് കള്ളനെ കണ്ടുപിടിക്കാമെന്ന് തമ്പുരാൻ വാക്കുകൊടുത്തു. തുടർന്ന് വളരെ വിശിഷ്ടമായ ഒരു കുപ്പി അത്തർ തമ്പുരാൻ നമ്പൂതിരിക്ക് കൈമാറി. ഇത് ആർക്കും കൊടുത്തേക്കരുത്! നമ്പൂതിരിക്ക് ഇടയ്‌ക്കൊക്കെ ഉപയോഗിക്കാമല്ലോ എന്നു പറഞ്ഞ് യാത്രയാക്കി. അടുത്തയാഴ്ച ചെന്നു കണ്ടപ്പോൾ കള്ളന്റെ കാര്യമൊന്നും തമ്പുരാൻ മിണ്ടിയില്ലെന്നുതന്നെയല്ല, ഒരു നായർപടയാളിയുടെ വേഷത്തിൽ ആറാട്ടുപുഴ പൂരം കാണാൻ നമ്പൂതിരിയെയും കൂട്ടി പോവുകയുംചെയ്തു. പൂരംകൂടി നടന്നാലെങ്ങനെ കള്ളനെ പിടിക്കും എന്ന് കുണ്ഠിതപ്പെട്ട് നമ്പൂതിരി തമ്പുരാന്റെ കൂടെ ഓരോരോ കാഴ്ചകൾ കണ്ടു നടന്നു. പൊരി-ഈന്തപ്പഴം കച്ചവടക്കാരന്റെ അടുത്തുചെന്നപ്പോൾ തമ്പുരാന്റെ നാസാരന്ധ്രത്തിലേക്ക് നമ്പൂതിരിക്ക് കൊടുത്ത അതേ അത്തറിന്റെ ഗന്ധം പാഞ്ഞുകയറി. ഈന്തപ്പഴം തൂക്കിവാങ്ങുന്ന ഒരു യുവാവിൽനിന്നാണ് ഗന്ധം പ്രസരിക്കുന്നതെന്ന് മനസ്സിലാക്കിയ തമ്പുരാൻ അരയിൽനിന്ന് വാളൂരി ചെറുപ്പക്കാരന്റെ നേർക്ക് ഓങ്ങി. പേടിച്ചുവിറച്ച അയാളെ ചോദ്യം ചെയ്തപ്പോൾ നമ്പൂതിരിയുടെ രണ്ടാംവേളിയുടെ മനയ്ക്കലെ ആനക്കാരൻ നായരാണെന്ന് മനസ്സിലായി. ആനക്കാരൻ തമ്പുരാന്റെ മുന്നിൽ കുറ്റസമ്മതം നടത്തുകയും കാൽക്കൽ വീണ് ക്ഷമ യാചിക്കുകയും ചെയ്തു. ഉടനെ തമ്പുരാൻ നമ്പൂതിരിയോട് സ്മാർത്തവിചാരത്തിന് ഏർപ്പാടാക്കാൻ പറഞ്ഞു.


Related Articles