''സൗകര്യമുള്ള മറ്റെവിടേക്കെങ്കിലും മാറ്റുന്നതാ നല്ലത്.''
ഒരു നീളൻ കുഴലിൽക്കൂടി പുറത്തേക്ക് വരുന്നതുപോലെയുള്ള ശബ്ദത്തിന്റെ മുഴക്കത്താൽ കാതുകൾ കടഞ്ഞ് ഞാൻ ഞെട്ടിയുണർന്നു. ബസ്സിനുള്ളിലാണെന്ന ബോധം വീണ്ടുകിട്ടാൻ അല്പസമയമെടുത്തു. ഹൊ, എന്തൊരു വിചിത്രമായ സ്വപ്നം! നടുക്കം വിടാതെ ശരീരം തുടരെ വിറകൊള്ളുന്നതായി തോന്നി. സൈഡ് ഷട്ടറിന്റെ വിടവുകളിലൂടെ തൂവാനം അടിച്ചുകയറുന്നുണ്ടായിരുന്നു. മടിയിലിരുന്ന ബാഗിന് മുകളിലൂടെ ഞാൻ വിരലുകളോടിച്ചു. അവിടെത്തന്നെയുണ്ട്. ബസ്സാണ്, ബോധമില്ലാതെ ഇരുന്നുറങ്ങിയാൽ പണികിട്ടും. രണ്ടു സീറ്റുകൾ മുന്നിലാണ് രാഹുൽവർമ്മയുടെ ഇരിപ്പ്. അവൻ ഇടയ്ക്കിടെ വെപ്രാളപ്പെട്ട് തിരിഞ്ഞുനോക്കുന്നത് എനിക്ക് കാണാം.
''പുതിയകാവിലെറങ്ങാനുള്ള രണ്ടുപേരുണ്ടല്ലോ?''
സ്ഥലമെത്തുമ്പോൾ പറയണേ എന്നപേക്ഷിച്ചിരുന്നത് കണ്ടക്ടർ മറന്നില്ല. ഫുട്ബോർഡിൽനിന്നും ചാടിയിറങ്ങിയത് പാഞ്ഞൊഴുകുന്ന വെള്ളത്തിലേക്കാണ്. ബാഗ് നെഞ്ചോടടുക്കിപ്പിടിച്ചുകൊണ്ട് വെയ്റ്റിങ് ഷെഡ്ഡിലേക്ക് ഓടിക്കയറി. ആദ്യം ട്രെയിനിലും പിന്നെ ബസ്സിലുമായി രാവിലെ തുടങ്ങിയ യാത്രയുടെ മടുപ്പ് മഴയേറ്റപ്പോൾ കൈകാലുകളിൽനിന്നും അഴിഞ്ഞുപോയി. പിന്നാലെയിറങ്ങിയ വർമ്മ കയറിനിൽക്കാൻ തുനിഞ്ഞ ഇടത്തിൽ നിറയെ സ്ത്രീകളാണെന്നു കണ്ട്, അതു വേണോ വേണ്ടയോ എന്നു സംശയിച്ച നേരത്തിനുള്ളിൽ അടിമുടി നനഞ്ഞൊലിച്ചു. അഞ്ചുമണി കഴിഞ്ഞതേയുള്ളുവെങ്കിലും നേരമിരുട്ടിയ പ്രതീതി. ഇവിടെവിടെയോ 'ഭാരത് കഫേ' എന്നൊരു ഹോട്ടലുണ്ട്. അവിടെയെത്തിയിട്ട് വിളിക്കാനാണ് ഫോണിൽ സംസാരിക്കുമ്പോൾ സ്വാമിയുടെ മാനേജർ ശാരംഗൻ പറഞ്ഞത്. പക്ഷേ, കുറേനേരമായി അയാൾ പരിധിക്ക് പുറത്താണ്. സമീപത്തുനിന്ന കട്ടിക്കണ്ണടവെച്ചയാളോട് കഫേ തിരക്കിയപ്പോൾ അയാൾ വലതുവശത്ത് പിന്നിലേക്ക് വിരൽചൂണ്ടി.
