ശൂന്യയാനം
ആകാശച്ചെരിവുവരെ പടർന്നുകിടക്കുന്ന പുൽമേടിന്റെ ഒത്ത നടുക്കായിരുന്നു ഞാനും അച്ഛനും. ചില്ലുകൊണ്ടു പണിത പ്രകാശപേടകമെന്നോണം സൂര്യൻ തലയ്ക്കു മുകളിലുണ്ട്. ഇരവിൽ മേയാനെത്തുന്ന നക്ഷത്രക്കൂട്ടങ്ങൾ കിഴക്കൻ മലകൾക്കു പിന്നിൽ മറഞ്ഞിരിക്കുന്നുണ്ടാവാം, വെയിൽത്തിളക്കത്തിൽ ഒട്ടും കാണില്ല. വേട്ട രാത്രിയോളം നീണ്ടുപോകുന്ന അവസരങ്ങളിൽ ഞങ്ങൾ അതുങ്ങളെ കാണാറുണ്ട്. ഒറ്റവെളിച്ചം നീട്ടിയെറിഞ്ഞുകൊണ്ട് ഞങ്ങളുടെ മോട്ടോർബൈക്ക് കിഴക്കിനു വെച്ചുപിടിക്കുമ്പോൾ, നക്ഷത്രക്കുട്ടികളുടെ തിരനോട്ടം അങ്ങിങ്ങായി കാണാം. ഇരുട്ടിനു കട്ടി കൂടുമ്പോൾ വൻ സംഘങ്ങളായി അവയുടെ കൂട്ടം വളരും. എണ്ണാനൊക്കില്ല. പുറ്റു പൊട്ടി പാറ്റകൾ പുറത്തിറങ്ങുന്നതിനോളം വേഗത്തിലായിരിക്കും കാര്യങ്ങൾ. ആവേശഭരിതനായി ഞാൻ കൂവിയാർക്കും.
''വന്നേ, വന്നേ, നക്ഷത്രം... ഇല്ല, ഇല്ല, ആവില്ല, എണ്ണാനൊന്നുമാവില്ല, തൊട്ടുതടഞ്ഞാൽ നിൽക്കില്ല... വീണ്ടും വന്നേ നക്ഷത്രം...''
ഞാൻ നീട്ടിപ്പാടും.
