തൊണ്ണൂറുകളുടെ ആദ്യപാദങ്ങളില്‍ ബാലകൃഷ്ണയിൽ മാസങ്ങളോളം ഒരു സിനിമമാത്രമാണ് കളിച്ചിരുന്നത്. പക്ഷേ, എണ്‍പതുകളുടെ തുടക്കത്തില്‍തന്നെ എറയാരംപടിക്കൽ ബ്ലാക്ക് ആന്‍റ് വൈറ്റ് ടിവി നിലവിലുണ്ടായിരുന്നു. എണ്‍പത്താറിലെ ലോകകപ്പ് നടക്കുമ്പോഴാണ് ടിവി കളറാവുന്നത്. അതിനുംമുമ്പ് ആകാശവാണിയിലെ പ്രാദേശിക കമന്ററികൾ മാത്രമാണ് ദേശക്കാർ കേട്ടുകൊണ്ടിരുന്നത്. നട്ടപ്പാതിരയ്ക്ക് എറയാരംപടിക്കലെ വരാന്തയില്‍ കട്ടൻചായ നുണഞ്ഞിരുന്ന ദേശം, മറഡോണ അസാധാരണമായ വേഗം കൈവരിക്കുന്നതു കണ്ട് കോരിത്തരിച്ചു നിന്നു. ആ സമയം ചോലയിലെ മുളങ്കാടുകള്‍ക്കിടയില്‍, മയിലുകള്‍ മുക്കിയും മൂളിയും മുട്ടകള്‍ക്കുമേല്‍ അടയിരിക്കുന്ന ഇരുട്ടിലൂടെ, ആരോ നടക്കുന്ന ഒച്ച പൊങ്ങിവന്നു. മറഡോണയും ഇംഗ്ലണ്ടിന്‍റെ പീറ്റര്‍ ഷില്‍റ്റനും പന്തിനായുള്ള പോരാട്ടത്തില്‍ അന്തരീക്ഷത്തില്‍ നില്‍ക്കുകയായിരുന്നു. തൊടിയില്‍ ചെമ്പോത്തുകൾ മൂളുന്നു. വായുവിൽ മറഡോണയുടെ കൈ..! പന്ത് വലയില്‍ പോയി വീണ അതേ നിമിഷം, ചോലയിലെ തൊടിയിൽ, മുളയിലകള്‍ വീണ് ആള്‍പ്പൊക്കത്തില്‍ കനത്തുനിന്ന ചപ്പില്‍, ഭാരിച്ച എന്തോ വന്നുവീണ ശബ്ദം ആരും കേട്ടില്ല. മാച്ചിനീരിദേശം ഉയര്‍ന്നുപൊങ്ങിയ മെക്സിക്കന്‍തിരമാലകളില്‍ പെട്ടുപോയിരുന്നു. ദൈവത്തിന്‍റെ കൈ പ്രവര്‍ത്തിക്കുന്ന ഇരുട്ട് കനംതൂങ്ങി നിന്നു.
വൃശ്ചികത്തില്‍ ചോരത്തണ്ടന്‍ പുല്ലുകള്‍ക്കിടയിലെ പൂലു വലിഞ്ഞുതുടങ്ങുംമുമ്പേ... കുട്ടികള്‍, അയവെട്ടുന്ന പശുക്കൾമാത്രം വിഹരിച്ചിരുന്ന എറയാരംപടിക്കലെ ഗ്രൗണ്ടിലിറങ്ങി. ഞൗഞ്ഞിത്തോടുകളുടെ മൂര്‍ച്ചപറ്റി ചിലരുടെയെങ്കിലും കാലുകീറും. അവരോടി പതംവച്ച നിലത്ത് പച്ചപ്പ് പരമ്പു നെയ്തുതുടങ്ങുമ്പോഴായിരുന്നു വാല്യക്കാര്‍ ഗ്രൗണ്ടിലിറങ്ങിയിരുന്നത്. ചവിട്ടുകൊണ്ട കൂർക്കാൻപുല്ലുകൾ തലക്കനമറ്റ് റാൻമൂളി തുടങ്ങുമ്പോഴേക്കും നാട്ടുപ്രമാണിമാരില്‍ ആരുടെയെങ്കിലും അടയ്ക്കാക്കണ്ടങ്ങളില്‍ ആളുകൂടിത്തുടങ്ങിയിരിക്കും. ആകാശത്തിന്റെ ഉച്ചികണ്ട മൂത്ത കവുങ്ങുകളില്‍ ചിലത് നിനച്ചിരിക്കാതെ ഭൂമിയെ തൊട്ടു. ആ വിടവിലൂടെയാണ് വെയില്‍ നിലത്തിറങ്ങിയത്. വെട്ടിയിട്ട കവുങ്ങുകള്‍ മാറി മാറി തോളുവച്ച് ഗ്രൗണ്ടിലെത്തിക്കും. അപ്പോഴേക്കും ബൂട്ടുകെട്ടി ഒരുങ്ങിയവരിൽ ആരെങ്കിലുമൊക്കെ നേരംപോയെന്ന് ബേജാറുകൂട്ടി. ചാലിയത്തുനിന്നുവന്ന മീന്‍മണക്കുന്ന മാലുകളെ മാച്ചിനീരിക്കാർ സ്നേഹത്തോടെ കവുങ്ങിൻകാലുകളോട് ചേര്‍ത്തുകെട്ടി. പന്തുതട്ടി കുലുങ്ങുമ്പോള്‍ അവ കടലിലെ പഴയ തിരകളെ ഓര്‍ത്തു.
അടുത്ത ഞായറാഴ്ച ജോളിബ്രദേഴ്സ് കളിക്കാൻ വരുന്നു എന്ന് തട്ടാൻ രാരുട്ടേട്ടൻ വിവരമെത്തിച്ച അന്നു പകൽ തന്നെയാണ്, ബ്രദേഴ്സ് മാച്ചിനീരിയുടെ ആരാധകവൃന്ദം പീടികച്ചായ്പ്പിലിരുന്ന്, ഗോപിയെ കളിപ്പിക്കണമെന്ന് കട്ടായം പറഞ്ഞത്. കുറിയ പാസുകളിൽ എറയാരംപടിക്കലെ പാടത്ത് കണിശതയോടെ കളിച്ച ദേശക്കാർക്കിടയിലേക്ക്, വരുത്തനായ ഗോപി നീറിൻകൂടുപോലെ വന്നുവീഴുകയായിരുന്നു. ദേശം പക്ഷേ, ചതുരക്കള്ളിയിലെ വ്യവസ്ഥിതികൾക്കൊന്നും പിടി തരാതെ, ഒറ്റയ്ക്ക് പന്തുംകൊണ്ടോടുന്ന വരുത്തന്റെ വേഗത്തിൽ വിമ്മിട്ടപ്പെട്ടു. കാരണവന്മാരുടെ പ്രാചീനമായ പ്രതിരോധങ്ങൾക്കൊന്നും ഗോപിയുടെ മെലിഞ്ഞുനീണ്ട കാലുകളെ ഓടിപ്പിടിക്കാനുള്ള ആവതുണ്ടായിരുന്നില്ല. പാരമ്പര്യസങ്കല്പങ്ങളെ ചവിട്ടി ഉടയ്ക്കുന്ന വരുത്തനെ ദേശം ഭയാശങ്കകളോടെ നോക്കി. കളികഴിഞ്ഞ്, പൊടിയും ഇരുട്ടും കലങ്ങി മങ്ങിയ പാടത്തിരുന്ന്, അവരവനെ പള്ളു പറഞ്ഞു. അവൻ ഒറ്റക്കളിക്കാരനാണെന്നും അങ്ങനുള്ളോനെ കളിപ്പിച്ചാൽ ജോളി ബ്രദേഴ്സിനോടൊക്കില്ലെന്നും ഇല്ലിപ്പറമ്പിലെ ദാസനും സിൽബന്ധികളും പിറുപിറുത്തു. പക്ഷേ, പിറ്റേന്ന് വൈകുന്നേരം റേഷൻ ഷാപ്പിന്റെ മൂലയിൽനിന്ന് പൊങ്ങിവന്ന പന്ത് നെഞ്ചിൽ പറ്റിച്ചെടുത്ത് തലയിലും തുടയിലും പാദത്തിലും മാറിമാറി തട്ടി, നിലം തൊടാതെ, കുളക്കോഴിയെപ്പോലെ താഴ്ന്നുപറന്ന ഗോപി, മാലു കുലുക്കുന്നതുകണ്ട് ദാസൻ വാപൊളിച്ച് നിന്നു. ഒന്നല്ല മൂന്നു വട്ടം.
