ഉഷ്ണം മഴപോലെ പെയ്യുന്ന സമയമായിരുന്നു. ചുട്ടുപഴുത്ത മഞ്ഞനൂലുകൾ ഇറങ്ങിവന്ന്, ചുറ്റിവരിഞ്ഞ്, കിതച്ചഴിഞ്ഞ്, പൊള്ളിച്ച് ഇറങ്ങിപ്പോയിക്കൊണ്ടിരുന്നു. ശരീരം ഒരേസമയം തപിക്കുകയും ഉറയുകയും ചെയ്തു. കേട്ടുകൊണ്ടിരുന്ന പാട്ട് ഗ്ലൂമി സൺഡേ ആയിരുന്നു. മനസ്സിൽ വരണ്ട ഉഷ്ണവായു വീശിയടിച്ചുകൊണ്ടിരുന്നു. കാര്യമായൊന്നും ആലോചിക്കുന്നുണ്ടായിരുന്നില്ല. ഏതാണ്ട് ഒരു നിർവികാരമായ ശാന്തത. പ്രാതലുണ്ടാക്കുന്ന കാര്യം ഇടയ്ക്കോർത്തു. ചെറിയൊരു പനിക്കോളിലായിരുന്നു. പുറത്തുപോയി കഴിച്ചാലോ എന്ന് കരുതി. തളർച്ചയോടെ കട്ടിലിനടുത്തിട്ട മേശയ്ക്കരികിലേക്ക് ഒന്ന് തല പൊക്കി നോക്കി. ആ കാഴ്ചയിലേക്കാണ് അവൻ ഇലകൊഴിയും പോലെ കുഴഞ്ഞുവീണ് മരിച്ചു പോയത്.
അതുകഴിഞ്ഞിപ്പോൾ നാലു ദിവസമായിരിക്കുന്നു. ലോകത്തിന്റെ മറ്റേയറ്റത്തുള്ള, ഒരിക്കലും തിരിച്ചു വരാനാഗ്രഹിക്കാത്ത, അപരിചിതമായ ഒരിടം. മരണത്തിന്റെ നീലിച്ച ക്ഷതങ്ങൾ മനസ്സിലടുക്കിപ്പിടിച്ച്, ജീവശ്വാസമില്ലാതെ പൊള്ളിയ നാല് ദിവസങ്ങൾ. എന്നിട്ടും നാട്ടിലേക്കു തിരിച്ചുപോകാനായി എയർപോർട്ടിൽ കാത്തിരിക്കുമ്പോൾ മറിയത്തിന് ഒട്ടും ആശ്വാസം തോന്നിയില്ല. തിരിച്ചിറങ്ങി കാൽ കുത്താൻ പോകുന്നത് മറ്റൊരു ഭൂമിയിലേക്കായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആഹ്ലാദത്തോടെയും ആവേശത്തോടെയും യാത്ര പറഞ്ഞുപോന്ന സ്വന്തം നാട്, ഇപ്പോൾ ഈ സ്ഥലത്തേക്കാൾ അപരിചിതമാണത്. കനം വിങ്ങി വിങ്ങി നെഞ്ചിനെ ഞെരുക്കുന്ന, ഭയപ്പെടുത്തുന്ന ഒരു മായാലോകം പോലെ. നിറമില്ലാത്തത്, ജീവനില്ലാത്തത്, ഏറ്റവും ക്രൂരമായത്.
