ഫുഡ് ഡെലിവറിക്കിടെ ഒരുപാട് പ്രാവശ്യം റെനി ആ വീടിനു മുൻപിലൂടെ പോയിട്ടുണ്ട്. കുന്നിൻ മുകളിലെ ഒറ്റ വീട്. പൈനാപ്പിൾ വില്ല.
റെനിക്ക് ആറു മാസത്തിൽ ഒരിക്കൽ കണ്ണ് ടെസ്റ്റ് ചെയ്യണം. അവൻ്റെ കണ്ണിനു കുറച്ചു പ്രശ്നങ്ങളുണ്ട്. കണ്ണ് ടെസ്റ്റ് ചെയ്യാൻ നേരം ബൈനോക്കുലർ പോലെയുള്ള സെറ്റപ്പിലൂടെ നോക്കാൻ പറയും. ലെൻസിൻ്റെ അങ്ങേയറ്റത്ത് ഒരു സുന്ദര കാഴ്ച കാണാം. ഒരു പുൽമേടിന്റെ നടുക്ക് കൂടെ നീണ്ടു നിവർന്നു കിടക്കുന്ന റോഡ്. റോഡിൻ്റെ അറ്റത്ത് ചുവന്ന നിറമുള്ള ഒരു പള്ളി.
ഏതാണ്ട് ആ കാഴ്ച പോലെയാണ് റെനിക്ക് ആ വീട്. വെറും പൈനാപ്പിൾ വില്ലയ്ക്ക് പക്ഷേ ചുവപ്പ് നിറമല്ല. ഇരുണ്ട മെറൂൺ നിറമാണ്. ഇവിടെ പുൽമേടിനു പകരം ഒരു കൈതത്തോട്ടമാണ്. കൈതത്തോട്ടത്തിന്റെ നടുവിലൂടെ കുന്നിൻ മുകളിലേക്ക് വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഒരു ചെമ്മൺ പാതയും. തേക്ക് മരങ്ങൾ കാവൽ നിൽക്കുന്ന റോഡ് ചെന്ന് ചേരുന്നത് ഒരു ബംഗ്ലാവിലേയ്ക്കാണ്. ഗേറ്റിൽ കറുത്ത ഇരുമ്പക്ഷരങ്ങൾ കൊണ്ട് പൈനാപ്പിൾ വില്ല എന്നെഴുതിയിട്ടുണ്ട്.
