കോടമ്പാക്കത്തേക്ക് പോകാൻ ചെന്നൈ സെൻട്രലിൽ ഇറങ്ങുന്നതായിരിക്കും നല്ലതെന്ന് രങ്കണ്ണൻ നിർദ്ദേശിച്ചു. പെരമ്പൂരിൽ ഇറങ്ങിയാൽ മംഗലാപുരം മെയിൽ സെൻട്രലിൽ എത്തുന്ന നേരം കൊണ്ട് കോടമ്പാക്കത്തെത്താമെന്ന് മകൻ അഭിപ്രായപ്പെട്ടു. എവിടെയിറങ്ങണം എന്ന് ആശയക്കുഴപ്പമായി.
കാലത്ത് പല ഭാഗത്തുനിന്നുമുള്ള വണ്ടികൾ സെൻട്രലിൽ എത്തുന്നതിനാൽ ലൈൻ ക്ലിയറൻസിനു വേണ്ടി ചിലപ്പോൾ വണ്ടി ഔട്ടറിൽ പിടിച്ചിടും. അങ്ങനെയാവുമ്പോൾ പതിവിലും വൈകാം എന്ന് സ്വാനുഭവത്തിൽ സഹയാത്രികൻ സാക്ഷ്യപ്പെടുത്തിയപ്പോൾ പെരമ്പൂരിൽ ഇറങ്ങുന്നതായിരിക്കും ബുദ്ധി എന്നു തോന്നി.
"കേരളാവില് എപ്പിടി സാർ നല്ല മഴയാ?'', വണ്ടി മുന്നോട്ടെടുക്കുമ്പോൾ ഓട്ടോക്കാരൻ കുശലം ചോദിച്ചു.
മകൻ ആപ്പ് വഴി ബുക് ചെയ്ത ഊബർ ഓട്ടോവായിരുന്നു. നഗരങ്ങളിൽ വലിയ സൗകര്യമാണ് ഊബർ. ചുരുങ്ങിയ ചിലവിൽ എങ്ങോട്ടുമെത്താം. ഓട്ടോ മുന്നോട്ടു നീങ്ങുമ്പോൾ പാതയോരങ്ങളിൽ തലേന്നു പെയ്ത മഴയുടെ അവശേഷിപ്പുകൾ കണ്ടു. ഉഷ്ണശാന്തി പോലെ ചെന്നൈ നഗരത്തിൽ ഇന്നലെ മഴ പെയ്തിരിക്കുന്നു. ഈ മഴ ചൂട് കൂട്ടാനേ ഉപകരിക്കൂ എന്ന് ഓട്ടോക്കാരൻ ഒരു പെരുംകുഴിയിൽ നിന്നും വണ്ടി വളച്ചെടുത്തു. നടു മുറിയുന്ന ഒരു കുലുക്കം. ഒന്നു ഞെട്ടി.
