ഉറക്കം തൂങ്ങിയ കണ്ണുമായി കടക്കാരൻ വാതിൽ തുറന്നു. രാവിലെ അഞ്ചര. അരിമണിയുടെ ചാക്കുകൾ നിരതെറ്റി കിടപ്പുണ്ട്. പുറത്തെ തെരുവുവിളക്കിൽ നിന്നുള്ള മഞ്ഞവെളിച്ചത്തിന്റെ ബാക്കി കടയിലേക്ക് നിഴൽ വീഴ്ത്തുന്നു. അകത്തേക്കെടുത്തുവച്ച സാധനങ്ങളെടുത്ത് ഓരോന്നായി പുറത്ത് നിരത്തി. പെട്ടെന്നാണൊരു ശബ്ദം. എലിയല്ല.
"ഇന്നും മുറം കൊണ്ടുവന്നില്ലേ?" ചാക്കിനുപുറത്ത് വീണു ചിതറിയ കുറച്ച് അരിമണികൾ ചോദിച്ചു.
"കൊണ്ടുവന്നില്ല. നാളെ വാങ്ങണം." കടക്കാരൻ പറഞ്ഞു.
"നിങ്ങൾ കഴിഞ്ഞ ആഴ്ചയും പറഞ്ഞു, നാളെയെന്ന്." അരിമണികൾക്ക് പരിഭവമായിരുന്നു. "എന്നിട്ട് ഇപ്പോൾ ഞാൻ ചാക്കിനുപുറത്ത് ആർക്കുംവേണ്ടാതെ കിടക്കുകയാണ്. എന്നാണാവോ ഒന്ന് പുറത്തിറങ്ങാൻ കഴിയുക?"
