(അശോകന് ചില്ലിക്കാടന് സമാഹരിച്ച ഓഷോ പറഞ്ഞ 100 നർമ്മകഥകളിൽ നിന്നും)
1. ഭ്രാന്തുകാലങ്ങൾ
എന്റെ ഒരു സുഹൃത്തുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞാണ് അദ്ദേഹത്തിന്റെ കത്തുവന്നത്. അദ്ദേഹം ആറുമാസം ഭ്രാന്തനും ആറുമാസം ഒരു കുഴപ്പവുമില്ലാതെ ആരോഗ്യവാനുമായി ജീവിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അദ്ദേഹം പലപ്രാവശ്യം എന്നോട് ചോദിച്ചിട്ടുണ്ട്. നിങ്ങളുടെ സുഖാസുഖകാലങ്ങൾ വളരെ വ്യക്തമായതും വേർതിരിക്കപ്പെട്ടിരിക്കുന്നതുമായതുകൊണ്ടാണ് അതക്കുറിച്ച് അറിയാൻ കഴിയുന്നതെന്ന് ഞാൻ പറഞ്ഞു. എന്നാൽ മറ്റുള്ളവരുടെ കാലം ഇത്രയും വ്യക്തമായി വേർതിരിക്കപ്പെട്ടിട്ടില്ല. അവർ ദിവസത്തിൽ ആറുപ്രാവശ്യം ഭ്രാന്തനായിതീരുകയും ആറു പ്രാവശ്യം സുഖം പ്രാപിക്കുകയും ചെയ്യുന്നു. ആയതിനാൽ അവരുടെ കാര്യം വ്യക്തമായി പിടിക്കപ്പെടുന്നില്ല. നിങ്ങൾ ആറുമാസകാലത്തേക്ക് ഒന്നിച്ച് ഭ്രാന്തനായിതീരുകയും ആറുമാസം ഒരു കുഴപ്പവുമില്ലാതെ തീർത്തും സുഖം പ്രാപിച്ചിരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കൺട്രാസ്റ്റ് വളരെ വ്യക്തമാണെന്നതാണ് അതിനു കാരണം. മറ്റു സാധാരണക്കാരായ മനുഷ്യർ ദിവസത്തിൽ പത്തു പ്രാവശ്യം ഭ്രാന്തനാകുകയും പത്തുപ്രാവശ്യം സ്ഥിരമായിരിക്കുകയും ചെയ്യുന്നു. സ്വയം അവർക്കുപോലും ഇക്കാര്യം അറിയില്ലെന്നു മാത്രമല്ല, അയാൾക്ക് എപ്പോഴാണ് ഭ്രാന്ത് ഉണ്ടാകുന്നതെന്നോ, സുഖം പ്രാപിക്കുന്നതെന്നോ മറ്റുള്ളവർക്കും അറിയാൻ കഴിയുന്നില്ല.
