തോട്ടത്തിലെ രാഘവൻ ചേട്ടന്റെ വീട്ടിൽ പതിവുപോലെ ഒരു ഹർത്താൽ ദിവസത്തിൽ ഞങ്ങളൊന്നു കൂടി. അങ്ങനെ പറയുമ്പോൾ മറ്റിടങ്ങളിലും ഞങ്ങൾ കൂടാറുണ്ടെന്ന് കേൾക്കുന്നവർ കരുതും. ഒരൊഴുക്കിന് പറഞ്ഞുവെന്നേയുള്ളൂ. അവിടെയല്ലാതെ മറ്റൊരിടത്തും ഞങ്ങൾ ഒത്തുചേരാറില്ല. ഞങ്ങളെന്നുപറഞ്ഞാൽ ഒരു സ്‌കൂളിൽ ഒരേ കാലത്ത് ഒരുമിച്ച് പഠിച്ചവരും നിത്യാസക്തരുമായ ബിനീഷ് കുമാർ എന്ന ഞാൻ, പ്രസന്നൻ, രാജനെന്ന രാജു, ജമാലുകുഞ്ഞ് എന്ന ജമാൽ എന്നിവർ.
തോട്ടത്തിലെ രാഘവൻ ചേട്ടൻ പട്ടാളത്തിലായിരുന്നു. ഭാര്യ മരിച്ചു. മകളെ അതിനുമുമ്പേ കല്യാണം കഴിച്ചയച്ചു. മുപ്പത് സെന്റോളം ഭൂമിയുടെ നടുക്ക് പഴയമട്ടിലുള്ള ഓടിട്ട വീട്ടിൽ അദ്ദേഹവും തോക്കും ജീവിക്കുന്നു. ഇടയ്ക്ക് പെൻഷനോ ക്വാട്ടയോ വാങ്ങാൻ ടൗണിൽ പോകും. കുപ്പി വാങ്ങി ഇരട്ടി വിലയ്ക്ക് വിറ്റ് കാശാക്കാൻ മിടുക്കനാണ്. കാന്റീനിൽ പോകുമ്പോൾ നിങ്ങൾക്ക് വേണ്ടത് നേരത്തെ പറയണമെന്ന് യുവസുഹൃത്തുക്കളായ ഞങ്ങളോട് അദ്ദേഹം ചട്ടം കെട്ടും. കാശുതരാതെ ഒന്നും നടക്കില്ല എന്നാണ് ആ പറച്ചിലിന്റെ അർത്ഥം. ആരുടെ കയ്യിലും കാശില്ലാത്ത ചില ദിവസങ്ങളിൽ ഞങ്ങൾ അങ്ങേരുടെ മുറ്റത്തു ചെന്നുനിന്ന് കരഞ്ഞു കാറും. കുറെ നേരം മിണ്ടാതെയിരുന്നിട്ട് എവിടെനിന്നെങ്കിലും ഒരു കുപ്പി പൊക്കിത്താങ്ങി കൊണ്ടുവരും. പങ്ക് കുടിച്ചാലും അത് പിന്നീടുള്ള കണക്കിലേക്ക് നീക്കിവയ്ക്കും.
ഹർത്താൽ നേരത്തെ തീരുമാനിച്ചത് കൊണ്ട് എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തിരുന്നു. കെട്ടിയവളുടെ കരച്ചിലും പിഴിയലും വകവയ്ക്കാതെ നേരത്തെ നോട്ടമിട്ടിരുന്ന ചുവന്ന പൂവനെ ഞാൻ കോഴിക്കൂട്ടിൽ നിന്നേ അറസ്റ്റ് ചെയ്തു. കാലു രണ്ടും കെട്ടി സഞ്ചിയിലാക്കി ബൈക്കിന്റെ സൈഡിൽ ഞാത്തി. പിള്ളേര് എണീക്കുന്നതിന് മുമ്പ് തോട്ടത്തിലെ വീട്ടിൽ അറ്റൻഡൻസ് കൊടുത്തു. സന്ദർഭത്തിന് ചേരാത്ത വിധത്തിൽ സഞ്ചിയിൽ കിടന്ന് ഇടയ്ക്കിടെ ''പിള്ളേരെണീറ്റിട്ട് പോയാപ്പോരേ,? പിള്ളേരേ.. മക്കളേ...'' എന്നൊക്കെ വിളിച്ചു പറയുന്ന പൂവനെ ഞാൻ മൈന്റ് ചെയ്തില്ല. കുറച്ചു കഴിഞ്ഞപ്പോൾ സ്വന്തം എസ് ഡിയിൽ കയറി പ്രസന്നൻ വന്നു. ജമാലും രാജുവും എത്തിയപ്പോൾ കുറച്ചു വൈകി. എല്ലാവരും കൂടി വിചാരണ ചെയ്തു കോഴിയെ വധശിക്ഷയ്ക്ക് വിധിച്ചു. രാഘവൻ ചേട്ടൻ ജമാലു കുഞ്ഞിനെ ഒന്നുനോക്കി പൂവനെ തൂക്കിയെടുത്ത് അടുക്കള മുറ്റത്തേയ്ക്ക് നീങ്ങി. പോകുന്നപോക്കിൽ പ്രസന്നനോട് ഹാളിലിരിക്കുന്ന ടിവിയിൽ എന്തോ റിപ്പയർ പറഞ്ഞു. അവന് കവലയിൽ ടിവി നന്നാക്കുന്ന കടയുണ്ട്. പ്രസന്നൻ പഴയ ഒനീഡയിൽ തപ്പുകൊട്ടാൻ തുടങ്ങിയപ്പോൾ ഞാനും രാജുവും മുഖാമുഖമിരുന്ന് ചെറിയ ഉള്ളിയുടെയും വെള്ളുള്ളിയുടെയും ഉടുപ്പഴിച്ചു. അടുക്കളപ്പുറത്ത് നിന്ന് കത്തി മൂർച്ച കൂട്ടുന്നത് കേട്ടു. നല്ല തരിമണ്ണ് സിമന്റ് തിണ്ണയിലിട്ട് അതിന്റെ മുകളിൽ രാകുന്ന കത്തിയുടെ കൊലവിളി. ജമാലെഴുന്നേറ്റ് ഒരു പാത്രത്തിൽ അല്പം വെള്ളമെടുത്ത് അങ്ങോട്ട് പോയി. ചാകുന്നതിനു മുമ്പ് പൂവന് വെള്ളം കൊടുക്കാനാണ്. കത്തിയുടെ ഒച്ച നിന്നപ്പോൾ ഉള്ളിയെയും വെള്ളുള്ളിയെയും രാജുവിന് വിട്ടുകൊടുത്ത് കൊല നടക്കുന്നതിനു മുമ്പ് ഞാനും അങ്ങോട്ട് ചെന്നു.
