മക്കളെ ആൺകുട്ടിയെന്നും പെൺകുട്ടിയെന്നും വേർതിരിച്ചു വളർത്തുന്നത് റുമീനയ്ക്ക് ഇഷ്ടമല്ല. ആൺകുട്ടിക്ക് ഒരു നീതി പെൺകുട്ടിക്ക് ഒരു നീതി എന്നൊക്കെ കേട്ടാൽതന്നെ അവൾക്ക് കലികയറും. എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണു താൻ എന്നുപോലും മറന്ന് അവൾ പൊട്ടിത്തെറിക്കും:
"മനുഷ്യര് അവര്ടെ അഹങ്കാരം കൊണ്ട്ണ്ടാക്കുന്ന ഓരോ നെയമങ്ങളാ ദൊക്കെ.. നല്ല മനുഷ്യര് ഇങ്ങനൊന്നും ചിന്തിക്കേം കൂടി ഇല്ല.. ഈ ലോകത്തില് ആണുംവേണം പെണ്ണുംവേണം. രണ്ടാൾക്കും ഒരേ നീതിയും വേണം. ആലോചിച്ചു നോക്കീൻ, പെണ്ണില്ലാതെ എങ്ങനാ ആണ് ണ്ടാവുക?
ആണില്ലാതെ എങ്ങനാ പെണ്ണ് ണ്ടാവുക?"
കഴിഞ്ഞദിവസം റുമീനയുടെ പുതിയ തത്വശാസ്ത്രം കേട്ട് അവളുടെ വീട്ടിലുള്ളവർ ഉറക്കെ ചിരിച്ചു. ഏറ്റവും വലിയ ചിരി ചിരിച്ചത് ഉപ്പ മുനീറാണ്.
