ഒരിക്കൽ പെണ്ണാകൂ, തമ്പുരാനേ!

Short Story

ഒരിക്കൽ പെണ്ണാകൂ, തമ്പുരാനേ!


ലക്ഷോപലക്ഷം വർഷങ്ങളായി എന്നെപ്പോലുള്ള കോടിക്കണക്കിന് കൃമികളെ സൃഷ്ടിച്ച് ഞങ്ങളുടെ പുണ്യപാപങ്ങൾക്കായി സ്വർഗ്ഗവും നരകവും നിർമ്മിച്ച് ഞങ്ങൾക്കായി കാത്തിരിക്കുന്ന പ്രഭോ,

സ്വർഗ്ഗത്തിലെ ഉദ്യാനത്തിൽ വീശുന്ന സുഗന്ധപൂരിതമായ കാറ്റുകൊള്ളാൻ നീ ഇപ്പോൾ പുറപ്പെട്ടിരിക്കാം. അല്ലെങ്കിൽ തേജ​സ്സിന്റെ പ്രകാശകിരണങ്ങൾ ചൂടി കൈകൂപ്പിനിൽക്കുന്ന മാലാഖ​മാർക്ക് നീ നിർദ്ദേശങ്ങൾ നൽകുകയാവാം. എന്തായാലും നിന്റെ ആത്മാവിന്റെ കണികയായിരിക്കുന്ന എനിക്കു നിന്നോട് നിവേദി​ക്കുവാനുള്ള അവകാശമില്ലേ? എന്തുകൊണ്ടെന്നാൽ...

ഞാൻ ഏറെ സുന്ദരിയായിരുന്നപ്പോഴത്തെ കാര്യമാണ്. അപ്പോ​ഴെനിക്ക് അധികം ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. എന്റെമുമ്പിൽ എപ്പോഴും നാലു ചുവരുകളുണ്ടായിരുന്നു. നിന്റെ സ്വച്ഛ​ന്ദ​മായ സങ്കല്പത്തിന്റെ, അത്ഭുതസൃഷ്ടിയുടെ, സർവ്വതന്ത്രസ്വതന്ത്ര​മായ കാറ്റ് എന്റെ മുഖത്തെ തലോടിയിരുന്നത് ജനലുകൾ തുറക്കുമ്പോൾമാത്രം. കാറ്റിനെ സുഗന്ധപൂരിതമാക്കിക്കൊണ്ട് വിരിഞ്ഞ മുല്ലപ്പൂക്കളെ ഞാൻ തലോടുന്നത് രാത്രിനേരത്തു മാത്രം. പഞ്ഞി​പോലുള്ള വെളുത്ത മേഘങ്ങൾ ചുവന്ന നാവുകളെ​പ്പോലുള്ള സന്ധ്യാകിരണങ്ങൾ തട്ടുമ്പോൾ രൂപപ്പെടുന്ന ചിത്ര​വേലകൾ ഞാൻ അനുഭവിക്കുന്നത് വീട്ടുമുറ്റത്തുള്ള ഒറ്റപ്പെട്ട കറിവേപ്പിലമരത്തിന്റെ കീഴിൽ നിന്നുകൊണ്ടാണ്. മദയാനകളെപ്പോലെ​യുള്ള കരിമേഘങ്ങളുടെ അട്ടഹാസം കണ്ണുനിറയെ കണ്ടിരുന്നത് വീടിന്റെ നടുത്തളത്തിലെ ജനലിലൂടെയാണ്. മുത്തുകൾ വാരിവിതറുന്ന മഴയുടെ രൗദ്രതയാകട്ടെ ഞാൻ കാണു​ന്നത് എന്റെ മനസ്സിന്റെ മുറ്റത്താണ്. വീട്ടുമുറ്റത്ത് എന്റെ ചുവടുകൾ ഒരിക്കലും പതിയാറില്ല. പൂമുഖത്തിനകത്തെ നിലത്തുകൂടി മാത്രമേ ഞാൻ നടക്കാറുള്ളൂ. എന്റെ തലയിൽനിന്ന് ഒരിക്കലും വസ്ത്രാഞ്ചലം തെന്നിപ്പോകാറില്ല. ലജ്ജ എന്റെ കൺപീലികളിൽ​തന്നെ തുളുമ്പിനില്ക്കും. ചിരി ചുണ്ടിന്റെ അറ്റം കടന്നുപോകാറില്ല. നോട്ടം ഭ്രമരത്തെ​പ്പോലെ ആയിരുന്നില്ല. ഇങ്ങനെയൊക്കെ ആയതുകൊണ്ട് ഉമ്മയുടെ കണ്ണുകൾ കൂടുതൽ കരുതലോടെ എനിക്കു കാവൽ നിന്നിരുന്നില്ല. അതുവേണ്ട, ഇതുവേണ്ട, ഇങ്ങനെ നിൽക്കണ്ടാ, അങ്ങനെ പറയണ്ടാ എന്നൊന്നും ഉമ്മാ പറയാറില്ല. കൂടുതൽ വിചാരങ്ങളൊന്നും എന്റെ മനസ്സിൽ ഉയർന്നുവരാറില്ല. എങ്കിലും ഒരു ചെറിയ ചോദ്യം... ഇവയൊക്കെയും... എന്നുവെച്ചാൽ തിളങ്ങുന്ന പച്ചനിറ​മുള്ള ചീവീട്... കണ്ണഞ്ചിപ്പിക്കുന്ന ഈ വർണ്ണങ്ങൾ... മിന്നിത്തിളങ്ങുന്ന കല്ലുകൾ... സുഗന്ധം വഴിയുന്ന മണ്ണ്... വീശുന്ന കാറ്റ്... ഈ പരിമളങ്ങൾ... മരങ്ങൾ... ചെടികൾ... തോട്ടങ്ങളും കാടുകളും... ഇരമ്പുന്ന കടൽ... ഈ മഴ.... മഴവെള്ളത്തിൽ കടലാസുതോണി.... ഇവയൊന്നും തന്നെ തൊടാനോ ഇവയിൽ മുഴുകാനോ എനിക്കു കഴിയില്ല. മണത്തുനോക്കാനോ, കാണാനോ സാധിക്കില്ല. ഇവയിലേക്കൊന്നും എനിക്ക് മുഖമുയർ​ത്താൻ വയ്യ... ഇതെല്ലാം നീ അവനു നൽകി... നിന്റെ സർവ്വോത്തമസൃഷ്ടിക്ക്. അല്ലേ? ഈ സത്യം എനിക്കറിയാം. അതുകൊണ്ടു​​തന്നെ ഞാൻ കൂടുതൽ തകരാറിനൊന്നും പോയില്ല... എന്തുകൊണ്ടെന്നാൽ ഇത് നിന്റെ ആജ്ഞയാണുപോലും...! പാവം ഉമ്മ... അവർക്ക് എന്തുചെയ്യാൻ കഴിയും!


Related Articles