ആൽത്തറസംഘത്തിൽ അഞ്ചു പേരാണുണ്ടായിരുന്നത്. എഴുത്താശാനായിരുന്ന അക്കരെമാലിയിൽ കുറുപ്പുചേട്ടൻ, പട്ടാളം എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വിമുക്ത ഭടൻ അപ്പുണ്ണിച്ചേട്ടൻ, ശ്രീകാര്യം എന്ന് മറുപേരുള്ള വട്ടപ്പറമ്പിലെ വേലായുധച്ചേട്ടൻ, ബസ്സ് ഡ്രൈവറായിരുന്ന മത്തായിച്ചേട്ടൻ, ചെറുപ്പകാലത്ത് അമ്പലക്കവലയിൽ സൈക്കിൾ റിപ്പയർ ഷോപ്പ് നടത്തിയിരുന്ന ഗോപിച്ചേട്ടൻ എന്നിവരായിരുന്നു അവർ. പ്രായംകൊണ്ട് അവർക്കിടയിലെ ജ്യേഷ്ഠസ്ഥാനക്കാരൻ എൺപത് കടന്ന കുറുപ്പുചേട്ടനും ഇളമുറക്കാരൻ എഴുപതിനോടടുത്ത ഗോപിച്ചേട്ടനും മറ്റു മൂന്നുപേർ എഴുപത് പിന്നിട്ട സമപ്രായക്കാരുമായിരുന്നു. കൊറോണക്കാലത്തെ സമ്പർക്കനിരോധനം നിലവിൽ വരുംവരെ എല്ലാ ദിവസവും വൈകുന്നേരം അമ്പലക്കവലയിലെ ആൽത്തറയിൽ ഒരുമിച്ചുകൂടി വെടി പറഞ്ഞിരിക്കാറുണ്ടായിരുന്നതിന്റെ പേരിലാണ് അവർ ആൽത്തറ സംഘം എന്നറിയപ്പെട്ടുപോന്നത്.ആൽത്തറസംഘത്തിന്റെ കണ്മുന്നിലൂടെ കടന്നുപോയിട്ടില്ലാത്ത നാട്ടുകാർ ആരുമോ കാതുകളിലൂടെ കടന്നുപോയിട്ടില്ലാത്ത നാട്ടുവർത്തമാനങ്ങൾ ഏതുമോ ഇല്ലായിരുന്നു എന്നുതന്നെ പറയാം. ആൽത്തറ സംഘത്തെ അറിയാത്തവരായി ദേശവാസികൾ ആരുംതന്നെ ഇല്ലായിരുന്നുവെന്ന് മറിച്ചും പറയാം. അതുപോലെതന്നെ സംഘത്തിൽ പറയപ്പെടാത്ത പഴങ്കഥകളും നാടൻ തമാശകളും അതീവ വിരളമായിരിക്കുകയും ചെയ്യും. അത്രകണ്ട് പ്രഖ്യാതവും ഉല്ലാസപ്രദവുമായിരുന്ന ഒരു കൂടിയിരിപ്പാണ് പെട്ടെന്നൊരു നാൾ അങ്ങനെയൊരു നിരോധനാജ്ഞ നിമിത്തം അവസാനിച്ചു പോയത്.
കൊറോണക്കാലമൊക്ക കടന്നു പോയിട്ട് നാളിത്ര കഴിഞ്ഞിട്ടും പഴയ പതിവ് തുടരാൻ അവരെന്തുകൊണ്ട് ഒരുമ്പെടുകയുണ്ടായില്ല എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം തരാൻ നിവൃത്തിയില്ല. അതുവരെ അറിയാത്ത ഭയ, സംഭ്രാന്തികൾ അനുഭവിക്കേണ്ടിവന്ന ദുരിതകാലത്ത് കൂടുതൽ വൃദ്ധരും ക്ഷീണിതരുമായിപ്പോയതോടെ ഒത്തുകൂടാനുള്ള അഭിവാഞ്ഛ അവർക്കുള്ളിൽ കെട്ടടങ്ങിയതായിരിക്കാം എന്നനുമാനിക്കാനേ കഴിയുന്നുള്ളൂ. എല്ലാ ഒത്തുകൂടലുകളും എന്നെങ്കിലും ഒടുങ്ങിപ്പോകാനുള്ളതായതുകൊണ്ട് അതേപ്പറ്റി അതിനപ്പുറം ആലോചിച്ച് തലപുകയ്ക്കേണ്ട ആവശ്യവുമില്ലല്ലോ.
ഇന്നിപ്പോൾ പ്രായം തൊണ്ണൂറിനോടടുത്തു കഴിഞ്ഞ കുറുപ്പ് ചേട്ടൻ തീർത്തും കിടപ്പിലായിട്ട് നാളുകളേറെയായിരിക്കുന്നു. അവശതയേറിയപ്പോൾ ആശാനും ഭാര്യയും ഇക്കരെയിലെ വീടു വിട്ട് അക്കരെയുള്ള ഇളയ മകളുടെ വീട്ടിലേക്കു പൊറുതി മാറ്റുകയുമുണ്ടായി. അതാകട്ടെ എത്തിപ്പെടാൻ ഒരുപാട് പാടു പെടേണ്ട ഒരു ഓണംകേറാമൂലയിലുമാണ്. പള്ളിക്കടവിലെത്തി കടത്തുബോട്ട് കയറി അക്കരെയെത്തിയാൽ പിന്നെയും കുറെ ദൂരം ഊടുവഴികൾ താണ്ടിയാലേ അവിടെ ചെന്നു ചേരാൻ കഴിയുകയുള്ളൂ. കായലോരത്തുതന്നെ സ്ഥിതിചെയ്യുന്ന വീടാണെങ്കിലും അവിടെ എത്തിപ്പെടാൻ കരയിലൂടെ ഒത്തിരി ചുറ്റിക്കറങ്ങണമെന്ന് ചുരുക്കം.
