മുല്ലമൊട്ടിന്റെ മണമുള്ള ജീവിതം

Short Story

മുല്ലമൊട്ടിന്റെ മണമുള്ള ജീവിതം


"അങ്ങനെയൊരു പെൺകുട്ടി ശരിക്കും ഉണ്ടായിരുന്നോ...? നിന്റെ തോന്നലാണോ...?" രാത്രിയിലും ഞാൻ ചോദ്യം ആവർത്തിച്ചു. മിഴി ഞങ്ങൾക്കിടയിൽ പൂച്ചയെ കണക്കേ കിടക്കുന്നുണ്ടായിരുന്നു. അവളുടെ ചുരുണ്ട തലമുടിയിൽ വൈകുന്നേരം ചൂടിക്കൊടുത്ത മുല്ലമൊട്ട് മാലയുടെ വാസന ഞങ്ങളുടെ മുറി മുഴുവൻ നിറഞ്ഞു.

"ഞാനെന്തിനാ അങ്ങനെയൊരു കള്ളം പറയുന്നത്...?" മിഴിയെ തലോടിക്കൊണ്ട് വിനീത് ചോദിച്ചു.

"ഞാൻ ഇന്ന് വിമലേച്ചിയോട് ചോദിച്ചു. അവിടെ അങ്ങനെയൊരാൾ ഇല്ലെന്ന് ചേച്ചിയും തറപ്പിച്ചു പറഞ്ഞു" ഞാൻ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.

"നാട്ടുകാരോട് മുഴുവൻ ചോദിക്കാൻ ഞാൻ പറഞ്ഞോ സായാ....?" അവന്റെ ശബ്ദത്തിന് നല്ല കടുപ്പമുണ്ടായിരുന്നു. മിഴി അന്നേരം ഒന്ന് ഞരങ്ങി. ഞാനവളുടെ ചുമലിൽ മെല്ലെ തട്ടിക്കൊണ്ടിരുന്നു. അവൻ ഞങ്ങൾക്ക് പുറം തിരിഞ്ഞു കിടന്നു.


Related Articles