മൂവന്തിനേരത്തെ ദുഃഖങ്ങൾക്ക് സ്ഥലപരമായ അന്തരങ്ങളുണ്ട്. കണ്ടുകണ്ടിരിക്കെ ഇരുണ്ടിരുണ്ടു പൊയ്ക്കൊണ്ടിരിക്കുന്ന തെങ്ങിൻതോപ്പുകളും വാഴത്തോട്ടങ്ങളുമൊക്കെയാണ് നാട്ടിലുള്ള നാളുകളിൽ ആ നേരത്തെ ദുഃഖഭരിതമാക്കുന്നതെങ്കിൽ റാണിപുരത്തായിരിക്കുമ്പോൾ സിൽവർ ഓക്ക് മരങ്ങൾക്കിടയിലൂടെ ആഞ്ഞാഞ്ഞ് വീശിത്തുടങ്ങുന്ന മലങ്കാറ്റിന്റെ സീൽക്കാരശബ്ദമാണ് അങ്ങനെ ചെയ്യുന്നത്. നാട്ടിലെ കിളികൾ നാലുപാടുമുള്ള മരത്തലപ്പുകളിലിരുന്ന് ആ നേരത്തിന്റെ ഇരുളിമയെ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചറിയിക്കുമ്പോൾ കിളികളേറെയൊന്നുമില്ലാത്ത റാണിപുരത്ത് കുന്നുകളുടെ കൂടിപ്പിണഞ്ഞ നിഴലുകൾ തേയിലത്തോട്ടങ്ങൾക്ക് മുകളിൽ അതേ ഇരുളിമയെ വരച്ചറിയിക്കുന്നു. വെളിമ്പറമ്പുകളിലേക്കും വാഴത്തോപ്പുകളിലേക്കും മറ്റും ഒറ്റയൊറ്റയായി പറന്നടുക്കുന്ന കടവാതിലുകളാണ് നാട്ടിലെ മൂവന്തിയുടെ ആകാശത്തെ എക്കാലത്തെയും ദുഃഖവാഹകർ. റാണിപുരത്താകട്ടെ–കുന്നുകളെ മാറിമാറി വലംവയ്ക്കുന്ന ചുട്ടിപ്പരുന്തുകളും.
പണ്ട് വേനലവധിക്കാലങ്ങളിലെ വൈകുന്നേരങ്ങളിൽ, അമ്മവീടിന് മുന്നിലെ പാടവരമ്പത്ത് നിന്നാൽ അങ്ങു ദൂരെ വയലുകൾ അവസാനിക്കുന്നിടത്തെ കലുങ്കിനു മുകളിലൂടെ ഇരുട്ട് പുതച്ച ഒരു യാത്രാബസ്സ് ഏതാണ്ട് പാതിയോളം വലിപ്പത്തിൽ ഒച്ചയില്ലാതെ ഓടിപ്പോകുന്നത് കാണാമായിരുന്നു. അമ്മവീട്ടിലേക്കുപോകുവാനും അവിടെനിന്നു മടങ്ങിവരുവാനും അന്നുണ്ടായിരുന്ന ഒരേയൊരു ബസ്സാണത്. ഓരോ ദിവസവും അതാതു ദിവസത്തെ ഓട്ടം അവസാനിപ്പിച്ച് ഇടുങ്ങിയ മൺപാതയിലൂടെ സാവധാനം നീങ്ങിപ്പോയിരുന്ന, നിറം മറന്നുപോയ, ആ ബസ്സായിരുന്നു ആ നാളുകളിലെ മൂവന്തികളുടെ ദുഃഖഭാരമത്രയും വഹിച്ചിരുന്നതെന്നോർക്കുന്നു. വിദൂരതയിലെ കാഴ്ച,കേൾവികളൊക്കെത്തന്നെ ആ നേരത്ത് മറ്റു നേരങ്ങൾക്കന്യമായൊരു ഉൾവ്യഥയുണ്ടാക്കുവാൻ തുടങ്ങിയത് ആ യാത്രാബസ്സ് പതിവായി കാത്തുനിന്ന് കാണാൻ തുടങ്ങിയ കാലം മുതൽക്കാണ്. പതിയെപ്പതിയെ പകലൊടുങ്ങുന്നത് ഒരു കപ്പൽച്ചേതംപോലെ അനുഭവപ്പെട്ടുതുടങ്ങിയതും അതേ നാളുകളിൽതന്നെയാണ്. അതുകൊണ്ട് മൂവന്തിനേരദുഃഖങ്ങളുടെ ആരംഭകാലവും അതുതന്നെയാണെന്ന് പറയാം. ജീവിതം പാടെ മാറിമറിഞ്ഞതിനുശേഷം മറുദേശവാസത്തിന്റെ മറ്റൊരു കാലയളവിൽ കല്യാണിലെ എട്ടു നില ഫ്ലാറ്റിന്റെ ചുവട്ടിലൂടെ എല്ലാ സന്ധ്യകളിലും കന്യാകുമാരിയിലേക്കു കുതിച്ചോടിയിരുന്ന തീവണ്ടി ഒടുവിലൊരു കൊടുംവളവ് തിരിഞ്ഞ് മറഞ്ഞുപോകുന്ന കാഴ്ച കണ്ടു നിന്നിട്ടുള്ളത് ആ ഒച്ചയില്ലാതോടിയിരുന്ന ബസ്സ് ഉളവാക്കിയിരുന്നതിനേക്കാൾ എത്രയോ ഏറെ വ്യസനത്തോടെയായിരുന്നുവെന്നും ഓർത്തുപോകുന്നു. ചൗപ്പാത്തിയിലെ ഞായറാഴ്ച്ച വൈകുന്നേരങ്ങളിൽ പുറങ്കടലിലൂടെ ചക്രവാളച്ചെരുവുചേർന്ന് അനക്കമേതുമില്ലാതെ അകന്നകന്നുപോയിരുന്ന കപ്പലുകൾ എത്രയെത്ര അറിയാ ഭാഷകളിലുള്ള ദുഃഖസന്ദേശങ്ങൾ പേറിക്കൊണ്ടാണ് സഞ്ചരിക്കുന്നതെന്ന തോന്നലിൽനിന്ന് ഒരിക്കലും രക്ഷപെടാൻ കഴിഞ്ഞിരുന്നുമില്ല.
ഇന്നും വെയിൽ ചായുന്ന നേരങ്ങളിൽ, അതിവിസ്തൃതമായ വയലുകളോ, അകലങ്ങളിലൂടെ കടന്നുപോകുന്ന വാഹനങ്ങളോ കൊടുംവളവുള്ള തീവണ്ടിപ്പാളങ്ങളോ ഒഴിവുദിവസങ്ങളിലെ കടൽത്തീരങ്ങളോ കാണുമ്പോൾ, അല്ലെങ്കിൽ നേർത്തൊരു ഇരമ്പമോ മുഴക്കമോ അകലെക്കേൾക്കുമ്പോൾപോലുമോ പല കാലങ്ങളിലെ മൂവന്തിനേരങ്ങളിലേതെങ്കിലും ഓർമ്മയിലേക്കുമടങ്ങിവന്ന് അപ്പോഴത്തെ ദുഃഖത്തിൽ പങ്കുചേരാറുണ്ട്.
