മൂന്ന് സമയപാലകർ

Short Story

മൂന്ന് സമയപാലകർ


സമയബോധമല്ല സമയമെന്ന ആധിയായിരുന്നു സൈറൺ ഗോപാലന്റെ മൂന്നു തലമുറകളെ കുറേശ്ശെ കുറേശ്ശെയായി വിഷം ദംശിച്ചു കൊന്നത്. സൈറൺ ഗോപാലന്റെ അച്ഛൻ കൊച്ചുനാണുവിനും പഞ്ചായത്ത് ഓഫീസിലായിരുന്നു പണി. അന്ന് ഇന്നത്തെപ്പോലെ പഞ്ചായത്ത് എന്ന ഭരണസംവിധാനമൊന്നുമില്ല. നാട്ടുപഞ്ചായത്തും അധികാരിയും ഒക്കെക്കൂടിച്ചേർന്നൊരു സമ്പ്രദായമായിരുന്നു. വേല ചെയ്യാൻ കഴിയാത്തതുകൊണ്ട് പകൽ മുഴുവൻ പലയിടവും കറങ്ങി നടന്ന് കൊച്ചുനാണു ഒടുക്കം സഭ കൂടുന്ന സ്ഥലത്ത് വന്ന് കുന്തിച്ചിരിപ്പാവും.

"വൈകുന്നേരംതോറും കൃത്യമായി വിളക്കുകാലിൽ എണ്ണയൊഴിക്കാമോ നിനക്ക്?"

ഒരു ദിവസം അധികാരി കൊച്ചുനാണുവിനോട് ചോദിച്ചു.

കൊച്ചുനാണു ദൂരെ എങ്ങോട്ടോ നോക്കിയിരിക്കുകയായിരുന്നു. ആഴ്ചച്ചന്ത കൂടുന്ന ദിവസമായിരുന്നു. വെറുതെ ഓടിപ്പോകുന്ന നോട്ടത്തിനും ഒരു ചന്തമൊക്കെയുണ്ട്. ചന്തപിരിഞ്ഞ് പോകുന്ന പെണ്ണുങ്ങളിൽ ചിലർക്ക് കൊച്ചു നാണുവിന്റെ നോട്ടം ഇഷ്ടപ്പെട്ടില്ല. "പ്ഫാ" എന്ന ഒരു ആട്ടോടെ അവർ പ്രപഞ്ചം കുലുക്കി മറഞ്ഞു. കൊച്ചുനാണു ചിരിച്ചു.


Related Articles