ലതാനിലയം, ഒറ്റപ്പാലം പി.ഒ.

Short Story

ലതാനിലയം, ഒറ്റപ്പാലം പി.ഒ.


ഒറ്റപ്പാലം സ്റ്റാന്റിൽ ബസ്സിറങ്ങി പുറത്തേക്കുള്ള വഴിയിലൂടെ നടന്ന് മെയിൻ റോഡിൽ കയറണം. അവിടന്ന് നേരേ ഇടതുഭാഗത്തേക്കു തിരിയണം. ഓട്ടോ വിളിക്കാനുള്ള ദൂരമൊന്നും ഇല്ല. ഏറിയാൽ ഒരു അഞ്ഞൂറു മീറ്ററ്. തഞ്ചം കിട്ടുമ്പോ റോഡു ക്രോസ് ചെയ്യാൻ മറക്കണ്ട. കുറച്ചു ദൂരം നടന്നുകഴിഞ്ഞാൽ ഒരു മഞ്ഞ കെട്ടിടവും അർബൻ ബാങ്കിന്റെ ബോർഡും കാണും. പഴയ ബാങ്കാണ്. കാലങ്ങളും കാലഹരണങ്ങളുമൊക്കെ കണ്ടും കൊണ്ടും നിൽക്കുന്ന ബാങ്ക്. അതിന്റൊരു പ്രൗഢി അതിനെ നോക്കുമ്പോത്തന്നെ തിരിച്ചറിയാൻ പറ്റും. കുറച്ചുകൂടി മുന്നോട്ടു നടന്നാൽ ലക്ഷ്മി തിയേറ്ററിന്റെ ബോർഡ് കാണും. ആ പേര് കേട്ടിട്ടുണ്ടാവും ല്ലേ? നല്ല ഫേമസ് തിയേറ്ററാ… നമുക്ക് അത്ര ദൂരൊന്നും പോവണ്ട. അതിന്റെ സൈഡിലൊരു റോഡു കാണാനില്ലേ? ആ റോഡിൽ നിന്നിങ്ങോട്ടു രണ്ടാമത്തെ ഗേറ്റാണ് ലതാനിലയം. രണ്ടാമത്തെയും മൂന്നാമത്തെയും ഗേറ്റ് എന്നു വേണങ്കിൽ പറയാം. വലിയ ഗേറ്റ് തുറക്കാൻ നോക്കണ്ട. അതു തുരുമ്പിച്ച് അനങ്ങാണ്ടായിരിക്കുന്നു. ഇപ്പുറത്തെ ചെറിയ ഗേറ്റുതുറന്ന് ഉള്ളിലേക്കു കയറാം. പണ്ട് താഴ്ന്ന ജാതിക്കാർക്കും സ്ത്രീകൾക്കും അതിലേ ആയിരുന്നത്രേ പ്രവേശനം. മുൻവാതിൽ അടഞ്ഞു കിടക്കാണെങ്കിലും പേടിക്കണ്ട. അവര്, ലതച്ചേച്ചി, പ്രേമലതാന്നാ ശരിക്കുള്ള പേര്.. അകത്തുണ്ടാവും. കോളിങ് ബെല്ലൊന്നുമില്ല. ആരുമില്ലേ... എന്നൊന്നു ചോദിച്ചാ മതി. ആളെത്തും. പഴയ തറവാടാ... സുഖായിട്ടു താമസിക്കാം. അധികം ചെലവില്ലാതെ.’’

റസിയ എന്നെ നോക്കി ഒന്നു നിർത്തി ശ്വാസം വിട്ടു. കൈയെത്തിച്ച് ഷീജയുടെ മുന്നിലുള്ള ഗ്ലാസെടുത്ത് ഒരു കവിൾ ബിയറുകൂടി അകത്താക്കി. നാവുകൊണ്ടൊരു ഞൊട്ടയിട്ട് രണ്ടു കഷണം ചിപ്‌സെടുത്തു ചവച്ചു. കൈകൾ പിന്നിൽ കുത്തി ചാഞ്ഞിരുന്ന് നെടുവീർപ്പോടെ തുടർന്നു.

‘‘പ്യൂൺ ജമാലിക്കയോടു താമസ സൗകര്യത്തിനെപ്പറ്റി ഒന്നു ചോദിച്ചതേയുള്ളൂ. എന്തായിരുന്നു ഇൻട്രോ... ഹോസ്റ്റലിലെ അടിപൊളി ലൈഫ് കൊതിച്ചു വന്ന എന്നെപ്പോലെ ഈ കലക്കൻ ബാക്ഗ്രൗണ്ട് വിവരണവും കേട്ട് ആ ചെറിയ പരട്ട ഗേറ്റും തുറന്നു കയറി വന്നോരല്ലേ നിങ്ങളും? എന്റെ ജീവിതം മുഴുവനും ഈ ഭാർഗവീനിലയത്തിലു തന്നെ കുടുങ്ങും...ഒരു ലതാനിലയോം പ്രേമലതയും.''


Related Articles