ലാ കാലേ

Short Story

ലാ കാലേ


ലാ കാലേ എന്നായിരുന്നു എന്‍റെ വഴികാട്ടിയുടെ പേര്. കുറ്റിത്തലമുടിയും നരച്ച ഇടതൂര്‍ന്ന താടിരോമങ്ങളുമുള്ള ഒരു മധ്യവയസ്കനായിരുന്നു അയാള്‍. ആദ്യം കാണുമ്പോള്‍ ലാ കാലേ അയാളുടെ താടിയില്‍ വയലറ്റ് അരിപ്പൂക്കള്‍ കോര്‍ത്ത മാല ചൂടുകയായിരുന്നു. ഒരു ഓന്തിനെ പോലെ, തെരുവുകളുടെ നിറങ്ങളോടും മണങ്ങളോടും അലിഞ്ഞിരിക്കാന്‍ മാത്രം വിരുതുള്ളൊരു വഴികാട്ടിയായിരുന്നു അയാള്‍. ഒരിക്കലും നടന്നുതീരാത്ത തെരുവുകളെ പറ്റി, ആദ്യം പറഞ്ഞുപ്രലോഭിപ്പിക്കുമ്പോള്‍ ഘടികാര സമാനമായി തിരിയുന്ന അയാളുടെ കണ്ണുകള്‍ക്കുള്ളില്‍ ഞാന്‍ അകപ്പെട്ടുപോയിരുന്നു. അങ്ങനെയാണ് ഞാന്‍ ഈ തെരുവില്‍ എത്തിച്ചേരുന്നത്. അതില്‍പ്പിന്നെ ദേശകാലങ്ങള്‍ അപ്രസക്തമായി. ഓര്‍മകളിലെ നിയന്ത്രണം എനിക്ക് കൈമോശം വന്നു. ഞാന്‍ ലാ കാലേയൊടൊപ്പം അയാള്‍ തെളിക്കുന്ന നിരത്തിലൂടെ നടന്നു.

കുറേയധികം കാലങ്ങൾ ഘനീഭവിച്ചുണ്ടായതാണ് ഈ തെരുവെന്ന് ആയാളോടൊപ്പം സഞ്ചരിച്ച കാലത്ത് എനിക്ക് തോന്നാറുണ്ടായിരുന്നു. ആരുടെയൊക്കെയോ ഓർമകൾ ഇവിടെയെല്ലാം ചുറ്റിപ്പറ്റി നില്‍ക്കുന്നതായും തരംകിട്ടുമ്പോള്‍ അപരിചിതരായ മനുഷ്യരില്‍ ആവേശിക്കുന്നതായും ഇവിടെ ജീവിക്കുന്നവര്‍ എന്നോട് പറഞ്ഞു. ഈ തെരുവിൽ പൗരാണികകാലം മുതല്‍ നിലനിന്നുപോരുന്ന ഒരു ക്ഷേത്രമാണ് ഈ ഐതീഹ്യങ്ങള്‍ക്കെല്ലാം ആധാരമെന്ന് ലാ കാലേ സൂചിപ്പിച്ചു. വാക്കുകള്‍ കൊണ്ട് കാഴ്ച്ചകളെ നിര്‍മ്മിക്കുന്ന അയാളുടെ അധരങ്ങളിലേക്ക് ഞാന്‍ അപ്പോള്‍ കൗതുകത്തോടെ നോക്കി. ഒരുപക്ഷെ അയാള്‍ സൂചിപ്പിച്ച അറ്റമില്ലാത്ത തെരുവ് അതുതന്നെയായിരിക്കുമോ? എനിക്ക് ആശങ്ക തോന്നി. ഒരു ക്ഷേത്രത്തിൻ്റേതായ സ്വഭാവങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഒന്നായിരുന്നു ആ സ്ഥലം. അതിന് മേല്‍പ്പുരയോ, ഉള്‍ചുമരുകളോ, ഇടനാഴികളോ ഉണ്ടായിരുന്നില്ല. തെരുവിലെ ഒരു പ്രത്യേക ഇടത്തെത്തുമ്പോള്‍ ആളുകള്‍ ആചാരസൂചകമായ ചേഷ്ടകളിലേക്ക് വഴുതിപോകുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതായിരുന്നു ക്ഷേത്രത്തിന്‍റെ ലക്ഷണം.

"പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരോർമ്മയെ ഇവിടെ വിട്ടിട്ടു പോകണം. എങ്കിൽ മാത്രമേ ഫലമുണ്ടാകു.’’


Related Articles