"പപ്പ ഇതു മുഴുവനും കഴിക്കണം. ഇവിടൊക്കെ ഓടിച്ചാടി നടക്കാനുള്ളതല്ലേ ഇനിയും...'' സുനിത പപ്പയുടെ താടി പിടിച്ച് പതിയെ കുലുക്കി. അയാൾ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു, "വയ്യ, ഒന്നിനും വയ്യ മോളേ... അതുമാത്രമല്ല മോളേ, ഈ മരുന്നിന് ഒരു ചൊവേം.''
അയാൾ തിരികെ മോളുടെ താടിയിൽ വെറുതെ തൊട്ടു. ആ സ്പർശവും മോളേ എന്നുള്ള വിളിയും അവളെ ഏറെ സന്തോഷിപ്പിച്ചു.
"ഇത് മരുന്നാണ്, വിഷമൊന്നുമല്ല. സ്വാദ് ഒന്നും നോക്കണ്ട. വെറുതെ അങ്ങ് കുടിച്ചാമതി പപ്പാ. പതുക്കെ കുടിച്ചാൽ മതി കേട്ടോ. ദശമൂലവും ജീരകവും ചുക്കും ഒക്കെ ചേർന്നതാ.''
മോളും പപ്പയും ഇങ്ങനെ സ്നേഹത്തിൽ മിണ്ടാൻ തുടങ്ങീട്ട് അധികം നാളായിട്ടില്ല. പപ്പയുടെ അസുഖം കുറച്ചൊക്കെ മാറിയപ്പോൾപോലും പപ്പയും മോളും തമ്മിൽ കീരീം പാമ്പുംപോലെതന്നെയായിരുന്നു. കുറച്ചു നാളേയായുള്ളൂ മനസ്സു കുളിർക്കുന്ന ഈ പുതിയ കാഴ്ച കാണാൻ തുടങ്ങിയിട്ട്.
