തെറാപിസ്റ്റിന്റെ ഓഫീസിലെ നീണ്ട സോഫയിൽ മലർന്ന് കിടക്കുമ്പോൾ മിക്കപ്പോഴും ഉള്ള് ശൂന്യമാണ്."പറയൂ... റിലാക്സ് പറയൂ"എന്ന് തെറാപ്പിസ്റ്റ് മുഹമ്മദ് നിർബന്ധിച്ചുകൊണ്ടിരുന്നു. പക്ഷേ ഉള്ളിലെ ശൂന്യതയെ നോക്കി ഞാൻ എന്ത് പറയാനാണ്?
"എന്റെ ഉള്ളിൽ എനിക്ക് വഴിതെറ്റിയിരിക്കുന്നു മുഹമ്മദ്...ഞാൻ അവിടെ മടുത്ത് ഇരിക്കയാണ്."ഇത്രയും പറഞ്ഞതും മുഹമ്മദ് ഒരു നിശ്വാസമെടുത്തു. "തത്കാലം മരുന്നുകൾ നിർത്തേണ്ട."എന്ന് മടുപ്പോടെ പറഞ്ഞുകൊണ്ട് അയാൾ എന്നെ യാത്രയാക്കി. എന്റെ ഉള്ളിലെ മടുപ്പ് പൊട്ടിയൊലിച്ച് ചുറ്റുമുള്ളതിനെയൊക്കെ പടർന്നുവിഴുങ്ങുന്നതുപോലെ എനിക്ക് തോന്നി. എന്നും ഉഷാറോടെ മാത്രം സംസാരിക്കാറുള്ള മുഹമ്മദ് പോലും അതിൽ മുങ്ങിത്താഴുന്നു. ഇപ്പോൾ രണ്ട് ദ്രുവങ്ങൾ മാത്രമാണ് എന്റെ മനസ്സിലുള്ളത്. ഒന്നുകിൽ പിരിമുറുക്കത്തിന്റെ ശ്വാസം മുട്ടിക്കുന്ന ഉച്ഛസ്ഥായിലുള്ള എരിപൊരി സഞ്ചാരം. അല്ലെങ്കിൽ മടുപ്പിന്റെ വികാരമറ്റ ശൂന്യമായ മൂകത. പിന്നെ ഒരുതരം ധൃതിയാണ് എല്ലായ്പ്പോഴും...പലപ്പോഴും ശ്വസിക്കാൻ തന്നെ മറന്നുപോകുന്നു എന്ന് തോന്നും. കാറിൽ കയറുമ്പോഴാണ് നാളെയാണല്ലോ നാട്ടിലേക്ക് പോകുന്നത് എന്ന് ഓർമ്മ വന്നത്. ആ ചിന്ത ഒരു തീപ്പൊരിയായി ചിതറി ഉമിത്തീ പോലെ ചുട്ടുനീറി ചാരം മൂടി പുകഞ്ഞൊരു ജ്വാലാമുഖി പോലെ പൊട്ടിത്തെറിച്ച് ശ്വാസം മുട്ടിക്കാൻ അധികം സമയമൊന്നും വേണ്ട. ഈയിടെയായി ചെറിയൊരു സ്ട്രെസ് പോലും താങ്ങാൻ പറ്റുന്നില്ല. പൊന്നീച്ചകൾ തലയിൽ പാറുംപോലെയുള്ള ഒരു അവസ്ഥയാണ്."യാത്രാ ഒരുക്കങ്ങൾ, പാക്കിങ്, വെബ് ചെക്കിൻ, ഇതൊക്കെ പണ്ടും ചെയ്യാറുള്ളതല്ലേ? ഇതിലൊക്കെ ഇങ്ങനെ ടെൻഷൻ അടിക്കണോ?" എന്ന് സ്വയം പറഞ്ഞ് ശ്വാസമെടുത്തു. അപ്പോഴേക്കും മൊബൈലിൽ ഒരു മെസ്സേജ് വന്നു. മാനേജർ ആണ്,
"നിന്റെ യൂണിവേഴ്‌സ്???"
ഞാൻ മാനേജ് ചെയ്യുന്ന ഇരുന്നൂറ്റിയമ്പതോളം വരുന്ന സ്റ്റാഫിന്റെ കാര്യമാണ് അയാൾ ചോദിക്കുന്നത്. ലീവ് ചോദിക്കുന്നത് മഹാപാതകമായി കണക്കാക്കുന്ന ഒരു കമ്പനിയുടെ ശമ്പള അടിമക്ക് തന്റെ യൂണിവേഴ്സ് മറ്റെന്താണ്? മെസ്സേജിലെ ചോദ്യചിഹ്നങ്ങളുടെ എണ്ണം കൂടുതലാണ്. അയാൾ ദേഷ്യത്തിലാണ് എന്നു വ്യക്തം. ലീവ് പറഞ്ഞത് പെട്ടെന്നായിരുന്നു. നാട്ടിൽ ഒരു എമർജൻസി ഉണ്ട്, ഒരാഴ്ചയോളം ലീവ് വേണം അത്രയേ അയച്ചുള്ളു. മെസ്സേജ് ഇപ്പോഴാവും കണ്ടത്. നെഞ്ച് ആ വാക്കുകളുടെ ഭാരം ഏറ്റെടുത്തു. അയാൾ അയച്ച ചോദ്യചിഹ്നങ്ങൾ ചൂണ്ടകൊളുത്തുകൾ പോലെ ചങ്കിനെ കൊത്തിവലിച്ചു. മറുപടി അയക്കാൻ ഞാൻ വാക്കുകൾ തിരഞ്ഞു. പിരിമുറുക്കത്തിൽ നാവ് തലച്ചോറിലേക്ക് കയറുമെന്ന് എനിക്ക് തോന്നി. ആകെയൊരു കുഴച്ചിൽ...നെഞ്ചിടിപ്പ് ഉയരുന്നു. ശരീരമാകെ വിയർത്തുതുടങ്ങി. തലയ്ക്കുള്ളിൽ പൊന്നീച്ചകൾ ചിലപ്പോൾ ഇത് ഒരു പാനിക് അറ്റാക്ക് ആവും. അതിനുമുന്നേ പോക്കറ്റിൽ നിന്നും ടി എച്ഛ് സി ഗമ്മികൾ എടുത്തു. സുഹൃത്തായ നിലോഫറാണ് ഈ മരുന്നിനെക്കുറിച്ച് എന്നോട് പറഞ്ഞുതന്നത്. ചത്തപോലെ ഇരുത്തുന്ന ഡോസുള്ള മരുന്നിനെക്കാളും ഭേദമാണ്. ഗമ്മികൾ വായിലിട്ട് ചതഞ്ഞു. ടി എച് സിയുടെ രാസലീല തലച്ചോറിന്റെ ഓളങ്ങളെ ശാന്തമാക്കി. പൊന്നീച്ചകൾ താണ് പറന്നു. കാർ നിരത്തിലൂടെ പതിയെ നീങ്ങി.
നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങിയതിനുശേഷം വീട്ടിലേക്ക് ഒരു ടാക്സി പിടിച്ചു. വീട്ടിലേക്കെത്താൻ ഒന്നര രണ്ടുമണിക്കൂറിനടുത്ത് സമയമെടുക്കും. പിൻസീറ്റിലിരുന്ന് ഒന്നുറങ്ങണം എന്നായിരുന്നു ആഗ്രഹം. പക്ഷേ വിമാനം കയറുന്നതിനുമുൻപേ കഴിച്ച മരുന്നിന്റെ മയക്കം ഇപ്പോഴുമുണ്ട്. എങ്കിലും കണ്ണുകൾ പുറം കാഴ്ചകളിൽ കുടുങ്ങി കിടന്നു. വർഷങ്ങളായി നാട്ടിലേക്ക് വന്നിട്ട്.
"അവര് അന്ത്യശ്വാസം വലിക്കണമുന്നേ ഒന്ന് കണ്ടിട്ട് പോ"എന്ന് വിടാതെയുള്ള അമ്മയുടെ നിർബന്ധമാണ് എന്റെ യാത്രയുടെ യഥാർത്ഥ ഇന്ധനം. "കറുകാമ്മക്ക് വേറൊന്നും ഓർമല്ല്യ, നിന്നെ പറ്റിയാ എപ്പളും ചോദിക്കണേ" പിന്നീടൊരു മനസ്താപം തോന്നാൻ ഇടവരരുത് എന്ന് അമ്മ പറയാതെ പറഞ്ഞു. ഞാൻ എന്റെ ആത്മാവിനെ ആ കമ്പനിക്ക് വിറ്റതാണെന്നും ഒരു ലീവിന് പകരമായി തുടർച്ചയായിവരുന്ന ചോദ്യചിഹ്നങ്ങളുടെ ചൂണ്ടക്കൊളുത്തിൽ പിടയാനുള്ള ത്രാണിയില്ലാത്തതിനാലാണെന്നും ഒക്കെ പറഞ്ഞാൽ അമ്മക്ക് മനസ്സിലാവില്ല എന്നുള്ളത് കൊണ്ടാണ് രണ്ടും കല്പിച്ച് ലീവ് പറഞ്ഞതും. എന്നെ കണ്ടാൽ മനസ്സിലാവുമോ എന്നുപോലും ഉറപ്പില്ലാത്ത കറുകാമ്മയെ കാണാൻ ഇറങ്ങിയതും. അവരുടെ പിന്നാലെ കഥപറഞ്ഞും സൊറയടിച്ചും മറ്റുകുട്ടികളേക്കാൾ കൂടുതൽ ഞാനാണ് അവരുടെ പിന്നാലെ കഥപറഞ്ഞും സൊറയടിച്ചും നടന്നിട്ടുള്ളത്. പക്ഷേ കോളേജിൽ ചേർന്നതിൽ പിന്നെ ഞാൻ വല്ലപ്പോഴുമേ അവരെ കണ്ടിട്ടുള്ളു. ഇതിപ്പോ പത്തിരുപത് വർഷമായി. എന്നിട്ടും എന്നെ മാത്രം ഇത്രയും ഓർത്തിരിക്കാൻ കാരണം എന്താണ്?
ഞാൻ കറുകാമ്മയെ കുറിച്ചുള്ള ഓർമ്മകൾ പതിയെ ചികഞ്ഞു. കറുക എന്നാണ് അവരുടെ യഥാർത്ഥ പേര്. കറുകാമ്മ എന്നാണ് ഞങ്ങൾ കുട്ടികൾ വിളിച്ചിരുന്നത്.
"തിരിച്ചിട്ടാലും മറിച്ചിട്ടാലും കറുക. പെണ്ണുങ്ങൾക്ക് അങ്ങനെയൊരു പേര് പാടില്ല."എന്ന് ആ നാട്ടിലെ മൂത്താരായിരുന്ന എന്റെ മുതുമുത്തച്ഛൻ വിലക്കിയിട്ടും കറുകാമ്മയുടെ അച്ഛൻ ആ പേര് തന്നെ വച്ചൂത്രേ. ഞാൻ കണ്ട കാലം തൊട്ടേ കറുകാമ്മ ഒറ്റയ്ക്കാണ് താമസം. അവരുടെ ഭർത്താവ് നാണുവിനെ കുറിച്ച് നാട്ടിൽ ഒരുപാട് രസകരമായ കഥകളുണ്ട്. കറുകാമ്മ ചെറുപ്പത്തിലെ തന്നേക്കാളും ഇരട്ടി പ്രായമുള്ള നാണുവിനെ വിവാഹം കഴിച്ചു. എല്ലാദിവസവും കഞ്ഞികുടി കഴിഞ്ഞാൽ ഒരു പൊട്ടോളം വട്ടത്തിൽ നാണു വെടിമരുന്ന് തൊട്ട് നാവിൽ വെക്കുമായിരുന്നൂത്രെ. പത്ത് തൊണ്ണൂറ് വയസ്സായപ്പോഴാണ് നാണു പോയത്. അന്ന് ചിത എരിഞ്ഞിടത്ത് വന്ന കല്ലുവെട്ടുകുഴിയെ കുറേകാലം നാട്ടുകാര് നാണുകുഴി എന്നാണ് വിളിച്ചിരുന്നത്. അതിനു ശേഷം കറുകാമ്മയും വല്ലപ്പോഴുമൊക്കെ വെടിമരുന്ന് തൊട്ടുകൂട്ടും. ഉശിരും ആയുസ്സും കൂടും എന്നാണു ന്യായം. വലുതാവുമ്പോൾ വെടിമരുന്ന് തൊട്ട് കൂട്ടണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചിരുന്നു. പിന്നാലെ നടക്കുന്ന കുട്ടികളോട് കറുകാമ്മ നിർത്താതെ കഥകൾ പറയുമായിരുന്നു. മറ്റുകുട്ടികൾ കുറച്ച് കഴിയുമ്പോൾ മാറിപ്പോയി കളിക്കും. പക്ഷെ എനിക്ക് കറുകാമ്മയുടെ കഥകളുടെ ലോകവുമായിരുന്നു ഇഷ്ടം. ഇങ്ങനെയുള്ള കഥകളുടെ പൊരുളും പതിരും ചികയാതെ അതെല്ലാം കേട്ട് ഞാൻ രസിച്ചിരുന്നു. അതുകൊണ്ടുതന്നെ കറുകാമ്മയുടെ ഉശിര് നേരിൽ കണ്ട കുട്ടി ഞാൻ മാത്രമാണ്.
