കരിമ്പാതിരയ്ക്ക് പതിവുള്ള ഊരുചുറ്റലൊക്കെ കഴിഞ്ഞ് കാളികൂളികൾ ശ്മശാനത്തിലേയ്ക്ക് മടങ്ങിയെത്തി. പതിവില്ലാതെ ശ്മശാനം ഇരുട്ടിലാണ്ടു കിടക്കുന്നതെന്ത് എന്ന് അവർ അതിശയിച്ചു. അകലെ, ജ്വലിക്കുന്ന ഒറ്റക്കണ്ണുപോലെ ഒരു ചിത മാത്രം അണയാതെ കിടക്കുന്നതുകണ്ട് അവർ അങ്ങോട്ട് നടന്നു. ചിതയുടെ വെളിച്ചത്തിൽ ആരോ ഉറങ്ങുന്നുണ്ടല്ലോയെന്ന് കാളി കോപിച്ചു. നാറാണത്തു ഭ്രാന്തനാണെന്ന് മനസ്സിലായപ്പോൾ കാളി വിഷണ്ണയായി.
""കുഴങ്ങിയല്ലോ കൂളീ! ചിതയിലെ വെളിച്ചത്തിലിരുന്നല്ലേ ഞാൻ എഴുതുക. ഇനിയെന്ത് ചെയ്യും?'' കാളി പറഞ്ഞു.
കൂളി നാറാണത്തു ഭ്രാന്തനെ കുലുക്കി വിളിച്ചു. കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്ന് ഉറക്കച്ചടവിൽ ഭ്രാന്തൻ ചോദിച്ചു.
“ആരാ? എന്ത് വേണം?''
