ഞാനൊരു നാലാം ക്ലാസ്സുകാരിയാണ്.
പക്ഷേ, ഒരു നാലാം ക്ലാസ്സുകാരിയെക്കാൾ ബുദ്ധിയും ലോകവിവരവും എനിക്കുണ്ടെന്നാണ് ഞാൻ കരുതുന്നത്. എനിക്കു വേണമെങ്കിൽ ഈസിയായി ക്ലാസിൽ ഫസ്റ്റാകാവുന്നതേയുള്ളൂ. പക്ഷേ, ഞാൻ ഫസ്റ്റായാൽ എന്റെ പ്രിയകൂട്ടുകാരൻ എവിൻ വിഷമിക്കും.
എവിൻ രണ്ടാമതായാൽ അവന്റെ മമ്മി കരയും.അതോടെ അവന്റെ മമ്മിയും പപ്പയും തമ്മിലുള്ള ബന്ധം പിന്നെയും വഷളാകും. ഞാൻ രണ്ടാമതായാൽ ഒരു കുഴപ്പോമില്ല, എന്റെ അച്ഛൻ ഒന്നു ചിരിക്കത്തേയുള്ളൂ. ഒന്നു ചേർത്തുപിടിക്കത്തേയുള്ളൂ.
അപ്പോപ്പിന്നെ ഞാൻ രണ്ടാമതാകുന്നതല്ലേ നല്ലത്. എവിൻ ഹാപ്പിയാകുവേം ചെയ്യും. നമ്മുടെ പ്രിയപ്പെട്ടവരുടെ സന്തോഷമല്ലേ നമ്മുടെ സന്തോഷം. എന്റെ അച്ഛൻ എന്നോട് സായിപ്പന്മാരെ അന്തംവിടുവിച്ച ആഫ്രിക്കയിലെ കുട്ടികളുടെ ഓട്ടത്തെക്കുറിച്ചും ഉബുണ്ടുവിനെക്കുറിച്ചുമൊക്കെ പറഞ്ഞുതന്നിട്ടുണ്ട്. എനിക്കറിയാം ഉബുണ്ടുവെന്നോ ഉബുണ്ടു ഫിലോസഫിയെന്നോ കേട്ടിട്ടുള്ള ഒരു കുട്ടിയും ക്ലാസിലുണ്ടാവില്ലെന്ന്. ചിലപ്പോ അധ്യാപകർക്കുപോലും അതേപ്പറ്റി അറിവുണ്ടാവില്ല. അതാ ഞാൻ പറഞ്ഞത് എനിക്ക് കുറച്ച് ലോകവിവരമൊക്കെയുണ്ടെന്ന്.
