മലഞ്ചരിവിൽ പാറക്കെട്ടുകൾക്കിടയിൽ ഒട്ടിച്ചേർന്നിരിക്കുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള കെട്ടിടം. അതാണ് ഹോട്ടൽ സൈലൻസ്. അസ്തമനച്ചുവപ്പിന്റെ നിറം.മുപ്പത്തിമൂന്നു മുറികൾ. സ്പടികജനാലകളിലൂടെ ശതാവരിയിലകൾ പടർന്നു കയറിയിരിക്കുന്നു. മഞ്ഞിൽ മുങ്ങിയ കെട്ടിടം അകലെനിന്ന് കണ്ടാൽ ഒരു ചെറിയ മേഘമായേ തോന്നു. പക്ഷേ തകർത്തുപെയ്യുന്ന മഴയിൽ അതിപ്പോൾ ഒരു കണ്ണീർത്തുള്ളിപോലെ തോന്നിച്ചു.
''ഇവിടെ ഇതിനു മുൻപ് വന്നിട്ടുണ്ടോ ?'' മൈത്രേയി അവനോടു ചോദിച്ചു.
''ഉണ്ട്.'' അവൻ പറഞ്ഞു.
അവൻ എന്തിനായിരിക്കും അവിടെ വന്നതെന്ന് മൈത്രേയി ചോദിച്ചില്ല. ആളുകൾ പറയാതെ പറയുന്നവയാണ് അവരുടെ ഏറ്റവും വലിയ രഹസ്യങ്ങൾ എന്ന് അവൾക്ക് അറിയാമായിരുന്നു.
