കൺപീലി പിഴുത്, മന്ത്രം ജപിച്ച്, കാറ്റിനൊപ്പം ദൂത് അയച്ച് നാലുമണി ബെല്ലടിപ്പിക്കാൻ കഴിവുള്ളവനായിരുന്നു ദേവൻ. ഉരംചുറ്റി അവനൊരു ബലമുള്ള നൂലുണ്ട്. അതിലായിരുന്നു ഭൂതഗണങ്ങൾ പാർത്തിരുന്നത്. ഏഴാം ക്ലാസുവരെ അവറ്റകളോടായിരുന്നു അവന്റെ കൂട്ട്. ഹൈസ്കൂളിലെത്തിയതോടെ മട്ടും ഭാവവും മാറി. മന്ത്രോച്ചാരണമെല്ലാം ഉപേക്ഷിച്ച് ഉശിരോടെ അവൻ സമരം ചെയ്തു തുടങ്ങി. മുസ്തഫയായിരുന്നു ആ സമയത്ത് ദേവന്റെ അനുയായി; ഞാൻ അടിമയും.
മുസ്തഫയുടെ അരയിലൊരു ഒസ്സാൻകത്തി എപ്പോഴുമുണ്ടാവും. അതിലേക്കു ജിന്നുകളെ മന്ത്രിച്ചു വ രുത്താറുണ്ടെന്ന് അവൻ പറയുമായിരുന്നു.
മുഷ്ടി ചുരുട്ടിയുള്ള രണ്ടാളുടേയും മുദ്രാവാക്യം കേൾക്കുമ്പോൾ ഹെഡ്മാഷായ പത്മനാഭകൈമളിന്റെ നെഞ്ചു പിടയും. ചൂട്ടുംപിടിച്ച് ഇരുട്ടത്ത് നിൽക്കുന്നതുപോലെ അങ്ങേരുടെ നരച്ച പീലിക്കണ്ണിന്റെ ഇമവെട്ടൽ കൂടും. കൈമളുടെ നിസ്സഹാഹായത തിരിച്ചറിഞ്ഞ് നീണ്ടൊരു ബെല്ലടിയോടെ പ്യൂൺ മായീൻകുട്ടി സകലരേയും സ്വതന്ത്രരാക്കും.
പത്തിലെ മോഡൽഎക്സാം നടക്കുന്ന സമയത്ത് ദേവൻ വീണ്ടുമൊരു സമരം നടത്തി. പരീക്ഷയുടെ ഇടയിലാണോ പഠിപ്പുമുടക്കെന്ന് ചോദിച്ചതിന് കുപ്പച്ചിറയിലെ അജിയെ ദേവൻ ചെരിപ്പൂരി അടിച്ചു. കൊണ്ടുനിൽക്കേണ്ട കാലം കഴിഞ്ഞെന്ന് ഓർമ്മപ്പെടുത്തി അജി തിരച്ചടിച്ചു. സ്റ്റാഫ്റൂമിലെ ചില്ലലമാര ഉടഞ്ഞതും മായീൻകുട്ടി കൊട്ടുവടിയെടുത്തു. ബെല്ലടി കേട്ട് ഞങ്ങൾ സ്കൂൾഗ്രൗണ്ടിലേക്ക് ഓടി.
