മണ്ഡപം റെയിൽവേസ്റ്റേഷനിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് മുരുകണ്ണന്റെ വർക്‌ഷോപ്പ്. വർക്‌ഷോപ്പെന്നുവെച്ചാൽ കപ്പലിനെ ഓർമ്മിപ്പിക്കുംവിധം കനപ്പെട്ട തടികൾകൊണ്ട് നീളത്തിൽ തീർത്ത ഒന്ന്. പ്രത്യക്ഷത്തിൽ കപ്പലുമായി ഛായയില്ലെങ്കിലും കപ്പലിന്റെ അവശേഷിപ്പുകൾകൊണ്ട് ഉണ്ടാക്കിയതാണെന്നറിഞ്ഞതുകൊണ്ടാകും എനിക്കങ്ങനെ തോന്നിയത്. പരിസരത്ത് വീടുകളൊന്നുമില്ല. വിശാലമായ പ്രദേശത്ത് അവിടവിടെയായി നാലഞ്ചു തെങ്ങുകളും കരിമ്പനകളും കുറെ മുൾച്ചെടികളും മാത്രം. തീർത്തും വറ്റിവരണ്ടുകിടക്കുന്ന അന്തരീക്ഷം.
പണിശാലയിലേക്ക് കയറി. കാലെടുത്തുവെച്ചത് വലിയൊരു ഹാളിലേക്കാണ്. മനോഹരമായി കൊത്തുപണികൾ ചെയ്ത മേശകളും കസേരകളും കട്ടിലിന്റെ ചട്ടവുമെല്ലാം വൃത്തിയായി അടുക്കിവെച്ചിരിക്കുന്നു. പതിനഞ്ചുവയസ്സിനടുത്ത് പ്രായമുള്ള ഒരു പയ്യൻ മിനുസമുള്ള തുണികൊണ്ട് പൊടിതട്ടി വൃത്തിയാക്കുന്നുണ്ട്. അടുക്കിവെച്ചിരിക്കുന്ന ഫർണ്ണിച്ചറുകൾക്കിടയിലൂടെ തൊട്ടു തലോടി ഞാൻ നടന്നു. നല്ല ഫിനിഷിങ്ങും തിളക്കവും.
“സാർ, ഇത് പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമ്മിച്ച കപ്പലിന്റെ തടികളാണ്. പണ്ട് ധനുഷ്കോടിയിൽനിന്നും കൊളമ്പിലേക്ക് സർവ്വീസ് നടത്തിയിരുന്ന എസ്.എസ്. ഗാലിയ പൊളിച്ചതിന്റെ...'' ഫർണ്ണീച്ചർ വാങ്ങാൻ വന്ന ആളെന്നു കരുതി പയ്യൻ വിവരിച്ചു.
