കോവിഡ് കാലം ഞങ്ങളുടെ ജീവിതത്തിന് ഒരുപാട് കെടുതികൾ സമ്മാനിച്ചു. ഏതാണ്ട് ഒരു വർഷത്തിൽ കൂടുതൽ കാര്യമായ വരുമാനമൊന്നുമില്ലാതായത് ജാനകിയെ മാനസികമായി തളർത്തി. എനിക്കാവട്ടെ, കോവിഡിനു മുമ്പുണ്ടായിരുന്ന ആസ്ത്‌മയുടെ ശല്യം, ഇടവിട്ടുവരുന്ന കനത്ത ചുമയും ശ്വാസംമുട്ടലും മറ്റുമായ ശാരീരിക പ്രയാസങ്ങളായി അധികരിച്ചതുകൂടാതെ അമിതമായി സാങ്കേതികവിദ്യയെ ആശ്രയിക്കേണ്ടി വന്നതായിരുന്നു മാനസിക ബുദ്ധിമുട്ടുണ്ടാക്കിയത്. ഫ്ലാറ്റിലെ ഒരു ബൾബ് മാറിയിടാൻപോലും ജാനകിയെ ആശ്രയിക്കേണ്ടിവരുന്ന ഞാൻ, ഓൺലൈൻ ക്ലാസുകൾ എടുക്കാനും ഓൺലൈനിൽ വാക്സിൻ ബുക്കു ചെയ്യാനുമെല്ലാം വല്ലാതെ ബുദ്ധിമുട്ടി. ഏറ്റവും ബുദ്ധിമുട്ട് പൊതുഗതാഗതം നിലച്ച സമയത്ത്, കോളേജിൽ പോകേണ്ടിവന്നപ്പോൾ, കാറെടുക്കാൻ ജാനകിയെ ആശ്രയിക്കേണ്ടി വന്നതിലായിരുന്നു. അക്കാലത്തെ നിയന്ത്രണങ്ങളനുസരിച്ച് ജാനകി മുന്നിൽ വലതുവശത്ത് ഡ്രൈവർ സീറ്റിലിരിക്കുമ്പോൾ ഞാൻ പിറകിൽ ഇടതുവശത്തെ അറ്റത്തിരുന്ന് ശാരീരിക അകലത്തിന്റെ നിയമങ്ങൾ പാലിച്ചു.
"എന്നെ വെറും ഡ്രൈവറാക്കി.'' എന്നു വണ്ടിയെടുക്കുമ്പോഴും ജാനകി പരാതി പറഞ്ഞു.
"ജാനകീ, നീ വണ്ടി സൂക്ഷിച്ചോടിക്ക്.'' സ്പീഡോമീറ്ററിലെ സൂചി ഇപ്പോൾ കെട്ടുപൊട്ടിക്കുമെന്ന മട്ടിൽ ഭ്രാന്തെടുത്ത് ചാഞ്ചാടുന്നതു കാണുമ്പോൾ ഞാൻ കയർക്കും. ""ഇത്ര സ്പീഡിൽ പോയിട്ടെന്താ? റോഡിൽ പാലിക്കേണ്ട ചില ജനാധിപത്യമര്യാദകളൊക്കെയുണ്ട്.''
