തന്നെപ്പോലെ ഒരാൾ ഈ ചെറിയ പട്ടണത്തിലെവിടെയോ ഉണ്ട്. അസ്വസ്ഥതയോടെ ജെ. മനസ്സിലാക്കി. കുത്തനെയുള്ള ഇറക്കം ചവിട്ടിയിറങ്ങിവരുന്ന സൈക്കിൾകാരൻ ആയാസപ്പെട്ടു ബ്രേക്കു പിടിച്ച് ജെ.യോടു ചോദിക്കുന്നു: "എം. അല്ലേ? എത്ര കാലമായി കണ്ടിട്ട്?'
ചുവന്ന കണ്ണുകളും കൊമ്പൻമീശയും മുഖത്തു വെട്ടിന്റെ പാടുകളും ഉള്ള സൈക്കിൾകാരൻ.
"ഞാൻ എം. അല്ല.' ജെ. ഭയന്നുവിറച്ചുകൊണ്ടു പറഞ്ഞു.
സൈക്കിൾ കിഴുക്കാംതൂക്കായി ഒഴുക്കു തുടർന്നു.
തിയേറ്ററിൽ അടുത്ത സീറ്റിലിരുന്നയാൾ ലൈറ്റ് വന്നപ്പോൾ മുതുകിലടിച്ചുകൊണ്ടു ചോദിച്ചു: "തന്നെ എവിടെയും കാണാമല്ലോ?'
"ഞാൻ എം. അല്ല.' ജെ. ഞെട്ടിപ്പറഞ്ഞു.
ജട നിറഞ്ഞ കൈയുയർത്തി അയാൾ ക്ഷമ ചോദിച്ചെങ്കിലും ജെയ്ക്ക് പിന്നെ ഇരിക്കാൻ വയ്യാതായി. വീണ്ടും ലൈറ്റണഞ്ഞപ്പോൾ എണീറ്റുപോന്നു.
അപ്പോൾ എന്നെപ്പോലൊരാൾ ഈ ടൗണിൽ വളരെക്കാലമായി താമസമുണ്ട്. ജെ. മനസ്സിലാക്കുന്നു.
ജിംനേഷ്യത്തിനു മുന്നിലൂടെയുള്ള റോഡിനുമീതെ, സ്റ്റേഡിയത്തിന്റെ വളവിൽ ഒളിഞ്ഞുനിന്ന് മരങ്ങൾ ഇലനീട്ടി തണൽ തന്നു. കരകൗശലവസ്തുക്കൾ വില്ക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു കാറിലേക്കു കയറുവാൻ തുടങ്ങുകയായിരുന്ന മദ്ധ്യവയസ്‌കൻ നാവൊടിച്ചു ശബ്ദമുണ്ടാക്കി വിളിച്ചു. വെള്ളത്തിൽ കല്ലു വീഴുന്ന ശബ്ദം.
ഇതാ വീണ്ടും എമ്മിനെ ആവശ്യപ്പെടുന്നു. അയഞ്ഞു തിളങ്ങുന്ന പാന്റും ചുരുട്ടുമൊക്കെയുള്ള ധനികൻ അടുത്തു വന്നു. കോപിച്ച് കൈ ചുരുട്ടിക്കൊണ്ടു പറഞ്ഞു: "പറഞ്ഞാൽ, പറഞ്ഞതുപോലെ ചെയ്യണം.'
"ഞാൻ–' ജെ. പറയാൻ ഒരുങ്ങി.
"പണം വാങ്ങിക്കഴിഞ്ഞാൽപ്പിന്നെ അതെന്തിനാണ് വാങ്ങിയത് എന്നു മറക്കാൻ പാടില്ല.' അയാളുടെ വായ ദുർഗന്ധം വമിച്ചു.
"നിങ്ങൾക്ക്–' ജെ.യെ പറയാൻ സമ്മതിക്കാതെ അട്ടഹാസം ഉയർന്നു:
"സുകേശിനിയെ കൊണ്ടുവരുംപോലും. ഒന്നുകിൽ പണം തിരികെ തരണം. അല്ലെങ്കിൽ ഇന്നു രാത്രി–'
"ഞാൻ ജെ.യാണ്. എം. അല്ല.'
ദേഷ്യപ്പെട്ടു നടക്കാൻ തുടങ്ങുമ്പോഴേക്കും ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള കാറ് അയാളെ കടന്നുപോയിരുന്നു.
എം. ചീത്ത പ്രവൃത്തികൾ ചെയ്യുന്നവനാണ്. അതും പോരാഞ്ഞ് ഇടപെടുന്ന ആളുകളെ കബളിപ്പിച്ച് പണമുണ്ടാക്കുന്നവൻകൂടിയാണ്. ജെ. ഉറപ്പിച്ചു.
അവന് ച്യുതിയില്ല.
എന്തായാലും ഒരിക്കൽ തന്റെ ശരീരമുള്ള തന്റെ ഈ മുഖത്തെ ഒന്നു കാണണം.
ജെ. പോക്കറ്റിൽ കത്തിയുമായി നടന്നു.
മുഖങ്ങളിലൊക്കെ ദൃഷ്ടി പായിച്ചു. നീളത്തിൽ കണ്ണുകൾ. അവയ്ക്കു മുകളിൽ രോമം വിതച്ച വരകൾ. ചായം പിടിപ്പിച്ചവയും അല്ലാത്തവയുമായ കവാടങ്ങൾ. മേൽക്കീഴായി നാസാരന്ധ്രവും ശ്രവണേന്ദ്രിയവും. നാറുന്ന ഗുഹകളിൽനിന്ന് നാവുകളും എത്ര കോടി. പക്ഷേ, തന്റെ പ്രതിച്ഛായ കണ്ടുപിടിക്കണമെങ്കിൽ ലോഡ്ജിൽ ആണി താങ്ങുന്ന പൊട്ടിപ്പൊളിഞ്ഞ കണ്ണാടിയിൽ പ്രകാശമെത്തണം.
വൈകുന്നേരം അഞ്ച് നാല്പത് എന്ന് ജെ.യുടെ വാച്ച് ഉദ്‌ഘോഷിക്കുന്നു. അതിന്റെ അർത്ഥം കടന്നുപോകുന്ന വാച്ചുകളിലെല്ലാം സമയം അഞ്ച് നാല്പത്തിയഞ്ചിനും അഞ്ച് മുപ്പത്തിയഞ്ചിനും മദ്ധ്യേയാണെന്നാണ്. ഓരോരുത്തരും അവനവന്റെ വാച്ചിനെച്ചുറ്റി അലയുന്നു. പത്ത് ഇരുപതിന് പാലത്തിന്റെ അടുത്തു നില്ക്കാം. വരുമോ? ഒന്ന് മുപ്പതിന് തെക്കുനിന്നു വരുന്ന (പെൺകുട്ടികളുടെ) ബസ്സിന്റെ രണ്ടാമത്തെ സീറ്റിൽ കിഴക്കേ അറ്റത്തായി സുന്ദരിയുണ്ട്. മൂന്നു പതിനഞ്ചിന് ചൊറിപിടിച്ച ചെക്കൻ സായാഹ്നപ്പത്രം വില്ക്കാനിറങ്ങും. ബൂത്തിൽ പാലു വാങ്ങാൻ വന്നവർ പിരിയുമ്പോൾ മണി മൂന്നേമുക്കാലായിരിക്കും. അങ്ങനെയങ്ങനെ–
ജെ.യുടെ വാച്ചിന്മേൽ മറ്റൊരു വാച്ചുരസി. ഒരാളുടെ കാലചക്രം മറ്റൊരാളുടേതിന്മേൽ ഉരസിയിരിക്കുന്നു. ജെ.യ്ക്ക് വെറുതെ തോന്നി.
നിറഞ്ഞുതുളുമ്പുന്ന രാജവീഥി. അരവരെ ഒരേ ഘടനയും രണ്ടു കാലുകളുമുള്ള സ്ത്രീപുരുഷന്മാർ, ഒരുപോലെ ഇടതുകാൽ, ഒരുപോലെ വലതുകാൽ എന്ന ക്രമത്തിൽ ഇളക്കി സഞ്ചരിക്കുന്ന സന്ധ്യ. ഭാഗ്യം. വാച്ചിൽ പോറലുണ്ടായിട്ടില്ല.
ജെ. തലയുയർത്തി നോക്കുമ്പോൾ ഇത് എം.തന്നെ.
ആണിയിൽത്തൂങ്ങാത്ത കണ്ണാടി.
"എം. അല്ലേ?'
"അതെ. ജെ?'
"എങ്ങനെയറിഞ്ഞു?'
"പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്.'
ജെ.യുടെ പോക്കറ്റിന്മേൽ ആർത്തിനിറഞ്ഞ ഒരു നോട്ടം വന്നുവീണു. പോക്കറ്റിനുള്ളിൽ വിളറി മഞ്ഞപ്പുകയറിയ പത്തു പൈസയ്ക്കു കിട്ടുന്ന ഒരു ബസ്ടിക്കറ്റ് ഏകാകിയായി നടുവൊടിഞ്ഞ് മരിച്ചുകിടന്നിരുന്നു.
"എന്തു ചെയ്യുന്നു?' ജെ. വെറുതെ കുശലം ചോദിച്ചു.
"വെറുതെ കഴിയുന്നു.' എം. ചിരിച്ചു. വലിയ അടുപ്പം കാണിച്ച് കൈയിൽ കടന്നു പിടിച്ചു:
"ജോലി?'
"പ്രത്യേകിച്ച് അങ്ങനെയൊന്നുമില്ല.' എം. പറഞ്ഞു: "മറ്റുള്ളവർക്കുവേണ്ട സഹായങ്ങളൊക്കെ ചെയ്തുകൊടുത്ത് ഒരു വിധത്തിൽ കഴിഞ്ഞുകൂടുന്നു സാർ.' സർ, അതു നേരത്തേ അറിഞ്ഞിരിക്കുന്നു സാർ ജെ. (നാണംകെട്ട പട്ടി).
ജെ. അവിവാഹിതനാണ്. എന്നിട്ടും കടുത്ത പ്രാരബ്ധമാണ്. കുറഞ്ഞ ശമ്പളക്കാരൻ. ചെറിയ സംഖ്യകൾ മണിയോർഡർ അയച്ച് അവയുടെ കുറ്റികൾ ശേഖരിച്ച് കൂട്ടിനോക്കി വീടു ചുമക്കുന്നവൻ എന്ന് വിമ്മിട്ടത്തോടെ അഭിമാനിച്ചു നടക്കുന്ന സ്വഭാവമുള്ളവനാണ്. സ്വയം പരിചയപ്പെടുമ്പോൾ ആരോടായാലും ആ വിവരം പറയും.
"ദാ നോക്കൂ, എന്റെ തോളുകൾ ഒരു വീടു ചുമക്കുന്നു. കാണുന്നില്ലേ?'
എമ്മിനെയും ചൂണ്ടിക്കാണിച്ചു.
എം. അയാളെ ഉപേക്ഷിച്ചു നടന്നുപോയി.
വീണ്ടും കാണുമ്പോഴേക്ക് എം. കുബേരനായി മാറിയിരിക്കും (ഇന്നത്തെക്കാലത്ത് വിജയം ഇത്തരക്കാർക്കൊക്കെയാണ്. ദുഷ്ടതയ്ക്കും ദുഷ്‌കൃത്യങ്ങൾക്കും കൂലി കിട്ടുന്ന കാലം).
ഞായറാഴ്ച പകൽ പാർക്കിൽ അലഞ്ഞു ക്ഷീണിച്ചപ്പോൾ മുണ്ടഴിച്ചുകളഞ്ഞു. പൂളിലിറങ്ങി കൈകാലുകളിളക്കി നീന്തി. മൂക്കിൽ വെള്ളം കയറി. ചെവി കൊട്ടിയടച്ചു നിന്നു. വെള്ളത്തിന്റെ അടിയിൽ മുങ്ങി മലർന്നു മുകളിൽനിന്നും കത്തി വീഴുന്ന സൂര്യന്മാരെ കണ്ടു. കൺപീലികളിന്മേൽ കുമിളകൾ തിളങ്ങുന്നതു നോക്കി രസിച്ചു.
ശരീരം തോർത്തി. കുളിർകാറ്റേറ്റു. ജീവിതവും കുമിളയല്ലേ എന്നോർത്തു നടക്കുമ്പോൾ ഒരു കുട്ടി ഓടിച്ചെന്ന് ഒരെഴുത്തു കൊടുത്തു.
"അശ്ലീലപുസ്തകത്തിൽ വർണിച്ച നാലു പോസുകളിൽ ഒതുങ്ങുന്ന ഒരു രാത്രിയാണോ പ്രേമം?'
തിരിഞ്ഞുനോക്കുമ്പോൾ കുട്ടി മറഞ്ഞിരുന്നു.
സ്ത്രീയുടെ എഴുത്ത്: "പുതിയ ടൂത്ത് പേസ്റ്റിന്റെ സ്വാദുപോലെയാണ് ഓരോ പുതിയ പെണ്ണും എന്നു നിങ്ങൾ പറയുമായിരുന്നു. പക്ഷേ, അതു പ്രയോഗത്തിലാക്കിക്കളയും എന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ദുഷ്ടൻ.'
എം. ദുഷ്ടനാണ്. കത്തിന്റെ അടിയിൽ താൻ മരിക്കും എന്ന് അവൾ എഴുതിയിരുന്നു.
"വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് സാനിട്ടോറിയത്തിന്റെ എതിരേയുള്ള ബസ്‌സ്റ്റോപ്പിൽ വരുമോ?'
ജെ. വ്യാഴാഴ്ച അവധിയെടുത്തു. പറഞ്ഞിടത്തു പോയി. ഉള്ളിലേക്കു ചുരുങ്ങിയ പിൻഭാഗവും മുഷിഞ്ഞ ചീട്ടുപോലെയുള്ള മാറിടവും മാത്രം അവശേഷിക്കുന്ന മധുരപ്രായക്കാരിയായ ഒരു പെൺപ്രേതം കൃത്യസമയത്ത് സാനിട്ടോറിയത്തിൽനിന്നു ചാടിവീണു.
"നിങ്ങളുടെകൂടെ ഒരിടത്തു വന്നാൽ (ഹോട്ടലിലായാലും ഏതു നരകത്തിലായാലും) നിങ്ങളെ മാത്രമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കൂട്ടുകാരൻപോലും. നല്ല പണം കിട്ടിയിരിക്കും, അല്ലേ?' അവൾ കരഞ്ഞു: "നിങ്ങളെ വിശ്വസിച്ചതുകൊണ്ട് ഞാൻ വഞ്ചിക്കപ്പെട്ടിരിക്കുന്നു. എന്റെ ജീവിതം നിങ്ങൾ കുറേശ്ശെയായി ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഒടുവിൽ ഇങ്ങനെയും.'
"ഞാൻ എം. അല്ല.' ജെ. പിറുപിറുത്തു.
റോഡിനെതിരായുള്ള വായുവിൽ ഒരാത്മാവ് ലയിക്കുന്നതു കണ്ടു.
ഇടയ്‌ക്കൊരിക്കൽ കടന്നുപോകുന്ന ഒരു കാറിന്റെ മുൻസീറ്റിൽ തന്റെ പ്രതിച്ഛായ ദർശിച്ചു. പിന്നെ പല വാഹനങ്ങളിലും ഒരിക്കലും ചിരിക്കാത്ത താൻ പൊട്ടിച്ചിരിച്ചുകൊണ്ടൊഴുകുന്നതു കണ്ടു. ഒരുച്ചയ്ക്ക് എയർപോർട്ടിലേക്ക് പോകുന്ന ബസ്സിലിരുന്ന് മിടുക്കനായ താൻ പാവമായ തന്നെ നോക്കി കൈ വീശി.
ജെ. സ്വകാര്യമായി വിഷാദിച്ചു.
അദ്ദേഹം അമ്പലത്തിൽ പോയി. എമ്മിന്റെ രൂപം മാത്രം തന്നിട്ട്, എന്തുകൊണ്ട് അയാളുടെ ഭാഗ്യങ്ങൾകൂടി തനിക്കു തന്നില്ല എന്ന് ദൈവത്തോടു കർശനമായി ചോദിച്ചു.
എന്നിട്ടെന്തു കിട്ടി?
(പട്ടാളക്കാരുടെ കാന്റീനിൽനിന്നു റം എടുത്തു തരാമെന്നു പറഞ്ഞു കാശു വാങ്ങിയിട്ട് ഒളിച്ചു നടക്കയാണ്, അല്ലേ?
ഞാൻ ജെ. ആണ്.
കടം വാങ്ങിയാൽ തിരികെത്തരണം. അന്വേഷിച്ചു വരുമ്പോൾ, അബോധാവസ്ഥ നടിച്ചു കിടന്നാൽ കൊന്നുകളയും. റാസ്‌കൽ.
ഞാൻ ജെ. ആണ് മിസ്റ്റർ.
നിങ്ങളുടെ ബ്ലഡ്ഡിന്റെ റിസൽറ്റ് കിട്ടി. പോസിറ്റീവാണ്. എന്തെങ്കിലും എളുപ്പം ചെയ്‌തോണം.
ഞാൻ ജെ. ആണ്. എം. അല്ല.
ചേച്ചി മരിക്കുമെന്നു പറയാൻ പറഞ്ഞയച്ചു.
ഞാൻ എം. അല്ല കുട്ടീ. ജെ. ആണ്.
"ഇനി ഇതു പൊതിഞ്ഞുകെട്ടിക്കൊണ്ടു നടക്കാൻ വയ്യ. ഇപ്പോൾതന്നെ കൂട്ടുകാരികൾക്കു മുഴുവൻ സംശയമായിരിക്കുന്നു. ഒരു മാസംകൂടി കഴിഞ്ഞാൽ...'
ഞാൻ ജെ. ആണ്. ഈ എഴുത്ത് എനിക്കുള്ളതല്ല.
അന്നു പറഞ്ഞ സ്വർണ്ണം.
അയ്യോ, ഞാൻ ജെ.യാണ്. ഞാൻ ജെ.യാണ്).
തന്നെ തോല്പിച്ചുകൊണ്ട് അപരൻ പണക്കാരനായിക്കാണും. കാറു വാങ്ങിയിരിക്കും. റോട്ടറി ക്ലബ്ബിലും മറ്റും പ്രസംഗിക്കുകയും ഹോട്ടൽമുറികളിൽ ഛർദ്ദിക്കുകയും കോളേജ് വിദ്യാർത്ഥിനികൾക്ക് ധനസഹായം ചെയ്യുകയും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും ആരോടും വിനയത്തിൽ സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടാവും.
ജെ.യ്ക്ക് അസൂയ ഉണ്ടായി.
അയാൾ പരിചയക്കാരെ കണ്ടാൽപ്പോലും കുനിഞ്ഞു നടന്നു പോകുന്ന ഒരു മണ്ടനായി മാറി.
ഒരാൾക്ക് ഒരു പട്ടണത്തിൽ എത്ര വർഷങ്ങൾ വേണമെങ്കിലും താമസിക്കാം. പത്തു വർഷം തുടർച്ചയായി താമസിച്ചു കഴിയുമ്പോൾ ഒരാൾ അവിടത്തെ ഒരു ചരിത്രവസ്തുവായി മാറുന്നു എന്നുമാത്രം. അതെങ്ങനെ? ഒരാളുടെ പുറംതോടുകൾ ചിതൽ കൊണ്ടുപോകുന്നു. ഒരാളുടെ കണ്ണും മൂക്കും ഒക്കെ പൊതിഞ്ഞ് ചിലന്തികൾ വലകെട്ടുന്നു. വരുമ്പോൾ വാങ്ങിയ പാന്റുകൾ മാത്രം അന്നും നിലനില്ക്കുന്നു. പൊടിഞ്ഞ് തുന്നിയവ. നിങ്ങൾ പറഞ്ഞതു ശരിയാണ്. കോഫിഹൗസിന്റെ മുന്നിലടിഞ്ഞുകൂടാറുള്ള പുതിയതായി പെറ്റുവളർന്ന കൃമികൾ, ജെ. കടന്നുപോവുമ്പോൾ രഹസ്യം പറഞ്ഞു: "പതിനഞ്ചു വർഷത്തിനു മുമ്പത്തെ ഫാഷൻ...'
ചരിത്രവസ്തുവിന്റെ മുടിചീകലും കൈ മടക്കിവയ്ക്കുന്ന രീതിയും ഷൂസുകളും എല്ലാം ഫാഷന്റെ മാറ്റങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾ ശ്രദ്ധിച്ചു പഠിച്ചു. അവയെക്കുറിച്ചു വിശദമായ നോട്ടുകൾ കുറിച്ചെടുത്തു. വീണ്ടും ഒരിക്കൽ രണ്ടാം തവണ എമ്മിനെ നേരിടേണ്ടിവന്നു. ഇപ്പോഴത്തെ തന്റെ മുഖത്തിന്റെ പ്രതിച്ഛായ. കാലം ഒരുപോലെയാണെന്നു തോന്നുന്നു എല്ലാവർക്കും നീങ്ങുന്നത്. അഞ്ചു മിനിട്ടിന്റെ വ്യത്യാസം മുഖത്തെ ചുളിവുകളിൽ കാണാനില്ല. രണ്ടാളും ഇപ്പോഴും ഒരുപോലെ.
എം. വലിയ പണക്കാരനായിക്കാണും. ജെ. മനസ്സിൽ ഉറപ്പിച്ചു.
എം. അടുത്തു വന്നു: "വളരെ നാളായല്ലോ കണ്ടിട്ട്.'
"നൂറു മേനിയും ശരി.'
കുതിരച്ചാണകം അരഞ്ഞുചേർന്ന റോഡിൽ, വഴിയാത്രക്കാരുടെ കഫം ഉണങ്ങി, കുമിളകുത്തി നിന്നിരുന്നു. ജീവിതം, എം. അതിന്റെ മേലേക്കു തുപ്പി. രക്തം കലർന്ന ലേശം ദുർഗന്ധമുള്ള തുപ്പൽ റോഡു നനച്ചു. പൊട്ടാത്ത കുമിളയ്ക്കു ചുവപ്പു നിറം ബാധിച്ചു.
"മാര്യേജൊക്കെ കഴിഞ്ഞോ?' എം. ചോദിച്ചു.
"എവിടെ? പ്രാരബ്ധങ്ങൾ തീർന്നിട്ട് ഒരു മാത്രയെങ്കിലും ജീവിക്കാൻ പറ്റുമോ എന്നു സംശയമാണ്. അതിരിക്കട്ടെ. ജീവിതം എങ്ങനെ?'
"കഷ്ടപ്പാട്.'
"കോടീശ്വരനായില്ലേ?' ജെ. ആകാംക്ഷയോടെ അന്വേഷിച്ചു.
"ആര്?'
"ഞാൻ വിചാരിച്ചത്–'
"കുഞ്ഞേ–' എം. ഏങ്ങലടിച്ചു. അയാളുടെ പോക്കറ്റിന്റെ അടിഭാഗം നീളത്തിൽ കീറിയിരുന്നു. കണ്ണുകളിൽ ചിലന്തിവലകൾ കണ്ടു. അവയിൽ എട്ടുകാലിയുടെ കുഞ്ഞുങ്ങളെ കണ്ടു. മൂക്കു നിറഞ്ഞിരുന്നു. ഇടയ്ക്കിടെ കൊഴുത്ത ജലം തല നീട്ടി നരച്ചുതുടങ്ങിയ മീശയിന്മേൽ നക്കി.
ജെ.യ്ക്ക് ഭയം തോന്നി. അതു മനസ്സിലായപ്പോൾ എം. ആവശ്യപ്പെട്ടു:
"ഇരുപത്തഞ്ചു പൈസ വേണമായിരുന്നല്ലോ?'
ഭയം മാറി സഹതാപമായി.
ആകെയുണ്ടായിരുന്ന പത്തൊൻപതു പൈസ എമ്മിനു കൊടുത്തു.
"ഞാൻ വിചാരിച്ചത്–' ജെ. പറഞ്ഞു:
"നിങ്ങൾക്കു നല്ല വരുമാനമുണ്ടായിരുന്നു എന്നാണ്.'
"തെറ്റായ ധാരണകൾ. നമ്മുടെയെല്ലാം രക്ഷിതാക്കൾ പൊതുജനമല്ലേ, ജെ? പിന്നെങ്ങനെ?'
"പഴയ തൊഴിലൊക്കെ–'
"നിർത്തിയോ എന്നാണോ? അവ ഇപ്പോൾ ജീവിതമാണ്. ജീവശ്വാസമാണ്.'
എം. നന്ദി പറഞ്ഞു, പത്തൊൻപതു പൈസ കൊടുത്തതിന്. പിന്നെ നടന്നു. നടക്കുമ്പോൾ പൊടിഞ്ഞുപോയ കണ്ണുകളിൽ ചിലന്തിക്കുട്ടികൾ ഓടിക്കളിച്ചു. വിശപ്പും പട്ടിണിയും പഴയതുപോലെ നഗ്നമായി. തമിഴുനൃത്തം തുടരുന്ന കണ്ണുകൾ.
"നിന്നെപ്പോലൊരാൾ.' ജെ. അകത്തേക്കു ശ്രദ്ധാപൂർവം വിളിച്ചു പറഞ്ഞു.
"അവിവാഹിതനും പത്തുപതിനഞ്ച് ഇൻക്രിമെന്റുകൾ വാങ്ങിയ ഗവൺമെന്റുദ്യോഗസ്ഥനുമെല്ലാമായ നിന്നെപ്പോലെ ഇതാ ഒരാൾ.' നാലു കണ്ണുകളിലും ഒരേതരം ചിലന്തികൾ. രണ്ടു മൂക്കുകളിലും ഒരേ കൊഴുപ്പുള്ള ഉറവ.
ജീവിതത്തിൽ ആദ്യമായി, ജെ.യ്ക്ക് ഒരാവേശം അടക്കാൻ വയ്യാതെയായി.
ആരോടെങ്കിലും ഇതു പറയണം.
പത്മരാജൻ
