അന്തിപ്പിശാച്

Short Story

അന്തിപ്പിശാച്


ങ്ങനെയൊരു ഏടാകൂടത്തിൽ പോയി ചാടുമെന്ന് സത്യമായിട്ടും വിചാരിച്ചിരുന്നില്ല. ഡാളിയെ കാണാനുള്ള ഒടുക്കത്തെ ആശയാണ് വിനയായത്. എന്നിട്ടോ, അവളെയൊട്ടു കണ്ടതു​മില്ല. ആ നിരാശയിലാണ് തെക്കുമ്പുറത്തെ കയ്യുമ്മയുടെ പറ​മ്പി​ലേക്കു ചാടിക്കടന്നത്. അതൊരു എളുപ്പവഴിയാണ്. തുമ്പ​കടി കൊണ്ടാലുമെന്താ, മൂന്നാലഞ്ചു കിലോമീറ്റർ ദൂരം നടത്തം ലാഭമല്ലേ എന്നോർത്തപ്പോൾ, മതിലിന്റെമീതെ നിരത്തിയിട്ടുള്ള കുപ്പിച്ചില്ലുകളും ആണിയുമൊക്കെ നിസ്സാരമായിട്ടാണ് കണ്ണിൽ തെളിഞ്ഞത്.

എന്റെ കൂസലില്ലായ്മയ്ക്കു മുമ്പിൽ അവർ മുന താഴ്ത്തിത്തന്നതാണെന്നും വേണേൽ വർണ്ണിക്കാം. പക്ഷേ, അതിനുപറ്റിയ സന്ദർഭം ഇതല്ല. മാത്രമല്ല, വർണ്ണനകളിലൊന്നും യാതൊരു കഥയുമില്ലെന്നും പണിമിടുക്കിലാണ് കാര്യമെന്നും കൂടക്കൂടെ മേനി പറയുന്നവളായിരുന്നു മൈ ഡാർളിങ് ഡാളി. ആ പഞ്ചാര വാക്കിൽ മൂക്കുംകുത്തിവീണ എനിക്കു കിട്ടിയതോ, എട്ടിന്റെ പണി. നാലഞ്ചേക്കർ പറമ്പിന്റെ ഒത്തനടുക്കായിട്ടാണ് കയ്യുമ്മയുടെ വീടിന്റെ സ്ഥാനം. ചുറ്റോടുചുറ്റുമുള്ള പച്ചപ്പിന്റെ ധാരാളി​ത്ത​ത്തിൽ ഇരുട്ടുപിടിച്ചുപോയ ഒരു പഴഞ്ചൻ വീടാണത്. കയ്യുമ്മയും തലയ്ക്ക് സ്ഥിരതയില്ലാത്ത ഒരു മകളും മാത്രമാണ് അവിടെ താമസം. ഒരു മകനുള്ളത് കുടുംബസമേതം ഖത്തറി​ലാണ്. പകൽ, ജംബർ ജാനകി എന്ന ഒരു സ്ത്രീ വന്ന് അകംപുറം പണികൾ ചെയ്തുകൊടുക്കും. ഉമ്മാന്റെയൊപ്പം അന്തിക്കൂട്ടിനു കിടന്നാൽ മാസപ്പടി കൂട്ടി​ത്തരാമെന്നും പറഞ്ഞ് എല്ലാ മാസാവസാനവും ഖത്തറിൽനിന്നു ജമാൽ ലേലംവിളി നടത്തും. ജാനകി ആ ഓഫറിനുനേരേ കണ്ണ​​ടയ്ക്കും. നാലുചക്രം അധികം കിട്ടിയാൽ കയ്ക്കത്തൊന്നുമില്ല. പക്ഷേ, അവൾക്ക് കെട്ട്യോനെ അത്ര വിശ്വാസം പോര. കണ്ണു​തെറ്റിയാൽ കണ്ടവളുമ്മാരെ വിളിച്ചു വീട്ടിൽ കേറ്റിക്കളയുന്ന, പെണ്ണുങ്ങളുടെ നിഴലിനെപ്പോലും വെറുതെവിടാത്ത ഒരു ഞര​മ്പനാണ് പ്ലംബർ രാജൻ. ഇതൊക്കെ ഡാളി പറഞ്ഞുതന്നുള്ള അറിവുകളാണ്. ഇതു​പോലെ വടക്കുമ്പുറത്തുള്ളവരുടെ കഥകളും ഞാൻ അവൾക്കു പറഞ്ഞുകൊടുത്തിട്ടുണ്ട്.

ഒരു കടവിന്റെ അപ്പുറത്തും ഇപ്പുറത്തുമായിട്ടാണു ഞങ്ങളുടെ ജീവിതം! പറഞ്ഞുവന്നത് ഏടാകൂടത്തെക്കുറിച്ചാണ്. ജീവിതവും ഒരു കെണിതന്നെ. പലതും മോഹിപ്പിച്ചു കുടുക്കി​ക്കളയുമെന്ന് ഡാളി ഇടയ്ക്കിടെ പറയാറുണ്ട്. പറഞ്ഞുപറഞ്ഞ് പിന്നേം കാടുകേറുന്നെന്നു പരാതി പറ​യരുതേ... കാടുകേറാതെ എങ്ങനെ പോകാനാണ്. കയ്യുമ്മയുടെ പറമ്പിലപ്പടി വാഴയും കപ്പയുമാണ്. നിലംപറ്റി വളരുന്ന മത്തനും ചീരയുമാണ്. തൊട്ടുമുട്ടി നിൽക്കുന്ന ചേമ്പും ചേന​യു​മാണ്. വള്ളികളിൽ ആടികളിക്കുന്ന പാവലും പടവനുമാണ്. ആകാശംമുട്ടിയ പ്ലാവുകളും മാവുകളുമാണ്. കുടനിവർത്തിയ തെങ്ങുകളും കവുങ്ങുകളുമാണ്. അതിരുകളിലാകട്ടെ, തൊട്ടാൽ പിണങ്ങുന്ന തൊട്ടാവാടികളും ചവിട്ടിയാൽ തിരിച്ചു കടിക്കുന്ന പല ജാതികളുമുണ്ട്. പിന്നെയൊരു ആശ്വാസമുള്ളത്, ഭൂമിയുടെ ഞരമ്പുപോലെ, രണ്ടുതൂമ്പ ആഴത്തിലുള്ള ഒരു തോട് മോട്ടോർപുരയുടെ കെട്ടിൽനിന്നുമാരംഭിച്ച് പറമ്പിലൂടെ തലങ്ങും വിലങ്ങും ഒഴു​കുന്നുണ്ട് എന്നതാണ്.


Related Articles