അവിചാരിതമായാണ് എന്റെ ജീവിതത്തില്‍ പല കാര്യങ്ങളും സംഭവിച്ചിട്ടുള്ളത്. പലരും നീണ്ട സമയവും അന്വേഷണവുംകൊണ്ടെടുക്കുന്ന തീരുമാനങ്ങള്‍ എനിക്ക് അര നിമിഷംകൊണ്ട് എടുക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ ഡിവോഴ്സ് വക്കീലിനെ അങ്ങിനെയാണ് കണ്ടെത്തിയത്. ഒറ്റ ഗൂഗിള്‍ സേര്‍ച്ച്. സേര്‍ച്ച് റിസല്‍ട്ടില്‍ ആദ്യം വന്ന വക്കീലിനെ ഞാന്‍ ജീവിതം രണ്ടായി മുറിക്കാന്‍ ഏല്‍പ്പിച്ചു. അദ്ദേഹം ആ ജോലി വളരെ ഭംഗിയായി ചെയ്തു. ഈയിടെ അതുപോലെ നടത്തിയ മറ്റൊരു ഗൂഗിള്‍ സേര്‍ച്ചിലാണ് ഞാന്‍ തിരുനെല്ലിയിലെ ആചാരത്തിനെ കുറിച്ച് മനസ്സിലാക്കിയത്. വായിച്ചതും ഞാന്‍ അത് ചെയ്യാന്‍ ഉറപ്പിച്ചു.
പിതൃക്കള്‍ക്ക് ബലിയിടാനാണ് പലരും തിരുനെല്ലിക്ക് പോകുന്നത്. കര്‍ക്കിടകവാവിന്. പക്ഷേ ഞാന്‍ തിരുനെല്ലിക്ക് പോകാന്‍ തീരുമാനിച്ചത് എന്റെ ജന്മദിനത്തിന്റെയന്നാണ്. എനിക്ക് നാല്‍പ്പത് തികഞ്ഞ ദിവസം. നാല്പതു തികഞ്ഞപ്പോഴാണ് ചില തിരിച്ചറിവുകള്‍ എനിക്കുണ്ടായത്. ഞാന്‍ ജീവിതത്തില്‍ പലരെയും കൊന്നുവെന്ന തിരിച്ചറിവ്. ശാരീരികമായ കൊലപാതകങ്ങളല്ല. അതിലും കൂടിയത്. അവരുടെ ആത്മാവിനു ക്ഷതം നല്‍കിയുള്ള കൊലപാതകം. അവര്‍ക്ക് അതിനുള്ള യോഗ്യത ഉണ്ടായിരുന്നോ, എനിക്കതിനുള്ള യോഗ്യത ഉണ്ടായിരുന്നോ എന്ന ചോദ്യങ്ങൾക്കൊന്നും ഇവിടെ പ്രസക്തിയില്ല. കൊന്നുവെന്നുള്ളത് സത്യം മാത്രം.
