ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു. അതൊരു സ്വപ്നംതന്നെയോ എന്ന് എനിക്കു നിശ്ചയം പോര. ഉച്ച തിരിഞ്ഞ നേരമായിരുന്നു.ഉച്ച എന്ന് പറയാൻപോലും എനിക്ക് മടിയാണ്. സൂര്യൻ പ്രകാശിച്ചു, കെട്ടിടങ്ങൾ തിളങ്ങി നിൽക്കുന്ന നേരത്തിനെയാണ് നമ്മൾ ഉച്ച എന്ന് പറയുക? ചന്തക്കവലയിൽ അന്നേരം നല്ല തിരക്കുണ്ടാകും. വലിയ ഉന്തുവണ്ടികളിൽ പഴങ്ങളും പച്ചക്കറികളും വിൽക്കുന്നവരും റോഡിന്റെ അരികിലെ കടകളിൽ, ഉണക്കമീൻ, തുണി, പലചരക്കുകൾ തുടങ്ങിയവ വിൽക്കുന്നവരും സാധനങ്ങൾ വാങ്ങാൻ വരുന്നവരുമായി ഉറക്കെ വിലപേശും. ചിലപ്പോൾ ചന്തക്കവലയിലെ ഇന്ത്യൻ കോഫി ഹൗസിൽ കാപ്പി കുടിക്കാൻ വരുന്ന ഒരു അച്ഛനെയും മകളെയും കാണാം. അല്ലെങ്കിൽ അവിടെനിന്ന് നല്ല മസാലദോശയും ചുവന്ന ബീറ്റ് റൂട്ട് കറിയും കഴിച്ചു ധൃതിയിൽ, പാർക്ക് ചെയ്തിരിക്കുന്ന തന്റെ ബൈക്കിന്റെ അരികിലേക്കു നടക്കുന്ന ഒരു ചെറുപ്പക്കാരനെ കാണാം. കറുത്ത പാന്റും നീല വരയൻ ഷർട്ടും ധരിച്ച ആ ചെറുപ്പക്കാരൻ ഒരു മെഡിക്കൽ റെപ്പ് ആവണം. തന്റെ ജോലിയിൽ വലിയ താത്പര്യം ഒന്നുമില്ലാത്ത ആ ചെറുപ്പക്കാരൻ പണി നിർത്തി കുറച്ചു നാൾ അവധിയെടുത്ത് പി.എസ്.സി കോൺസ്റ്റബിൾ ടെസ്റ്റ് എഴുതണോ വേണ്ടയോ എന്നുള്ള കുഴഞ്ഞു മറിഞ്ഞ ചിന്തയുമായി നടക്കുന്നയാളായിരിക്കും. എന്നാൽ ജോലിയിൽ നിന്ന് മാറിനിന്നാൽ വരുമാനമില്ലാത്ത അവസ്ഥയിൽ സ്വന്തം പിതാവിനെ അഭിമുഖീകരിക്കാൻ അവനു കഴിയില്ല. ഈ കുഴഞ്ഞുമറിഞ്ഞ ചിന്തകൾക്കിടയിലും ഡോക്ടർമാരുടെ മുൻപിൽ വശീകരിക്കുന്ന ചിരി പുറപ്പെടുവിക്കാൻ കഴിവുള്ള ആ ചെറുപ്പക്കാരനെ കടന്ന് ഒരു മധ്യവയസ്‌കൻ പോകുന്നു. അയാൾ ശീമാട്ടി ടെക്സ്റ്റയിൽസിന്റെ അരികിലുള്ള കാനറ ബാങ്കിന്റെ എ.റ്റി.എമ്മിന്റെ മുൻപിലേക്കാണു പോകുന്നത്. നഗരത്തിന്റെ ഏറ്റവും തിരക്കുള്ള ഈ ഭാഗത്ത് ആകെയുള്ളത് ഈ ഒരു എ.റ്റി.എം മാത്രമാണ്. അതിന്റെ മുൻപിൽ ഒരു ക്യൂ രൂപപ്പെട്ടിട്ടുണ്ട്. മുൻപ് നിങ്ങൾ കണ്ട, (നിങ്ങൾ കണ്ടോ എന്ന് എനിക്കുറപ്പില്ല) ആ ചെറുപ്പക്കാരനെപ്പോലെ ആകുലചിത്തനാണ് ഈ മധ്യവയസ്‌കനും.
നഗരത്തിൽ ഇത്തരം ഉച്ചനേരങ്ങളിൽ കണ്ടുമുട്ടുന്ന മനുഷ്യരിലെല്ലാം ആകുലതയുടെ ഒരു പാട ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. അവരുടെ ചിരികളിലും കാരണമില്ലാത്ത ഒരു രഹസ്യദുഃഖം കുടി കൊള്ളുന്നു. ഈ എ.റ്റി.എമ്മിന്റെ തൊട്ടടുത്തായി ശീമാട്ടിയുടെ എക്കണോമിക് സ്റ്റോർ സ്ഥിതി ചെയ്യുന്നു. അതിന്റെ മെയിൻ ഷോറൂമിനെക്കാൾ വില കുറഞ്ഞ വസ്ത്രങ്ങൾ ഇവിടെ കിട്ടും. മധ്യവയസ്‌കൻ എ.റ്റി.എമ്മിൽനിന്ന് പണം എടുത്തതിനുശേഷം കോളജിൽ പഠിക്കുന്ന തന്റെ മകൾക്കു വേണ്ടി അവിടെ നിന്ന് ഒരു ചുരിദാർ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.ഇതിനിടെ ക്യൂവിൽ തന്റെ മുൻപിൽ നിൽക്കുന്ന ചെറുപ്പക്കാരൻ ഒരു പെൺകുട്ടിയുമായി സൊള്ളുന്നത് നമ്മുടെ മധ്യവയസ്‌കനെ അലോസരപ്പെടുത്തുന്നു. ഒരുപക്ഷേ, അവൻ സംസാരിക്കുന്നത് തന്റെ മകളുമായെങ്ങാനും ആണോ എന്ന് അയാൾ ചിന്തിക്കുന്നു. അവൾ ഇടയ്ക്കിടയ്ക്ക് മുറിയിൽ അടച്ചിരുന്ന് ആരോടോ സംസാരിക്കുന്നത് അയാൾ ഈയിടെ ശ്രദ്ധിച്ചിരുന്നു. കോപത്തിന്റെ മൂന്നു വരകൾ അയാളുടെ നെറ്റിയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും അതുടൻതന്നെ മായുന്നു. ആ ചിന്തകൾ വളരെ പെട്ടെന്ന് ഇല്ലാതാകുന്നു. അങ്ങനെ ഒരു ചിന്ത മനസ്സിൽ വന്നതായി പോലും, അടുത്തനിമിഷം അയാൾ ഓർക്കുന്നില്ല. മനസ്സ് ഒരു പരൽമീൻകുളമാണ്. ഓരോ നിമിഷവും എത്ര ചിന്തകളാണ് ഒരാളുടെ മനസ്സിലൂടെ കടന്നുപോകുന്നത്. തന്റെ മുൻപിൽ നിന്ന ചെറുപ്പക്കാരൻ പണം എടുത്ത് തിരികെ പോയപ്പോൾ വൃദ്ധൻ അവന്റെ മുഖത്ത് പോലും നോക്കാതെ വേഗം കയറി പണം എടുത്തു. എന്നാൽ അയാൾ ചുരിദാർ വാങ്ങിക്കുന്നത് വേണ്ടെന്നു വച്ചു. ഒരു കല്ലെടുത്ത് പായൽപിടിച്ച ഒരു കുളത്തിൽ ഇട്ടാൽ ഉണ്ടാകുന്ന കുമിളകൾപോലെ, ഒരു നിമിഷത്തിന്റെ നൂറിൽ ഒന്ന് സമയം മാത്രം ആയുസ്സുള്ള കുറച്ചു മുൻപത്തെ അലോസരപ്പെടുത്തുന്ന ചിന്തകൾ അയാളുടെ തീരുമാനത്തെ സ്വാധിനിച്ചു എന്ന് ഉറപ്പാണ്. സദാ തിരക്കുള്ള ഈ നഗരം, ആളുകളുടെ ഇത്തരം ആകുല ചിന്തകൾക്കൊണ്ട് ഒരു വിഷാദ മഞ്ഞനിറം കൈക്കൊള്ളുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. എന്നിരുന്നാലും, ഞാൻ കണ്ട, പറയാൻ തുടങ്ങുന്ന ആ സ്വപ്നത്തിലെ പ്രളയം ബാധിച്ച നഗരത്തിന് ഒരു ബിസ്‌കറ്റ് ബ്രൗൺ നിറമായിരുന്നു. അത് വിജനവും നിശ്ശബ്ദവുമായിരുന്നു.
