രണ്ടായിരങ്ങളുടെ ആദ്യപകുതിയില്‍ മല്‍ഹറിലെ ഒരു പുസ്തകപ്രസാധനശാലയില്‍ പ്രൂഫ് റീഡിംഗ് സെക്ഷനില്‍ ഞാന്‍ ജോലി ചെയ്തിരുന്ന കാലത്താണ് അതിസുന്ദരിയായ ആ പെണ്‍കുട്ടി അവിടെ ജോലിക്ക് ചേരുന്നത്. കണ്ട ആദ്യമാത്രയില്‍ത്തന്നെ അവളെ മല്‍ഹറിലെ കൊച്ചുസുന്ദരി എന്ന് വിളിക്കാനാണ് എനിക്ക് തോന്നിയത്. അവള്‍ മുടികെട്ടുന്ന വിധമായിരുന്നു എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചിരുന്നത്. അങ്ങനെ മുടി കെട്ടുന്ന മറ്റൊരു പെണ്‍കുട്ടിയെ അക്കാലത്ത് ഞങ്ങളുടെ ആ പുസ്തകപ്രസാധനശാലയിലോ, മല്‍ഹര്‍ നഗരത്തില്‍ത്തന്നെയോ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. അവളോട് ഗാഢമായ അനുരാഗമുണ്ടാവാന്‍ കാരണമായ ഒന്നുരണ്ട് സംഭവങ്ങളും അക്കാലത്ത് എന്റെ ജീവിതത്തിലുണ്ടായി. അതിലാദ്യത്തെ സംഭവമുണ്ടാവുന്നത് ഒരു മെയ്മാസത്തിലാണ്. അതേപ്പറ്റി പറയുംമുന്‍പ് എന്റെ ജീവിതത്തെ വലയം ചെയ്തിരുന്ന രണ്ട് സങ്കടങ്ങളെ പറ്റി പറയേണ്ടതുണ്ട്.
ഞാന്‍ അഞ്ചാം തരത്തില്‍ പഠിച്ചുകൊണ്ടിരിക്കെയാണ് മല്‍ഹറില്‍ നിന്നും അല്‍പം മാറി മറ്റൊരു നഗരത്തില്‍ താമസിച്ചിരുന്ന എന്റെയൊരു അമ്മായി മരണപ്പെടുന്നത്. അമ്മായിയുടെ മരണം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ അമ്മയ്ക്ക് കിട്ടുന്നത് അല്‍പ്പം വൈകിയാണ്. അതുകൊണ്ടു തന്നെ പെട്ടെന്ന് അവരുടെ വീട്ടിലെത്താന്‍ തീവണ്ടിമാര്‍ഗ്ഗമാണ് ഞാനും അമ്മയും ആ നഗരത്തിലേക്ക് പുറപ്പെട്ടത്. എന്റെ ജീവിതത്തിലെ ആദ്യത്തെ തീവണ്ടിയാത്രയായിരുന്നു അത്. സ്‌നേഹിച്ച മനുഷ്യരോടൊപ്പമുണ്ടായിട്ടുള്ള മറ്റനേകം യാത്രകള്‍ എന്റെ ഓര്‍മ്മകളില്‍ നിന്ന് മറഞ്ഞുപോയിട്ടും ആ യാത്ര ഞാന്‍ എക്കാലവും ഓര്‍ത്തുവയ്ക്കാനുള്ള കാരണവും അതുതന്നെ. രാത്രി ഏറെ വൈകിയാണ് ഞങ്ങള്‍ അമ്മായിയുടെ വീട്ടിലെത്തിയത്. അമ്മായിയുടെ വീടിനോട് ചേര്‍ന്ന് ഞങ്ങളുടെ മറ്റൊരു ബന്ധുവിന്റെ വീട് കൂടിയുണ്ടായിരുന്നു. ദൂരെ നിന്നെത്തിയവര്‍ക്കുള്ള താമസം ആ വീടിന്റെ മുകള്‍നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് അമ്മയും ആ ബന്ധുവും തമ്മിലുള്ള സംസാരത്തില്‍ നിന്ന് എനിക്ക് മനസ്സിലായി. പിറ്റേന്ന് കാലത്താണ് എന്റെ ജീവിതത്തിലെ ആദ്യത്തെ വലിയ സങ്കടമുണ്ടാവുന്നത്. അമ്മയുടെ കൈപിടിച്ച് ആ വീടിന്റെ ഏണിപ്പടികള്‍ ഇറങ്ങുകയായിരുന്നു ഞാന്‍. പെട്ടെന്ന് ഞാന്‍ കാലിടറി താഴേക്ക് വീഴുകയും ആരൊക്കെയോ ചേര്‍ന്ന് എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു. വീഴ്ചയുടെ ആഘാതമുണ്ടാക്കിയ വേദനയേക്കാള്‍ അവിടെ കൂടിയ മനുഷ്യരുടെ പെരുമാറ്റങ്ങളാണ് എന്നെ സങ്കടപ്പെടുത്തിയത്. കുഴപ്പമൊന്നും കൂടാതെ എഴുന്നേറ്റ് വരുമ്പോള്‍ ഞാന്‍ കാണുന്നത് എല്ലാവരും എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നതാണ്. ഒരാള്‍ വീഴുമ്പോള്‍ പൊട്ടിച്ചിരിക്കുക എന്നത് മനുഷ്യസഹജമായ കാര്യമാണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. കുട്ടിയായിരുന്നതുകൊണ്ടു കൂടിയാവാം അതെന്നില്‍ കൂടുതല്‍ സങ്കടമുണ്ടാക്കിയത്.
മല്‍ഹറിലെ ഒരേയൊരു സര്‍ക്കാര്‍ കലാലയത്തില്‍ ഞാന്‍ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് രണ്ടാമത്തെ സങ്കടകരമായ സംഭവം എന്റെ ജീവിതത്തിലുണ്ടാവുന്നത്. അക്കാലത്തെനിക്ക് മൂന്നാംവര്‍ഷം പഠിച്ചിരുന്ന ഒരു പെണ്‍കുട്ടിയോട് കഠിനമായ അനുരാഗമുണ്ടായിരുന്നു. ഏതെങ്കിലുമൊരു സ്‌നേഹത്തെ കഠിനമായ അനുരാഗം എന്ന് വിശേഷിപ്പിക്കാനാവുമോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. എങ്കിലും അക്കാലം ഓര്‍ക്കുമ്പോള്‍ അതൊരു ഉചിതമായ പ്രയോഗം തന്നെയായിരിക്കുമെന്ന് കരുതുകയേ തരമുള്ളൂ. വലിയ വായനക്കാരിയായിരുന്നു അവള്‍. കോളേജ് ലൈബ്രറിയിലാണ് ഞാനവളെ ഏറ്റവുമധികം കണ്ടിട്ടുള്ളതും. ഞങ്ങള്‍ പഠിച്ചിരുന്ന കാലത്ത് ലൈബ്രറിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രണ്ട് വായനാമുറികളായിരുന്നു. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളുടെ വായനാമുറിയിലോ തിരിച്ചോ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. അതിനെതിരെ അക്കാലത്ത് കോളേജില്‍ വലിയൊരു പ്രതിഷേധസമരം സംഘടിപ്പിക്കപ്പെട്ടു. വിദ്യാര്‍ത്ഥിരാഷ്ട്രീയപ്രവര്‍ത്തനത്തിലൊന്നും അക്കാലത്ത് സജീവമായിരുന്നില്ലെങ്കിലും ആ സമരത്തിന്റെ മുന്‍പില്‍ ഞാനുമുണ്ടായിരുന്നു. വലിയൊരു വിവേചനത്തിനെതിരായി സംഘടിപ്പിക്കപ്പെട്ട ഒരു രാഷ്ട്രീയസമരമായിരുന്നു അതെന്ന ബോധ്യത്തോടെയൊന്നുമായിരുന്നില്ല ഞാന്‍ ആ സമരത്തില്‍ പങ്കെടുത്തത്. അവളോടൊപ്പം കുറച്ചുസമയമെങ്കിലും ചിലവഴിക്കാനുള്ള എന്റെ ആഗ്രഹമായിരുന്നു എന്നെ ആ സമരത്തിലേക്ക് ആകര്‍ഷിച്ചത്. സമരം വിജയിച്ചതോടെ വായനാമുറികള്‍ എല്ലാവര്‍ക്കുമായി തുറക്കപ്പെട്ടു. ഞാനും അവള്‍ പോകുന്ന അതേ നേരങ്ങളില്‍ ലൈബ്രറിയിലേക്ക് പോകാന്‍ തുടങ്ങി. വായിക്കാന്‍ എനിക്കത്ര ഇഷ്ടമായിരുന്നില്ലെങ്കിലും ഞാനൊരു വലിയ വായനക്കാരനാണെന്ന് അവളെ തെറ്റിദ്ധരിപ്പിക്കാനും അതുവഴി അവളുടെ സ്‌നേഹം പിടിച്ചുപറ്റാനും വേണ്ടി മാത്രം അക്കാലത്ത് ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ എന്റെ ജീവിതം ഈവിധം മാറ്റിത്തീര്‍ത്തത് ആ പുസ്തകങ്ങളാണ് എന്നുറപ്പാണ്.
