ഇന്നലെ പെരുവഴിയില്വച്ചു കണ്ടപ്പോള് മുരുകന് എന്നെ തിരിച്ചറിഞ്ഞില്ല. തുടുത്ത കവിളുകളും കറുത്ത കണ്ണടയും ഞങ്ങള് വേര്പിരിഞ്ഞതിനുശേഷമുള്ള എന്റെ സമ്പാദ്യമായിരുന്നു. മുരുകന്റെ സമ്പാദ്യം ഏഴു സര്പ്പങ്ങളും. പക്ഷേ, ഞാന് മുരുകനെ തിരിച്ചറിഞ്ഞു. മുഖത്തിന്റെ പകുതിഭാഗവും മറയ്ക്കുന്ന ആ പച്ചമറുകും പച്ചകുത്തിയ കൈത്തണ്ടയും എനിക്കു മറക്കാന് വയ്യ. ഞങ്ങള്ക്കിടയില് കറുത്ത കണ്ണടയും സര്പ്പങ്ങളുമുണ്ട്. ഞാനാരാണെന്ന് മുരുകനറിയില്ല. ഞാനറിയിക്കുകയുമില്ല.
കറുത്ത കണ്ണടയുടെ പിന്നിലുള്ള കണ്ണുകള്ക്കെല്ലാം കാണാന് സാധിക്കുന്നു. മുരുകനെയും മുരുകന്റെ സമ്പാദ്യമായ സര്പ്പങ്ങളെയും അവയെ മയക്കുന്ന മന്ത്രക്കുഴലും അതിന്റെ പുറത്ത് പച്ചകുത്തുന്ന മഷികൊണ്ട് വരച്ചിരിക്കുന്ന ആ അടയാളവും. ആ അടയാളമാണ് ഇന്നലെയും എന്നെ ഭയപ്പെടുത്തിയത്. ഇണചേര്ന്നുകിടക്കുന്ന രണ്ടു ത്രികോണങ്ങള് കമണ്ഡലുവിന്റെ പുറത്തെ സുദര്ശനചക്രത്തിന്റെ നിഴലുപോലെ മന്ത്രക്കുഴലിന്റെ ചുരയ്ക്കയുടെ പുറത്ത് അമര്ന്നുകിടക്കുന്നു. പച്ചനിറത്തിലുള്ള നിഴല്.
പൈതഗൊറാസ് മുതല് ഞാന്വരെയുള്ള മനുഷ്യന്റെ ഗണിതശാസ്ത്രത്തിന്റെ പ്രതീകമാണത്. ഇണചേര്ന്നുകിടക്കുന്ന ത്രികോണങ്ങള്. സര്ഗ്ഗപ്രക്രിയയിലേര്പ്പെട്ടിരിക്കുന്ന രേഖകള്.
