ആലീസ് പ്രേതം

Short Story

ആലീസ് പ്രേതം


നെറ്റിടോർച്ചിന്റെ വെട്ടത്തിൽ റബ്ബർക്കാടുകൾക്കിടയിലൂടെ, ഈടിപ്പള്ളകളിറങ്ങി, കല്ലുകൈയാലകൾ ചവിട്ടി ഏഴാം കല്ലെത്തിയപ്പോഴാണ് സാബു തോട്ടിൻകരയിലിരുന്ന ആലീസ് പ്രേതത്തെ കണ്ടത്. തോട്ടത്തിലെ മഞ്ഞിലും തണുപ്പിലും നേരിയ വെട്ട​ത്തിലും പ്രേതത്തിന്റെ രൂപം വ്യക്തമായില്ലെങ്കിലും. അത് ആലീസ് പ്രേതംതന്നെയാണെന്ന് സാബു ഉറപ്പിച്ചു.

തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തെ ചുംബിച്ചുകൊണ്ട് ഒടിഞ്ഞു​കിടക്കുന്ന മുളങ്കൂട്ടത്തിനു സമീപമായാണ് കാട്ടുകല്ലിൽ ആലീ​സിരുന്നത്. മുട്ടറ്റംവരെ കിടക്കുന്ന കൊച്ചുപെൺപിള്ളാരിടുന്ന പെറ്റി​ക്കോട്ടായിരുന്നു പ്രേതത്തിന്റെ വേഷം. മഞ്ഞിന്റെ പാട കൊണ്ട് പ്രേതം ഉടുപ്പിട്ടിരിക്കുകയാണെന്നാണ് സാബുവിന് ആദ്യംതോന്നി​യത്. ടാപ്പുകത്തിയും നെറ്റിടോർച്ചുമായി താൻ തോട്ടിലേക്കു മയങ്ങിവീഴുമെന്ന് തോന്നിയെങ്കിലും ആലീസിനു തന്നോടെന്തോ പറയാനുള്ളതുകൊണ്ടാണ് ബോധത്തിൽ നിൽക്കുന്നതെന്ന് അയാൾക്കുതോന്നി. തെറുപ്പുബീഡി എരിഞ്ഞ് ചൂട് ചുണ്ടിൽ തട്ടി​യത് അറിഞ്ഞപ്പോഴാണ് തനിക്കു ബോധമുണ്ടെന്ന് സാബു​വിനു മനസ്സിലായത്.

സ്വന്തം ഭാര്യ തൂങ്ങിച്ചത്ത് പ്രേതമായി മുന്നിൽവരുമെന്ന് ജീവിതത്തിലൊരിക്കലും സാബു പ്രതീക്ഷിച്ചിരുന്നില്ല. ഏഴാം കല്ലിലെ ഒരു റബ്ബറിലാണ് അവൾ ജീവിതമൊടുക്കിയത്. ആലീസിന്റെ പ്രേതത്തെ മുഖാമുഖം നേരിട്ടപ്പോൾ, റബ്ബർപാലിന്റെ കറവീണു നാറിയ കൈലിക്കിടയിലൂടെ മൂത്രം പോയി. തുടയിലെ ചുരുളൻ രോമങ്ങൾക്കിടയിലൂടെ മൂത്രച്ചൂട് തൊലിപ്പുറത്തു തട്ടി.


Related Articles