അടയാളം

Short Story

അടയാളം


പ്പൻ പോയപ്പോ പന്ത്രണ്ട് വയസ്സാണ്. വിശന്നാൽ മഴക്കാലത്തെ തവളകളെപ്പോലെ പല ശബ്ദത്തിൽ കരയുന്ന എന്നെയും രണ്ട് ഇളയതുങ്ങളെയും നോക്കാൻ അമ്മ ഏതൊക്കെയോ അടുക്കളകളിൽ പണിയെടുത്തു. ഒന്നും ഒന്നിനും തികയില്ലായിരുന്നു. മൂന്നെണ്ണത്തിൽ ആണൊരുത്തനായതുകൊണ്ട് പൊതിഞ്ഞുകൊണ്ടുവരുന്ന തീറ്റിമുതലുകളിൽ മുക്കാൽപങ്കും അമ്മ എനിക്കുതന്നെ തന്നു. പെങ്ങമ്മാരും അമ്മയെപ്പോലെതന്നെ വറ്റിവരണ്ടു. എന്നാലും അവരുടെ പാത്രങ്ങളിൽ ഞാൻ കയ്യിട്ടുവാരി. പ്രതിഷേധിച്ചതിന് പെങ്ങമ്മാരെ അമ്മതന്നെ അടിച്ചു. എത്ര വെട്ടിനിരത്തിയാലും എന്റെ ആർത്തി വീണ്ടും വീണ്ടും മുളച്ചുവന്നു. ഞാൻ ഉണരുന്നത് രാവിലെ എന്തെങ്കിലും കഴിക്കാമല്ലോയെന്നാലോചിച്ചുകൊണ്ടായിരുന്നു. രാവിലത്തെ തീറ്റികഴിഞ്ഞാൽ അരി തിളയ്ക്കുന്നതിന്റെ ഒച്ചയും താളവും ശ്രദ്ധിച്ച് ഞാൻ പുരയ്ക്ക് ചുറ്റും നടന്നു. ആകാശത്തുനിന്ന് അപ്പവും മുട്ടക്കറിയും വർഷിക്കുന്നത് ഞാൻ കിനാവ് കണ്ടു. കുരിശുമായി മലകയറുന്ന മേഘങ്ങൾക്കിടയിൽനിന്ന് ഇറച്ചിക്കറിയും ചോറുമായി മാലാഖ പ്രത്യക്ഷപ്പെടുമെന്ന് എല്ലാ ദിവസവും വിചാരിച്ചു. അമ്മയും പെങ്ങമ്മാരും അടുപ്പിൽ വച്ചാൽ ഉടനെ കത്തുന്ന കണക്കിൽ കൂടുതൽ ഉണങ്ങിക്കൊണ്ടേയിരുന്നു. ഒരു ദിവസം പട്ടണത്തിലെ ആസ്പത്രിയിൽ പോയിവന്ന അമ്മയ്ക്ക് ക്ഷയരോഗമാണെന്ന് വീടിന്റെ മൗനം പറഞ്ഞു. പണിയെടുക്കുന്ന വീടുകളിൽനിന്ന് അമ്മയ്ക്ക് വിലക്കു വന്നു. മറ്റെന്തിനേക്കാളും സങ്കടം എനിക്കതായിരുന്നു. കിട്ടുന്ന എച്ചിലിന്റെ ബാക്കി കഴിക്കാൻ വരാറുള്ള തെണ്ടിപ്പട്ടിയെ അന്നാദ്യമായി വീടിന്റെ പിറകിൽ നിന്ന് ഞാൻ കല്ലെറിഞ്ഞോടിച്ചു.

എനിക്ക് തിന്നണമായിരുന്നു. പടരൻ പുല്ലുകളും പൊന്തകളും പറിച്ച് വലിയ കെട്ടുകളാക്കി പശുക്കളും വലിയ ആലകളുമുള്ള വീടുകളിൽ കൊണ്ടുചെന്നു വിറ്റു. പുല്ലിൻകെട്ടിന് കനംകൂട്ടാൻ അതിനുള്ളിൽ കാണാത്തവിധം വലിയ മടലുകളോ കൊതുമ്പുകളോ തിരുകി. പലചരക്കോ മീനോ വാങ്ങിക്കൊടുത്ത് പല വീട്ടുകാരുടെയും സഹായിയായി. അവരുടെ അടുക്കളത്തിണ്ണകളിലിരുന്ന് അവർക്കു വേണ്ടാത്തതെല്ലാം തിന്നു. ചില വീടുകളിലെ വയസ്സുചെന്ന അപ്പാപ്പന്മാർക്കോ അമ്മൂമ്മമാർക്കോ ആശുപത്രിയിൽ കൂട്ടിരുന്നു. തൂമ്പയെടുത്ത് കിളച്ചു. കല്ലും മണ്ണും ചാണകവും ചുമന്നു. മീൻ ചുമന്നു. കിട്ടുന്നതിലൊരു പങ്ക് അമ്മയെയും പെങ്ങമ്മാരെയും തീറ്റി.

ആയിടെയാണ് ഞാൻ ആദ്യമായി കട്ടത്. പത്ത് തേങ്ങയായിരുന്നു മോഷണമുതൽ. മുതലാളിയുടെ പറമ്പുകടന്ന് ഒരു സന്ധ്യയ്ക്ക് വീട്ടിലോട്ട് പോവുകയായിരുന്നു. കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന തേങ്ങ കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. കഞ്ഞിക്ക് ചമ്മന്തിയരയ്ക്കാൻ അരമുറിത്തേങ്ങയില്ലാതെ ദൈവത്തിനെ പ്രാകുന്ന അമ്മയെ ഓർത്തു. എല്ലാം പൊതിയാത്തേങ്ങകളാണ്. മുതലാളിയെപ്പോലെതന്നെ. ഇരുട്ടിയപ്പോൾ എവിടന്നോ ഒരു ചാക്ക് തപ്പിയെടുത്ത് പതുക്കെ മുതലാളിയുടെ പറമ്പിലോട്ടിറങ്ങി പത്തുതേങ്ങ ചാക്കിൽ കെട്ടി വീടിന്റെ പിന്നാമ്പുറത്ത് വന്നു. ഒടിയാനിരിക്കുന്ന പഴയ പാര തപ്പിയെടുത്ത് തേങ്ങ ഓരോന്നായി പൊതിച്ചു. പത്തും കഴിഞ്ഞപ്പോൾ മടലെല്ലാം ചാക്കിലാക്കി പതുക്കെ പുഴയിലേക്ക് നടന്നു. കെട്ടഴിക്കാതെതന്നെ അത് അടങ്കലോടെ വെള്ളത്തിലിട്ടു. ഒഴുക്ക് അതിനെ നേരേ കൊണ്ടുപോയി മുക്കുന്നത് നോക്കി കുറച്ചുനേരം നിന്നു. മുകളിൽനിന്ന് ചന്ദ്രനും കുറച്ചു നക്ഷത്രങ്ങളും മാത്രം എന്നെ നോക്കിനിന്നു...


Related Articles