നെടുമ്പാശ്ശേരിയിൽ നിന്ന് അബുദാബി വിമാനത്താവളത്തിലെത്തിയപ്പോൾ പാതിരാത്രി. അവിടെ നിന്നു ന്യൂയോർക്കിലേക്കുള്ള വിമാനം ഉടനേയില്ലെന്ന അറിയിപ്പും സൗജന്യ പ്രാതലിനുള്ള കൂപ്പണും ഒരുമിച്ചെത്തി. ഇനി ഉറങ്ങാനാകില്ലെന്നു മനസ്സു കൽപ്പിച്ചാൽപ്പിന്നെ പോംവഴികളില്ല. നാടുവിട്ടുള്ള ആദ്യ യാത്രയുടെ പരിഭ്രമവുമുണ്ട്. കൂടെയുണ്ടായിരുന്ന നരച്ച മീശക്കാരനും അയാളുടെ പിന്നിലൂടെ മാത്രം നടന്നിരുന്ന ഭാര്യയും അസമയത്തു തന്നെ പ്രാതലു കഴിക്കാൻ തീരുമാനിച്ചതിനാൽ ചിത്തനും അവരോടൊപ്പം ചേർന്നു. ശീലിക്കാത്ത ആഹാരം വിളമ്പുന്ന ഇടങ്ങളിൽ ബ്രൗൺ ബ്രെഡും കോഫിയും കൊണ്ടു രക്ഷപ്പെടാറാണ് പതിവ്. തണുത്തു മരവിച്ച സാന്റ്‌വിച്ചും കട്ടിയുള്ള കോഫിയും കഴിച്ചുകൊണ്ടിരിക്കുമ്പോൾ, തേങ്ങാച്ചമ്മന്തിയിൽ കുതിർന്ന ആയിരം സുഷിരങ്ങളുള്ള ദോശയും ഫിൽറ്റർ കോഫിയും തിളങ്ങുന്ന പുഞ്ചിരിയും വിളമ്പിവച്ച വീട്ടിലെ പ്രാതൽ മേശയാണ് മനസ്സിൽ. ഇതൊരു ശാപമാണ്. എവിടെ ചെന്നാലും മനസ്സ് അവിടെയുണ്ടാകില്ല.
''ഇങ്ങനെ എപ്പഴും പഴേ കാര്യം തന്നെ ആലോചിച്ചോണ്ടിരിക്കണോര് യാത്ര ചെയ്യേണ്ട കാര്യമില്ല ചിത്താ...'' നളിനി പറയാറുണ്ട്.
''എഴുത്തുകാരുടെ മനസ്സ് അങ്ങനെയാകാതെ തരമില്ലമ്മേ...''
