വിർച്വൽ അധിനിവേശങ്ങൾ

Science

വിർച്വൽ അധിനിവേശങ്ങൾ



വലുതായപ്പോൾ
ഞാൻ യാത്ര തുടങ്ങി
മാഷേ, ആ സ്ഥലങ്ങളൊന്നും
ഭൂപടത്തിൽ കാണുംപോലെഅല്ലായിരുന്നു
നീലവരകൾ തിമിർക്കുന്ന പുഴകളായി,
പച്ചപ്പൊട്ടുകൾ അലറുന്ന കാടുകൾ
ശൂന്യമായിത്തോന്നിച്ച സ്ഥലത്തെല്ലാം
മനുഷ്യരായിരുന്നു, പിന്നെ മൃഗങ്ങൾ, പക്ഷികൾ, മലകൾ, രാത്രികൾ കവിത
ഇപ്പോഴിതാ ഒരാൾ
ഭൂപടംകൊണ്ടു കളിക്കുകയാണ്
നാടുകൾ അടർത്തിയും പിളർത്തിയും
ഒട്ടിച്ചുചേർത്തും ഒടിച്ചു മടക്കിയും
ചൂരൽ കാട്ടി ലോകത്തെ പഠിപ്പിക്കുകയാണ്
ഭൂമിശാസ്ത്രം
ചരിത്രം (ഭൂപടങ്ങൾ, സച്ചിദാനന്ദൻ)

ഭൂപടനിർമ്മാണശാസ്ത്ര ((Cartography)ത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭൂപടങ്ങളുടെ നിർമ്മിതിയുടെ പിന്നിൽ രാഷ്ട്രീയപരവും സാമ്പത്തികവുമായ കാര്യങ്ങളും കാരണങ്ങളുമുണ്ട്. പശ്ചിമാർധഗോളത്തിൽനിന്നും കടൽവഴി ഭാരതത്തിലേക്ക് സഞ്ചരിച്ച നാവികർ സമുദ്രങ്ങളുടെ കിടപ്പ്, കടൽത്തീരങ്ങളുടെ സംവിധാനം എന്നിവയാണ് ആദ്യമാദ്യം രേഖപ്പെടുത്തിയത്. പിന്നീട് സർവേയർമാരായിത്തീർന്ന പട്ടാളക്കാർ കരപ്രദേശങ്ങളുടെ അളക്കലും വരയ്ക്കലും നടത്തി. ഇന്ത്യയിലെത്തിയ വിദേശികൾ തമ്മിൽ ഭൂപടനിർമ്മാണത്തിൽ വാശിയേറിയ മത്സരം നിലനിന്നിരുന്നു. മാപ്പുകൾ എതിർശക്തികളുടെ കയ്യിലെത്താതിരിക്കാൻ അത്യന്തം രഹസ്യമായിട്ടാണ് കൈകാര്യം ചെയ്തിരുന്നത്. കാരണം വിവരശേഖരണത്തിനും വിഭവസമാഹരണത്തിനും അതുവഴി അധിനിവേശത്തിനും അവശ്യമായ സങ്കേതമായിരുന്നു ഭൂപടങ്ങൾ. ബ്രിട്ടീഷുകാർ ഭൗമസർവേക്കും വിവരശേഖരണത്തിനുമായി സർവേ ഓഫ് ഇന്ത്യ (SOI) എന്ന ഒരു സ്ഥാപനംതന്നെ ഉണ്ടാക്കി. 1767-ൽ സ്ഥാപിച്ച സർവേ ഓഫ് ഇന്ത്യആണ് ഇന്ത്യയിലെ ഏറ്റവും ആദ്യം സ്ഥാപിച്ച ശാസ്ത്രസ്ഥാപനം. ഇന്ത്യയിലെ ഭൂമിശാസ്ത്രവിവരങ്ങളുടെയും ഭൂപടങ്ങളുടെയും പരമാധികാരം നിക്ഷിപ്തമായിരിക്കുന്നത് 2017-ൽ ഇരുന്നൂറ്റമ്പതാം വാർഷികമാഘോഷിക്കുന്ന ഈ സ്ഥാപനത്തിൽതന്നെയാണ്.

ആദ്യകാലങ്ങളിൽ ഭൂമിയിൽനിന്ന് ആകാശഗോളങ്ങളുടെ സ്ഥാനചലനങ്ങൾ നിരീക്ഷിച്ചാണ് ദൂരവും ദിശയും സമയവും നിർണ്ണയിച്ചിരുന്നത്. പിന്നെ ഭൂമിയിൽ തിയോഡലൈറ്റ് പോലെയുള്ള ഉപകരണങ്ങളുപയോഗിച്ച് അളവുകൾ എടുത്ത് ദൂരവും കോണും ദിശയും നിർണ്ണയിച്ച് ഭൂപടങ്ങൾ തയ്യാറാക്കി. ഇപ്പോൾ ആകാശത്തുനിന്ന് ഭൂമിയെ നിരീക്ഷിച്ചാണ് ഭൗമവിവരങ്ങൾ ശേഖരിക്കുന്നത്.


Related Articles