യൂറി ഗഗാറിനും നീൽ ആംസ്ട്രോങ്ങിനും ശേഷം ഒരുപക്ഷേ, ബഹിരാകാശയാത്രികരിൽ ഏറ്റവും പ്രശസ്തിയാർജ്ജിച്ചത് സുനിത വില്യംസ് ആയിരിക്കും. ബഹിരാകാശയാത്രിക എന്ന നിലയ്ക്ക് വന്നുചേരുന്ന റെക്കോഡുകളും മറ്റുനേട്ടങ്ങളും മാത്രമല്ല സുനിതയെ വേർതിരിച്ചുനിർത്തുന്നത്. അവർ കടന്നുവന്ന പാതകളും കരഗതമായ അനന്യാനുഭവങ്ങളും ഒടുവിൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും തന്നിലേക്ക് കേന്ദ്രീകരിക്കപ്പെട്ട വിശേഷസാഹചര്യത്തെ അവർ കൈകാര്യം ചെയ്ത രീതിയും കൂടിയാണ്.
ഇന്ത്യക്കാരനായ പിതാവിനും സ്ലൊവേന്യൻ വംശജയായ മാതാവിനും ജനിച്ച സുനിത ഇരുസംസ്കാരങ്ങളുടെയും വൈവിധ്യം അനുഭവിച്ചാണ് വളർന്നത്. ജീവിതത്തിന്റെ പിന്നീടുള്ള ഓരോ ഘട്ടത്തിലും അതിന്റെ ഗുണം സുനിത പ്രകടിപ്പിക്കുന്നുണ്ട്. നീന്തലിനോടുള്ള അഗാധമായ പ്രതിപത്തി പിന്നീട് ആകാശസഞ്ചാരത്തിലേക്ക് പരിവർത്തനപ്പെട്ടത് രസകരമായ കഥയാണ്. വായുപോലെ ജലത്തെയും സ്വീകരിച്ച കൗമാരത്തിൽനിന്നാണ് വായുസീമകൾ കടന്നുള്ള മഹാപ്രയാണത്തിലേക്ക് ചുവടുവെച്ചത്. എപ്പോഴും ‘സ്പെഷ്യൽ’ ആണ് സുനിതയുടെ നോട്ടം. എല്ലാവരും പഠിക്കുമ്പോൾ നീന്താൻപോയതും പിന്നീട് നേവൽ അക്കാദമിയിൽ ചേർന്നതും അവിടെനിന്ന് നാസയിലെത്തിയതുമെല്ലാം അങ്ങനെയാണ്. യഥാർഥത്തിൽ സുനിതയുടെ സാധ്യതകൾ എവിടെയാണെന്ന് തിരിച്ചറിഞ്ഞ സഹോദരൻ ജെയിന്റെ ദീർഘവീക്ഷണമാണ് സുനിതയുടെ ജീവിതത്തിൽ നിർണായകമായത്. യു.എസ്. നേവൽ അക്കാദമിയിൽ നേരത്തേതന്നെ ചേർന്ന ജെയ്ൻ സുനിതയെ അവിടേക്ക് കൊണ്ടുപോകുകയായിരുന്നു.
അമേരിക്കൻ തീരങ്ങളിൽനിന്ന് മെഡിറ്ററേനിയനിലേക്കും ചെങ്കടലിലേക്കും പേർഷ്യൻ ഗൾഫിലേക്കുമെല്ലാം സുനിത പലതവണ വിന്യസിക്കപ്പെട്ടു. എൻജിനീയർ, ഡൈവർ, ഹെലികോപ്റ്റർ പൈലറ്റ്, ടെസ്റ്റ് പൈലറ്റ് തുടങ്ങി നിരവധിയായ വിശേഷണങ്ങൾക്കുശേഷം സ്വപ്നത്തിൽപോലും ഇല്ലാതിരുന്ന ബഹിരാകാശയാത്രികയെന്ന സാധ്യതയിലേക്ക് സുനിതയുടെ കരിയർ വഴിമാറിയത് 31–ാം വയസിലാണ്. ബഹിരാകാശസഞ്ചാരരംഗത്ത് വലിയ സംഭവങ്ങൾ ഉണ്ടാകുന്ന ഘട്ടത്തിലാണ് സുനിത നാസയിൽ പരിശീലനം തുടങ്ങുന്നത്. ഇന്റർനാഷണൽ സ്പേസ് സെന്ററിലേക്കുള്ള (ഐ.എസ്.എസ്.) ആദ്യയാത്ര 2006–ൽ. പിന്നെ 2012–ൽ.
