പത്തൊൻപതാം നൂറ്റാണ്ടിൽ സയൻസിന്റെ പരീക്ഷണവസ്തുവായി മാറിയ സാറാ ബാർട്മാൻ (Sarah Bartmann/Saartjie Baartman) എന്ന ദക്ഷിണാഫ്രിക്കക്കാരിയായ യുവതിയുടെ കഥ, അധീശവ്യവഹാരങ്ങൾ ശാസ്ത്രത്തിന്റെ അറിവുത്പാദനപ്രക്രിയയെ രൂപപ്പെടുത്തുന്നതിന്റെ ശക്തമായ ഉദാഹരണമാണ്. വംശീയതയെക്കുറിച്ചു പത്തൊൻപതാം നൂറ്റാണ്ടിൽ രൂപപ്പെട്ട കൊളോണിയൽ ധാരണകൾക്കു ശാസ്ത്രീയാടിത്തറ നൽകിയത് സാറായുടെ കറുത്ത ശരീരത്തിന്മേൽ അവൾ ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും നടന്ന ശാസ്ത്രീയഗവേഷണങ്ങളായിരുന്നു. ശാസ്ത്രവും വംശീയതയുടെ പ്രത്യയശാസ്ത്രവും തമ്മിലുണ്ടായിരുന്ന അടുത്ത ചാർച്ച വെളിപ്പെടുത്തുന്നതാണ് സാറാ ബാർട്മാന്റെ ജീവിതം. സാറായുടെ ഉടലിന്മേൽ പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന ശാസ്ത്രനിരീക്ഷണങ്ങളെക്കുറിച്ചുള്ള ആൻ ഫോസ്റ്റോ–സ്റ്റെർലിങ് എന്ന സ്ത്രീവാദി ഗവേഷകയുടെ പഠനത്തെ ആസ്പദമാക്കി (Fausto–Sterling 2002) ശാസ്ത്രത്തിലെ വംശീയതാവാദ വ്യവഹാരങ്ങളെ (racist discourses) വിശകലനവിധേയമാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
‘ഹോട്ടൻടോട്ട് വീനസ്’
ഡച്ച് അധിനിവേശംമൂലം വംശീയ ഉന്മൂലനത്തിനു വിധേയമായി ചിതറിപ്പോയ ‘ഖോയി–ഖോയി’ അഥവാ ‘ഹോട്ടൻടോട്ട്’ (Hottentot) എന്നും ‘ബുഷ്‌മെൻ’ (bushmen) എന്നും വിളിക്കപ്പെട്ടിരുന്ന തെക്കനാഫ്രിക്കയിലെ രണ്ടു ജനതകൾ ‘ഖോയിസാൻ’ (Khoisan) എന്ന ഒറ്റപ്പേരിലാണ് ഇന്നറിയപ്പെടുന്നത്. ഈ രണ്ടു സമുദായങ്ങളിൽ ഏതിൽപ്പെട്ട ആളായിരുന്നു സാറാ എന്നതിനു കൃത്യമായ തെളിവില്ല. പക്ഷേ, ‘ഹോട്ടൻടോട്ട് വീനസ്’ (Hottentot Venus) എന്ന പേരിലായിരുന്നു അവൾ യൂറോപ്പിൽ പ്രസിദ്ധയായത്. യൂറോപ്യൻ സ്രോതസ്സുകളുടെ കണ്ണടമാത്രമേ സാറായെക്കുറിച്ചറിയാൻ നമുക്കു മുമ്പിലുള്ളൂ. പരസ്പരവിരുദ്ധമായ വിവരങ്ങളാണവ മിക്കപ്പോഴും നൽകുന്നത്. എങ്കിലും പൊതുവേ മനസ്സിലാക്കപ്പെടുന്നതനുസരിച്ച്, ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ ഒരു ഡച്ചുകുടുംബത്തിലെ വീട്ടുജോലിക്കാരിയായിരുന്നു സാറാ. അവളുടെ യഥാർത്ഥ പേരു നമുക്കറിയില്ല; 1811–ൽ മാഞ്ചസ്റ്ററിൽവെച്ചു മാമോദീസ സ്വീകരിക്കുമ്പോൾ ലഭിച്ച പേരാണ് സാറാ ബാർട്മാൻ എന്നത്. കുടുംബപശ്ചാത്തലത്തെപ്പറ്റിയും കൂടുതലൊന്നും അറിവില്ല; വിവാഹം കഴിച്ചിരുന്നെന്നും ഒരു കുട്ടിയുണ്ടായിരുന്നതു മരിച്ചുപോയി എന്നുമൊക്കെ സ്ഥിരീകരിക്കപ്പെടാത്ത വാർത്തകളുണ്ട്.
