സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് നേരിട്ട വെല്ലുവിളി

Science

സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്ത് നേരിട്ട വെല്ലുവിളി


സ്റ്റാർലൈനറിന്റെ പ്രഥമ ലോഞ്ചിങ് പരാജയമായിരുന്നു. പക്ഷേ, സ്റ്റാർലൈനറിന്റെ ക്രൂ കാപ്സ്യൂൾ സുരക്ഷിതമായി ന്യൂ മെക്സിക്കോയിൽ തിരിച്ചിറങ്ങി. യു.എസ്. ആർമിയുടെ വൈറ്റ് സാൻഡ് മിസൈൽ റേഞ്ചിലാണ് കാപ്സ്യൂൾ ലാൻഡ് ചെയ്തത്. അവിടെ ലാൻഡിങ് ടീമിനൊപ്പമായിരുന്നു സുനിത. അതിരാവിലെ ഓപ്പറേഷൻസ് മുറിയിൽ മ്ലാനമായ മുഖങ്ങളോടെ ഇരിക്കുന്ന സംഘാംഗങ്ങൾക്കൊപ്പം സുനിതയും. വൈകാതെ മിസൈൽ റേഞ്ചിലെ ഇരുട്ടിൽനിന്ന് ‘കാലിപ്സോ’ കണ്ടെത്തപ്പെട്ടു.

ഈ തിരിച്ചടിയിൽ ബോയിങ് തരിച്ചുനിൽക്കവെ, മസ്കിന്റെ സ്പേസ് എക്സ് ബഹുകാതം മുന്നിലെത്തി. സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ സ്പേസ് ക്രാഫ്റ്റ് ആയ എൻഡവർ മേയ് 30-ന് രണ്ടു യാത്രികരുമായി വിജയകരമായി ലോഞ്ച് ചെയ്യപ്പെട്ടു. നാസയുടെ ബഹിരാകാശയാത്രികരും സുനിതയുടെ സഹ​പ്രവർത്തകരുമായ ഡഗ് ഹർലിയും ബോബ് ബെൻകനും സുരക്ഷിതമായി ഐ.എസ്.എസിലെത്തി. 2011-നുശേഷം ആദ്യമായാണ് അമേരിക്കൻ മണ്ണിൽനിന്ന് ബഹിരാകാശ​യാത്രികർ ഐ.എസ്.എസിലെത്തുന്നത്. കമേഴ്സ്യൽ ക്രൂ പ്രോഗ്രാ​മിന്റെ ആദ്യ വിജയം. ലോഞ്ചിങ് കാണാൻ ഫ്ലോറിഡ​യിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും എത്തിയിരുന്നു. കോവിഡ് മഹാമാരി ആശങ്ക വിതച്ച് പടരുന്ന കാലമായിരുന്നു അത്. നാസയുടെയും പ്രാദേശിക അധികാരികളുടെയും മുന്നറിയിപ്പുകളെ അവഗണിച്ച് ഒന്നര ലക്ഷത്തോളം പേരാണ് ലോഞ്ചിങ് കാണാൻ കെന്നഡി സ്പേസ് സെന്ററിന്റെ പരിസരങ്ങളിൽ തടിച്ചുകൂടിയത്.

2021 ആഗസ്റ്റിലായിരുന്നു ബോയിങ് സ്റ്റാർലൈനറിന്റെ അടുത്ത ശ്രമം. അതും മനുഷ്യനില്ലാത്ത പരീക്ഷണമായിരുന്നു. പക്ഷേ, ലോഞ്ചിങ്ങിന് തൊട്ടുമുമ്പുള്ള പതിവ് പ്രി ലോഞ്ച് ടെസ്റ്റിങ്ങിൽ പ്രൊപ്പൽഷൻ സിസ്റ്റത്തിലെ 13 വാൽവുകൾക്ക് തകരാർ കണ്ടെത്തി. ഇതോടെ ലോഞ്ചിങ് നീട്ടിവെച്ചു. 2022 മേയ് 19 ആയിരുന്നു പുതിയ ദിവസം. ആളില്ലാത്ത സ്പേസ് ക്രാഫ്റ്റ് ഇത്തവണ വിജയകരമായി ഐ.എസ്.എസിൽ ഡോക്ക് ചെയ്തു. നാലു ദിവസത്തിനുശേഷം സുരക്ഷിതമായി തിരിച്ചിറങ്ങു​കയും ചെയ്തു.


Related Articles