മതവും വൈറസും മലയാളിയും

Readers Ink

മതവും വൈറസും മലയാളിയും


വാസ്തവത്തിൽ മതവും വൈറസും തമ്മിൽ എടുത്തുപറയത്തക്ക യാതൊരു ബന്ധവുമില്ല; എന്തെങ്കിലുമുണ്ടെങ്കിൽ അത് വൈറസിന്റ മുമ്പിൽ എടുത്തുകാണിക്കപ്പെടുന്ന നിഷ്‌ക്രിയത്വമാണ്. അതേസമയം, മതവും മലയാളിയുമായി സങ്കീർണ്ണമായ ബന്ധങ്ങളുണ്ട്. അവയുടെ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ നിറഞ്ഞുനിൽക്കുകയുമാണ്. ഇപ്പോൾ വൈറസ് ആ ചിത്രത്തിലേക്ക് വന്നിരിക്കുന്നു. മലയാളി നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സ്ഥിതിവിശേഷമാണ് വൈറസ് സൃഷ്ടിച്ചിരിക്കുന്നത്. മതത്തിന്റെ കാര്യത്തിലും അതുപോലെതന്നെ.

ഈയൊരു പശ്ചാത്തലത്തിലാണ് ഈ പ്രസംഗം തയ്യാറാക്കിയത്. ഈ വിഷയത്തെപ്പറ്റി സംസാരിക്കുന്ന അവസരത്തിൽ ഒരു വ്യക്തിയെ ഞാൻ പ്രത്യേകം സ്മരിക്കുകയാണ്; കഴിഞ്ഞ അരനൂറ്റാണ്ടോളം ഒരു വ്യവസ്ഥാപിത മതവുമായി തുറന്ന പോരാട്ടത്തിൽ ഏർപ്പെട്ട, ഒരുപക്ഷേ, ഒരേയൊരു മലയാളിയാണ് അദ്ദേഹം. കത്തോലിക്കാ സഭാചരിത്രപണ്ഡിതനും ബൈബിൾ വിവർത്തകനും പൗരോഹിത്യാധികാര വ്യവസ്ഥിതിയുടെ വിമർശകനും സാമൂഹികപരിഷ്‌കർത്താവുമായിരുന്ന ജോസഫ് പുലിക്കുന്നേൽ ആണ് ആ വ്യക്തി. അദ്ദേഹം സൂക്ഷ്മവിമർശനത്തിനു വിധേയമാക്കിയ, കത്തോലിക്കാസഭയെപ്പറ്റി ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്ന, സത്യങ്ങൾ ഇന്ന് കൂടുതൽ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.

ഈ ടെലിക്കോൺ ഏർപ്പെടുത്തിയ 'കേരള കാത്തലിക് റിഫർമേഷൻ മൂവ്‌മെന്റ് ഓഫ് നോർത്ത് അമേരിക്ക', കത്തോലിക്കസഭയെപ്പറ്റിയും മതങ്ങളെപ്പറ്റി പൊതുവിലും സ്വതന്ത്രമായി ചർച്ചചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തികളുടെ കൂട്ടായ്മയാണെന്ന് മനസ്സിലാക്കുന്നു.


Related Articles