അത്ഭുത'കരം'

Readers Ink

അത്ഭുത'കരം'


കൈയടക്കം ഒരു ജാലവിദ്യയാണ്. ആനയെ കൈവെള്ളയിലൊതുക്കുന്ന മാന്ത്രികത. മന്ത്രവാദി എഴുത്തുകാരനാണെങ്കിൽ അയാളുടെ കൈവെള്ളയിൽ ഒതുങ്ങാത്തതൊന്നുമില്ല.

"ഇതിലില്ലാത്തതില്ലെങ്ങും' എന്ന് എഴുത്തച്ഛൻ മഹാഭാരതത്തെപ്പറ്റി, പറയപ്പെട്ടതിലേറ്റവും സംക്ഷിപ്തമായ ഭാഷയിൽ പറയുന്നു. "വ്യാസോച്ഛിഷ്ടം ജഗത്സർവ്വം' എന്ന ചൊല്ലും എഴുത്തിന്റെ കൈയടക്കത്തെപ്പറ്റിത്തന്നെ. എഴുത്തിൽ ബഷീറിനെ അതിശയിക്കുന്ന കൈയടക്കക്കാരൻ മലയാളത്തിലുണ്ടായിട്ടുണ്ടോ എന്ന് സംശയം. അത്ഭുത "കര'മാണ് ബഷീറിന്റെ കലാവൈഭവം. അഥവാ ദൈവികമായ കൈയുണ്ട് (divine hand) ബഷീറിൽ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെയും അതിന്റെ ദുഃഖകരംകൂടിയായ അന്ത്യത്തിന്റെയും കഥ പറയാൻ സാധാരണ ഗതിയിൽ എഴുനൂറോ എണ്ണൂറോ പുറങ്ങളെങ്കിലും വേണ്ടിടത്ത് പറയേണ്ടതൊന്നും വിട്ടുപോകാതെതന്നെ ബഷീറിന്റെ "മതിലുകളിൽ' അതിനു വേണ്ടിവന്നത് വെറും അമ്പത്തൊമ്പത് പുറങ്ങൾ. ഈ ജാലവിദ്യയിൽ ബഷീറിനുള്ള കൃതഹസ്തത (കൈയടക്കം!)യ്ക്ക് നോവലുകൾ മുതൽ നർമ്മോക്തികൾ വരെ സാക്ഷ്യങ്ങൾ. സൂചിത നിർഭരങ്ങളായ സൂചകങ്ങൾ വഴിയാണ് അദ്ദേഹം ചിരിക്കുന്നതും കരയുന്നതും.

ചെറുകഥയിലെ "ചെറു' അദ്ദേഹത്തിന്റെ നോവലുകളുൾപ്പെടെയുള്ള എല്ലാ രചനകളുടെയും ശരീരത്തിന്റെ വിശേഷണമാണെങ്കിലും ചെറുകഥയിലത് ഏറ്റവും മികച്ച ചെറുകഥകളിലെ "ചെറു'തിനെ ദ്യോതിപ്പിക്കുന്നു. പറയപ്പെട്ടതിന്റെ വ്യാപ്തിയല്ലല്ലോ അതിലൂടെ സാധിച്ച പറയപ്പെടാത്തതിന്റെ വ്യാപ്തിയാണല്ലോ ചെറുകഥയെ ചെറുകഥയാക്കുന്നത്. ടൈഗറോ ജന്മദിനമോ ഉള്ളിലില്ലാത്ത ഏത് മലയാള ചെറുകഥാസമാഹാരവും അപൂർണ്ണമായിരിക്കും. കാരൂരിന്റെയോ എം ടിയുടെയോ മാധവിക്കുട്ടിയുടെയോ പത്മനാഭന്റെയോ എൻ എസ് മാധവന്റെയോ സി വി ശ്രീരാമന്റെയോ കഥയില്ലാത്ത ഒരു മലയാള കഥാസമാഹാരം പോലെതന്നെ, ചിലപ്പോൾ അതിലേറെ. ഈ അത്ഭുത"കരം' (divine hand) മലയാളത്തിലെ എഴുത്തുകാരിലെത്ര പേർക്കുണ്ട്?


Related Articles