മഹാഭാരതത്തിലെ സൂര്യപുത്രൻ കർണ്ണന്റെ ജീവിതം വേദനയുടെ, പ്രതീക്ഷയുടെ, ആത്മഗൗരവത്തിന്റെ കഥയാണ്. എന്നാൽ ആ കഥയിൽ മൗനമായി നിലകൊള്ളുന്ന, അത്രയും പ്രധാനപ്പെട്ടതല്ലെങ്കിലും ശ്രദ്ധിക്കപ്പെടാത്ത മറ്റൊരു പേരുണ്ട്, വൃഷാലി. അവൾ കർണ്ണന്റെ ഭാര്യ മാത്രമല്ല, അയാളുടെ ആത്മാവിന്റെ സഖിയുമായിരുന്നു. കർണ്ണന്റെ എല്ലാ മുറിവുകളും അവൾ തന്റെ ഹൃദയത്തിൽ മറച്ചുവെച്ച്, അവന്റെ ആത്മവിശ്വാസത്തിന്റെ വിളക്കായി തെളിഞ്ഞുനിന്നവൾ. വൃഷാലി ഒരു സാധാരണ പെൺകുട്ടിയായിരുന്നു സൂതവംശത്തിൽ ജനിച്ചവൾ, അധിരഥന്റെയും രാധയുടെയും സ്നേഹിതന്റെ മകൾ. ബാല്യത്തിൽ തന്നെ കർണ്ണന്റെ കളിക്കൂട്ടുകാരി. സൂതവംശത്തിന്റെ ചെറുഗൃഹങ്ങളിൽ അവർ വളർന്നത് ഒരുമിച്ചാണ്. മണ്ണിൽ കാൽവെച്ച് സ്വപ്നങ്ങൾ കാണുന്ന രണ്ടു ആത്മാർത്ഥ സുഹൃത്തുക്കൾ പോലെ.
അധിരഥന്റെ രഥം പൊടിമേഘങ്ങൾ ചുഴറ്റിക്കൊണ്ട് ഗംഗാതീരത്തുകൂടി സഞ്ചരിക്കുകയായിരുന്നു. മങ്ങിയ ആ വൈകുന്നേരത്തിൽ, വൃഷാലി അമ്മയോടൊപ്പം തീരത്തിനരികിൽ ഇരുന്നു മണ്ണിൽ ചെറുചിത്രങ്ങൾ വരയ്ക്കുകയായിരുന്നു. അപ്പോഴാണ് അവൾക്ക് ദൂരത്ത് നിന്നും ആരോ അമ്പ് എയ്യുന്ന ശബ്ദം കേട്ടത് “ശ്ശ്... !”
വൃഷാലി തിരിഞ്ഞുനോക്കി. വസുസേനൻ. അധിരഥന്റെയും, രാധയുടെയും പുത്രൻ. അവർ അവനെ വിളിച്ചത് വസുസേനൻ എന്നായിരുന്നു. ഒറ്റയ്ക്കായി ആ തീരത്തു നിന്ന് ഗംഗയിലെ ഓളങ്ങൾ ലക്ഷ്യമാക്കി തന്നെ അമ്പെയ്ത്ത് അഭ്യാസം ചെയ്യുകയായിരുന്നു വസു. ആ ബാലന്റെ കണ്ണുകളിൽ എരിയുന്ന അഗ്നി പോലെ ദൃഢമായ ലക്ഷ്യം. വൃഷാലിക്ക് തോന്നി, ആ കണ്ണുകൾ സാധാരണ മനുഷ്യരുടെതല്ല, അതിൽ ഒരു അജ്ഞാത തേജസ്സുണ്ട്.
