എന്റെ ഇരുപത്തിയഞ്ചാമത്തെ പുസ്തകവും പതിനൊന്നാമത്തെ നോവലുമാണ് 'തരകൻസ് ഗ്രന്ഥവരി'. എന്നാൽ ഇപ്പോഴും ഒരു കഥയോ നോവലോ എങ്ങനെ പരുവപ്പെട്ടുവരുന്നു എന്ന് കൃത്യമായി നിർവ്വചിക്കാൻ കഴിയാറില്ല. ഏതെങ്കിലും ഒരു സ്വപ്നത്തിൽ നിന്നോ ആശയത്തിൽ നിന്നോ അത് പതിയെ തുടങ്ങി വളർന്ന് വളർന്ന് അവസാന രൂപത്തിൽ എത്തുകയാണ് പതിവ്. അതിനിടയിൽ ആ കൃതിക്ക് വളരെയധികം രൂപപരിണാമം സംഭവിച്ചിട്ടുണ്ടാവും. ഒട്ടും നിനച്ചിട്ടില്ലാത്ത ശൈലിയും രൂപവും അതിനു കൈവരും. അങ്ങനെയാണ് 'മഞ്ഞവെയിൽ മരണങ്ങൾ'ക്ക് ഒരു കുറ്റാന്വേഷണരൂപവും അൽ-അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകൾ എന്നിവ ചേർന്ന് 'ഇരട്ട' നോവൽ എന്ന സങ്കല്പവും ഉണ്ടാവുന്നത്. തുടക്കത്തിലേ അങ്ങനെ പ്ലാൻ ചെയ്ത് കൊണ്ടുവരുന്നതല്ല എന്നർത്ഥം. രചനയുടെ ഏതോ ഒരു ഘട്ടത്തിൽ വച്ച് കൃതി സ്വയം അതിന്റെ രൂപം കണ്ടെത്തുന്നു എന്നുവേണം പറയാൻ. ഒരുകാര്യംമാത്രം ഞാൻ ശ്രദ്ധിക്കാറുണ്ട്. ഞാൻ എന്നെത്തന്നെ അനുകരിക്കാനോ ആവർത്തിക്കാനോ ആഗ്രഹിക്കുന്നില്ല. ഒരു രൂപവും ശൈലിയും ഭാഷയും ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ അതിനെ പൊളിച്ചുകളഞ്ഞ് പുതിയ ഒന്ന് ഉണ്ടാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ആ പുതിയ രൂപം കണ്ടെത്താൻ വേണ്ടിയുള്ള കാത്തിരിപ്പ് ആണ് എന്റെ എഴുത്തുകാലം എന്ന് വേണമെങ്കിൽ പറയാം. കഥയും സംഭവങ്ങളും കഥാപാത്രങ്ങളും ഒക്കെ നേരത്തെ മനസിനുള്ളിൽ വന്നു നിറഞ്ഞുകഴിഞ്ഞിരിക്കും. പുതിയ ഒരു ശൈലിക്ക് വേണ്ടിയാണ് അവർ കാത്തിരിക്കുന്നത്. അത് ശരിയായാൽ അവർക്ക് വേഗം അവരവരുടെ ഇരിപ്പിടങ്ങളിൽ ചെന്നിരിക്കാൻ കഴിയും. അതുകൊണ്ടാണ് 'അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങളും' 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങളും' ഒരേ കഥാഭൂമികയും കഥാപാത്രങ്ങളും ആയിരിക്കേ തന്നെ അതിന്റെ രണ്ടിന്റെയും ശൈലി വേറിട്ടതായിരിക്കുന്നത്; അവയ്ക്കിടയിൽ പത്തുവർഷത്തിന്റെ അകലം ഉണ്ടായത്.
സുദീർഘങ്ങളായ പതിനേഴ് അദ്ധ്യായങ്ങൾ ഉള്ള ഒരു നോവലിലൂടെ റമ്പാൻ ബൈബിളും പഴയ സെമിനാരിയും കേണൽ മൺട്രോയും ക്ലോഡിയസ് ബുക്കാനനും കായംകുളം ഫീലിപ്പോസ് റമ്പാനും പുലിക്കോട്ടിൽ ഇട്ടൂപ്പ് മൽപാനും തിമ്മയ്യാപിള്ളയും ഒക്കെ വന്നു നിറയുന്ന ആദ്യത്തെ മലയാള ബൈബിൾ വിവർത്തനകാലം പറയുക എന്ന ആഗ്രഹത്തോടെയാണ് ഞാൻ തിരുവിതാംകൂർ ചരിത്രത്തിലേക്ക് ഇറങ്ങുന്നതും വേണ്ടുന്നത്ര വിവരങ്ങൾ ശേഖരിക്കുന്നതും. എന്നാൽ വെറുതെ ഒരു ചരിത്രനോവൽ എഴുതുന്നതിൽ എനിക്കൊട്ടും താത്പര്യം ഉണ്ടായിരുന്നില്ല. ചരിത്രത്തിന് എങ്ങനെ പുതിയ കാലത്തിനോട് സംവേദിക്കാനാവുന്നു, പുതിയ കാലത്തിൽ പ്രസക്തമാകുന്നു എന്നിടത്തു മാത്രമാണ് ചരിത്രനോവലുകൾക്ക് പ്രസക്തിയുണ്ടാവുന്നത്. അല്ലെങ്കിൽ അത് വെറും പുരാണം പറച്ചിൽ മാത്രമായിപ്പോകും. അതുകൊണ്ടുതന്നെ ഏറെ സമയം ചിലവഴിച്ച് ഞാൻ ശേഖരിച്ച വിവരങ്ങൾ അത്രയും എനിക്ക് പാഴും ശൂന്യവുമായി അനുഭവപ്പെട്ടു. എന്നാൽ അതിനിടയിൽ എവിടെയൊക്കെയോ 'തരകൻസ് ഗ്രന്ഥവരി'ക്ക് ആധാരമായ വിവരങ്ങൾ വീണുകിടപ്പുണ്ടായിരുന്നു എന്ന് പിന്നീട് ഞാൻ കണ്ടെത്തി. തിരുവിതാംകൂർ ചരിത്രത്തിലെ ചെറിയൊരു ഏടിനെ വളരെ കൗതുകകരമായ രീതിയിൽ, പുതിയ കാലത്തിൽ നമ്മൾ കേൾക്കുകയും പിന്നെ മറന്നുകളയുകയും ചെയ്ത ചില സംഭവങ്ങളുമായി കൂട്ടിയിണക്കാനുള്ള ശ്രമം എന്നു വേണമെങ്കിൽ തരകൻസ് ഗ്രന്ഥവരിയെ ഒറ്റവരിയിൽ വിശേഷിപ്പിക്കാം.
