അനുവാചകരെ ഭാവനാലോകത്തേക്ക് നിരന്തരം ക്ഷണിക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുകയാണ് ഓരോ പുസ്തകവും; എങ്കിലും പുസ്തകത്തിനുമേൽ അതിന്റെ രചയിതാവിന് വലുതായൊന്നും അവകാശപ്പെടാനില്ല. വർഷം 2001. ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന ആ തിരക്കിനിടയിൽ അമീറിനും ഹസ്സനും ബാബയ്ക്കും ‘കൈറ്റ് റണ്ണറി’നു ജീവൻ പകർന്ന നിരവധി ആത്മാക്കൾക്കുമൊപ്പമായിരുന്നു ഏതാണ്ട് ഒരു വർഷക്കാലത്തെ എന്റെ ജീവിതം. പുലർച്ചെ നാലരമണിക്ക് എഴുന്നേറ്റ്, വെളിച്ചം കുറഞ്ഞ രണ്ടുമൂന്നു മണിക്കൂർനേരം ദിനവും ഞാൻ നോവൽ രചനയിൽ ചെലവഴിക്കുമായിരുന്നു. അതിനുശേഷം കുളിച്ച്, വസ്ത്രങ്ങളൊക്കെ മാറി ക്ലിനിക്കിലെത്തി പരിശോധന തുടങ്ങും. രോഗം ബാധിച്ച ഹൃദയങ്ങൾ, വേദനിക്കുന്ന സന്ധികൾ, നിലച്ചുതുടങ്ങിയ തൈറോയിഡുകൾ പരിശോധനയ്ക്കായി അങ്ങനെ പലതുണ്ട്. ശ്വാസകോശങ്ങൾ ആഞ്ഞുവലിക്കുന്നത് ഞാൻ ശ്രദ്ധിച്ചുകേട്ടു. തോൾവേദനയ്ക്ക് ഇഞ്ചക്ഷൻ കൊടുത്തു. ആ സമയത്തൊന്നും അമീർ എന്നരികിൽ നിന്ന് പോയില്ല. ഊണിലും ഉറക്കത്തിലും അവൻ എന്നോടൊപ്പമുണ്ടായിരുന്നു; ഞാൻ അവനോടൊപ്പവും.
എനിക്കേറെ പരിചയമുള്ള ഒന്നാണ് അമീറിന്റെ ലോകം. കാബൂളിലെ വസീർ അക്ബർ ഖാന്റെ അയൽപക്കക്കാരായിട്ടാണ് ഞാനും അമീറും വളർന്നുവന്നത്. ഒരേ മിഡിൽ സ്‌കൂളിലാണ് പഠിച്ചത്. പട്ടം പറത്തിയും കഥകളെഴുതിയും പാശ്ചാത്യസിനിമകൾ കണ്ടും ഞങ്ങൾ വളർന്നു. ഉയർന്ന ഇടത്തരക്കാരിൽ പെട്ടവരായതിന്റെ ഗുണം ഞങ്ങൾക്ക് ഇരുവർക്കുമുണ്ടായിരുന്നു. 1970-കൾ ഞങ്ങളുടെ വളർച്ചയുടെ കാലങ്ങളാണ്. അക്കാലത്ത് ആ പഴയ അഫ്ഗാനിൽ ജീവിക്കാൻ ഞങ്ങൾക്കിരുവർക്കും ഭാഗ്യം സിദ്ധിച്ചു. പൊതുവെ ശാന്തവും സമാധാനപരവുമായിരുന്നു അക്കാലത്ത് അഫ്ഗാൻ. രാഷ്ട്രീയമായി സ്ഥിരതയുണ്ടായിരുന്ന ഒരു കാലം. ഇങ്ങിനി വരാത്തവണ്ണം അതു കടന്നു പോയി. അഫ്ഗാൻമക്കളുടെ രക്തം പുരണ്ടുതുടങ്ങിയിട്ടില്ലാത്ത മണ്ണിലൂടെ നടക്കാൻ ഞങ്ങൾക്കന്ന് ഭാഗ്യമുണ്ടായി.
പുലർകാലത്തെ മങ്ങിയ വെളിച്ചത്തിൽ അടുക്കളയിലെ മേശക്കരികെ കുനിഞ്ഞിരിക്കുമ്പോൾ അമീറിന്റെ കഥയുടെ മേൽ എനിക്ക് സർവവിധ അവകാശങ്ങളുമുണ്ടെന്ന് തോന്നിയിരുന്നു. അത്രയ്ക്ക് സ്വകാര്യമായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം. അമീറും ബാബയും എന്നിൽ മധുരിമ ചാർത്തിയ രഹസ്യങ്ങളായി. ചുറ്റുമുള്ളവർക്കെല്ലാം ഒരൊറ്റ ജീവിതമേയുള്ളൂവെന്നും രചയിതാവെന്ന നിലയിൽ എനിക്ക് ബഹുജീവിതം സാധ്യമാണെന്നും ഞാൻ എങ്ങനെയോ ധരിച്ചുവച്ചിരുന്നു. ഒരു കൃതി രചയിതാവിനെ വിട്ട് ബുക്ക്‌സ്റ്റോറുകളിലേക്ക് പോയിക്കഴിഞ്ഞാൽ അതിലെ കഥാപാത്രങ്ങളുമായുള്ള ബന്ധം രചയിതാവിനു മാത്രം അവകാശപ്പെടാനാകില്ല. എന്നോടുള്ളതു പോലെയുള്ള ബന്ധം ലോകമെമ്പാടുമുള്ള പലരുമായി അമീറും കൂട്ടരും നേടിയെടുത്തു. അനേകം ആരക്കാലുകളുള്ള ഒരു ചക്രത്തിന്റെ കേന്ദ്രമായി അവർ മാറി- ആദ്യത്തെ ആരക്കാലായത് ഞാനാണെന്ന് മാത്രം. രചനാകാലത്ത് എന്നോടു മന്ത്രിച്ചതു പോലെ വായനക്കാർ ഓരോരുത്തരോടും അവർ സ്വകാര്യമായ ഭാഷയിൽ മന്ത്രിച്ചു. ഭൂഖണ്ഡങ്ങൾക്കപ്പുറത്ത് അപരിചിതരായ മനുഷ്യരുടെ മനസ്സിൽ അവർ കൂടാരം കെട്ടി. എന്റെ ഉടമസ്ഥാവകാശം കുറഞ്ഞുവന്നു.
