രാജേന്ദ്രനെന്ന കൂട്ടുകാരൻ  

Readers Ink

രാജേന്ദ്രനെന്ന കൂട്ടുകാരൻ  


തീരെ പ്രതീക്ഷിക്കാത്ത നേരത്തുള്ള രാജേന്ദ്രൻ്റെയും കുടുംബത്തിൻ്റെയും സന്ദർശനം ജയറാമിനു ചെറിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. എങ്കിലും, അയാൾ സന്തോഷിച്ചു. എത്രയോവട്ടം ക്ഷണിച്ചിട്ടും വരാത്തയാൾ കുടുംബസമേതം വരുന്ന വിവരംപോലും അറിയിച്ചത് എത്തുന്നതിന് ഒരു മണിക്കൂർ മുൻപ് മാത്രം. സഹായിയായ കിഷോർ നാട്ടിലേക്ക് പോയിട്ടുള്ളത് മാത്രമായിരുന്നു ജയറാമിന് പ്രധാന അസൗകര്യം. എങ്കിലും അതു പുറമേക്ക് കാണിക്കാതെ അയാൾ പഴയ സുഹൃത്തിനെ സന്തോഷത്തോടെ സ്വീകരിച്ചു.

“രാജു… ഇതാണ് സർപ്രൈസ്, ശരിക്കും സർപ്രൈസ്. ഒരു നൂറുവട്ടമെങ്കിലും നിന്നെ ക്ഷണിച്ചിട്ടുള്ളതാണ്. വരാം, വരാം എന്നല്ലാതെ ഇക്കാലമൊന്നും നീ അനങ്ങിയില്ല. ഞാൻ റിട്ടയർ ചെയ്യാൻ കാത്തിരിക്കുകയായിരുന്നോ?” അവരെ സ്വീകരിച്ചു വീട്ടിലേക്കു കയറുമ്പോൾ ജയറാം സന്തോഷം തെല്ലും മറച്ചുവെച്ചില്ല.

വീട്ടിലേക്ക് കൂട്ടുകാരോ കൂടെ ജോലി ചെയ്തിരുന്നവരോ ഇടക്ക് വരുന്നത് എല്ലാക്കാലത്തും ജയറാമിന് ഇഷ്ടമായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം ജയറാമിനെ എല്ലാവരും ഇഷ്ട്ടപ്പെട്ടിരുന്നതും അതുകൊണ്ടാണ്. ഒറ്റയാനായുള്ള ജീവിതത്തിൽനിന്നും ഒരു പരിധിവരെ മോചനം പുസ്തകങ്ങളും അതിഥികളുമായിരുന്നു എല്ലാക്കാലവും.  മുപ്പതുവർഷത്തോളം നാടുവിട്ടു പലയിടങ്ങളിലും ജോലി ചെയ്തതതോടെ തിരിച്ചുവരവിൽ നാട്ടിൽ തീർത്തും അപരിചിതനായിക്കഴിഞ്ഞിരുന്നുവെന്ന് ജയറാമിനുമറിയാം. നാട്ടിലെ വലിയ തറവാട്ടു വീട്ടിൽ  ഒറ്റയാനായുള്ള വിശ്രമ ജീവിതം തുടങ്ങിയതോടെ, ഏതെങ്കിലും ധർമക്കാരനെങ്കിലും എന്നും മുറ്റത്ത് വന്നെങ്കിൽ എന്ന് അയാൾ ആഗ്രഹിച്ചു.  രാവും പകലും കാണുന്ന കിഷോറിൻ്റെ മുഖമല്ലാത്ത ഒരു മുഖം കാണാൻ അയാൾ കൊതിച്ചു. അവനും നാട്ടിൽ പോയ നേരത്ത് രണ്ടു ദിവസത്തേക്ക് അതിഥിയായെത്തുന്നുവെന്ന് രാജേന്ദ്രൻ്റെ അപ്രതീക്ഷിത വിളിയെത്തിയത് അയാൾക്ക് ഇരട്ടി സന്തോഷമായി. 


Related Articles