പറമ്പിന് തൊട്ട് പിന്നിലൊരു പാറമലയാണ്, അതിന്റെ അടിവാരത്തുള്ള ഏലച്ചെടികള്ക്ക് ഞങ്ങള് പുതയിടുകയായിരുന്നു. ഞങ്ങള് എന്ന് പറഞ്ഞുകൂടാ.., കിന്നരി പോയി തനിയെ പിടിച്ച് കയറാവുന്ന മരങ്ങള് തിരഞ്ഞു പിടിച്ച്, ഓരോന്നിലും 'ഉയ്യാ..'ന്ന് അള്ളിപ്പിടിച്ച് കേറാന് നോക്കി. പാറപുറത്തുനിന്നുമപ്പോള് തുടര്ച്ചയായിട്ട് ചില്ലുടയുന്ന ഒച്ച കേട്ടു.
ഞാന് അസഹ്യതയോടെ മുഖം ചുളിക്കുന്നത് കൂടി കണ്ടിട്ടാവണം കിന്നരി മരം വിട്ടോടിവന്ന് ദേഹത്ത് അള്ളിപ്പിടിച്ച് കയറി. എന്തോ ചോദിക്കാന് വന്നതും ഞാന് ചുണ്ടത്ത് വിരല് വെച്ചവളെ നിശബ്ദയാക്കി. കുഞ്ഞ് പേടിച്ചെന്റെ നെഞ്ചിലേക്ക് ഒട്ടി.
കിന്നരിയുടെ പ്രിയപ്പെട്ട ഇടമായിരുന്നു പാറമല, മുക്കുറ്റിയും തുമ്പയും പായല് ചെടികളുമുണ്ടവിടെ, നനുത്ത പുല്ത്തകിടികളും. ഏലത്തോട്ടങ്ങളില് നിന്നും ആട്ടി ഓടിക്കപ്പെട്ട കാട്ടുമുയലുകളുടെ അടയാളങ്ങളിപ്പോള് അവിടെ മാത്രമേയുള്ളൂ. അത് മാത്രല്ല കിഴക്കന് ചെരിവില് അവ്യക്തമായി ചുരുളി മലകളുടെ ഇരുണ്ട നീലിമ കാണാമായിരുന്നു. നേര്ത്ത നീരോഴുക്കും. ഞങ്ങള് ചെറുപ്പകാലം ഓടികളിച്ച വെളിമ്പറമ്പുകളെല്ലാം ഏലം കയ്യേറി, കെട്ടിടങ്ങളും. ഒറ്റക്കൊന്ന് സ്വസ്ഥ മായിരിക്കാനൊരിടം വേറെങ്ങുമില്ല നാട്ടിലാര്ക്കും
