പെൺപേടിയില്ലാത്ത പുരുഷൻ

Readers Ink

പെൺപേടിയില്ലാത്ത പുരുഷൻ


ശമനമില്ലാത്ത തൃഷ്ണകളുടേതെന്നു ജീവിതത്തെ നിർവ്വചിച്ച ഒരെഴുത്തുകാരനാണ് ശാന്തമായി എല്ലാ കാമനകളുടെയും ഉടുപടമഴിച്ചുവെച്ചിട്ട് കടന്നുപോയത്. അസാധാരണമായ ധീരതയാണ് മനുഷ്യരുടെ ആന്തരികരഹസ്യങ്ങൾ കഥയിലേക്കും നോവലിലേക്കും വിവർത്തനം ചെയ്യുമ്പോൾ പുനത്തിൽ പ്രകടിപ്പിച്ചത്. ''സ്ത്രീയെ കാണുന്നതുതന്നെ ഒരുതരം ഭാരമാണ്. ഒരു സ്ത്രീ മുന്നിൽ പ്രത്യക്ഷപ്പെടുന്നതോടെ എന്റെ ഗതി മാറുന്നു. ജിന്നുകളെപ്പോലെ എന്റെ പാദങ്ങൾ അടി പതറുകയും അത് പിന്നോട്ടേക്കു ചവിട്ടിത്തുടങ്ങുകയും ചെയ്യുന്നു. ഒരുപക്ഷേ, ഇതെല്ലാം എന്റെ തോന്നലായിരിക്കാം എന്നാൽ എല്ലാം സത്യമാണു താനും.'' പുനത്തിലിന്റെ 'വിമല ഒരു തുടർക്കഥ' എന്ന കഥയിലെ നായകനാണ് ഇങ്ങനെയൊരു പ്രശ്‌നമുള്ളത്. വർദ്ധിച്ചു വരുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചു പ്രസംഗിക്കുമ്പോഴും മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴും ഒക്കെ പുനത്തിൽ കുഞ്ഞബ്ദുള്ള കേരളത്തിലെ ആണുങ്ങളുടെ ഈ പെൺപേടിയെക്കുറിച്ചു പറയുമായിരുന്നു. പെണ്ണുങ്ങൾക്ക് ആരേയും ഭയമില്ല, മൗലികമായ ഒരു സത്യവും അവർ മറച്ചുവെക്കില്ല എന്ന് പുനത്തിൽ എത്ര ആധികാരികമായിത്തന്നെ രേഖപ്പെടുത്തി. ആണുങ്ങൾക്കാകട്ടെ സ്വന്തം നിഴലിനെപ്പോലും പേടിയാണുതാനും. കേരളത്തിലെ ഭീരുക്കളായ ആണുങ്ങൾക്കുള്ള ചികിത്സയായിരുന്നു അദ്ദേഹത്തിന്റെ എഴുത്തും മറ്റെല്ലാ സർഗ്ഗാത്മക ഇടപെടലുകളും. ഇങ്ങനെ സത്യസന്ധമായി സ്വന്തം വർഗ്ഗത്തിന്റെ ദൗർബ്ബല്യങ്ങളെ വിചാരണ ചെയ്ത മറ്റൊരെഴുത്തുകാരൻ മലയാളത്തിലുണ്ടെങ്കിൽ അത് ചങ്ങമ്പുഴ മാത്രമാണ്. തനിക്കൊരു ആൺകുഞ്ഞുകൂടി വേണം, ഒരു മാധവിക്കുട്ടൻ എന്ന് ഒരഭിമുഖത്തിൽ കുഞ്ഞബ്ദുള്ള പറഞ്ഞത് സത്യം പറയാൻ ധൈര്യമുള്ള ഒരാൺകുട്ടിയെ ഭൂമിക്കു കൊടുത്തിട്ടു വേണം തനിക്കു ലോകത്തു നിന്നു മടങ്ങുവാൻ എന്ന ആഗ്രഹം കൊണ്ടായിരിക്കണം.

''അച്ഛാ അമ്മയുടെ ഈ അഴിഞ്ഞാട്ടം നിർത്തണം.''
''അമ്മ എന്തഴിഞ്ഞാട്ടമാണ് നടത്തുന്നത്?''
''അച്ഛാ ഇതു പാപമല്ലേ? വഞ്ചനയല്ലേ? അച്ഛനും ഇതിൽ പങ്കില്ലേ?''
''മോളേ സ്‌നേഹവും പ്രേമവും കാമവും ഓരോ വ്യക്തിയുടെയും അവകാശമാണ്.''
''പക്ഷേ, അതിനു ചില ന്യായങ്ങളില്ലേ? ധർമ്മങ്ങളില്ലേ?''
''ഇല്ല. ഇതിനു ന്യായവും ധർമ്മവുമില്ല. വികാരം മാത്രമാണിതിനെ നിയന്ത്രിക്കുന്നത്.''

'ലീലയും ലളിതയും ഒരു പ്രേമകഥ' എന്ന കഥയിലെ അച്ഛനും മകളും തമ്മിലുള്ള സംഭാഷണമാണിത്. മനുഷ്യബന്ധങ്ങളിലെ വൈചിത്ര്യങ്ങളിൽ യാതൊരു അമ്പരപ്പുമില്ലാതെ, അവയെല്ലാം അങ്ങേയറ്റം സ്വാഭാവികമായ കാര്യങ്ങളെന്ന നിലയിൽ അത്രയ്ക്ക് സ്വാഭാവികതയോടെയാണ് പുനത്തിൽ എഴുതിയത്. ലൈംഗികതയെക്കുറിച്ചെഴുതുമ്പോൾ താനൊരു മഹാകാര്യമെഴുതുന്ന വെപ്രാളമോ ഭയമോ നാട്യമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതൊക്കെ രേഖപ്പെടുത്താൻ അതിഭാവുകത്വത്തിന്റെയോ കടുത്ത നിറങ്ങളുടെയോ ആവശ്യവുമില്ല, വിശപ്പോ ദാഹമോ എഴുതുന്നതുപോലെ ശരീരകാമത്തെ കുറിച്ച് എഴുതപ്പെട്ടവയാണ് ആ കഥകൾ. ആധുനികതയുടെ കാലത്തെ മറ്റെഴുത്തുകാരിൽനിന്നു പുനത്തിലിനെ വ്യത്യസ്തനാക്കുന്നത് ഈ അമ്പരപ്പില്ലായ്മയാണ്.


Related Articles